കേരളാ ടൂറിസം തിരികെയെത്തിക്കാൻ ആക്ഷൻ പ്ലാൻ

കേരളാ ടൂറിസം അതിജീവനത്തിന്റെ പാതയിലാണ്. ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും കെടുതിയില്‍ വിനോദസഞ്ചാര മേഖലയും പ്രതിസന്ധിയിലായിരുന്നു. എന്നാൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ പൂർണമായും തകര്‍ന്നുപോകുന്ന സ്ഥിതി ഉണ്ടായിട്ടില്ല. നിലവിലെ പ്രതിസന്ധി നേരിടുന്നതിനും ശക്തമായി തിരിച്ചുവരുന്നതിനും ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചു.

പ്രളയം കാരണം സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികളില്‍ ഗണ്യമായ കുറവാണുണ്ടായത്. എന്നാല്‍ ഈ മാസം ആദ്യം മുതല്‍ സഞ്ചാരികള്‍ എത്തി തുടങ്ങിയിട്ടുണ്ട്. പ്രളയ ദുരിതത്തിലാണ് കേരളമെന്നത് കണക്കിലെടുത്ത് ഒട്ടേറെ പേര്‍ ഇവിടേയ്ക്ക് വരാതിരിക്കുന്ന സാഹചര്യവുമുണ്ട്. ഇൗ പ്രതിസന്ധി മറികടക്കാനാണ് ക്യാമ്പയിൻ സംസ്ഥാന ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നത്.

ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളിലൂടെയും, റോഡ് ഷോകളിലൂടെയും ശ്രദ്ധേയമായ പ്രചാരണങ്ങള്‍ നടത്താനും വിദേശത്തും സ്വദേശത്തുമുള്ള ടൂറിസം ട്രേഡ് ഫെയറുകളില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പ് വരുത്താനും പദ്ധതിയുണ്ട്. കേരളമാകെ തകര്‍ന്നുവെന്ന പ്രതീതി മാറ്റാൻ രാജ്യാന്തരതലത്തില്‍ ഡിജിറ്റല്‍ പ്രചാരണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കും. ഫാം ടൂറുകളിലൂടെയും, ബ്ലോഗ് എക്സ്പ്രസ് പോലുള്ള പരിപാടികളിലൂടെയും കേരള ടൂറിസം ശക്തമായി തന്നെ നിലനില്‍ക്കുന്നുവെന്നത് ലോകത്തെ അറിയിക്കും.

കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസത്തിലൂടെ പ്രതിവര്‍ഷം ശരാശരി 10 ലക്ഷത്തോളം വിദേശ സഞ്ചാരികളും, ഒന്നരക്കോടിയോളം ആഭ്യന്തര സഞ്ചാരികളും കേരളം സന്ദര്‍ശിക്കാറുണ്ട്. 2017 ലെ കണക്ക് പ്രകാരം മുപ്പത്തിനാലായിരം കോടി (34000) രൂപയാണ് ടൂറിസത്തില്‍ നിന്ന് കേരളത്തിന് ലഭിച്ച മൊത്ത വരുമാനം. മുന്‍വര്‍ഷത്തേക്കാള്‍ 12.56 ശതമാനം കൂടുതല്‍. എണ്ണായിരം കോടി രൂപയുടെ വിദേശനാണ്യമാണ് ടൂറിസത്തിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്നത്. 15 ലക്ഷത്തോളം പേരാണ് സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്.

12 വര്‍ഷത്തിന് ശേഷം നീലക്കുറിഞ്ഞി പൂക്കുന്ന വേളയിലാണ് ദുരന്തം വന്നത്. നീലക്കുറിഞ്ഞി പൂക്കുന്നതിനോട് അനുബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വലിയ തോതിലുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പും സര്‍ക്കാരും സ്വീകരിച്ചിരുന്നു. വിപുലമായ പ്രചാരണ പരിപാടികള്‍ രാജ്യത്തിനകത്തും പുറത്തും സംഘടിപ്പിച്ചു. 10 ലക്ഷത്തോളം വിനോദസഞ്ചാരികളെ നീലക്കുറിഞ്ഞി വസന്തം കാണാന്‍ മൂന്നാറില്‍ പ്രതീക്ഷിച്ചു. എന്നാൽ പ്രളയം എല്ലാത്തിനും വിലങ്ങുതടിയായി. ഇപ്പോൾ കേരളത്തിന്റെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും തിരിച്ചുവരവിന്റെ പാതയിലാണ്. അത് ലോകത്തെ അറിയിച്ച് കൂടുതൽ ടൂറിസ്റ്റുകളെ കേരളത്തിലേക്കെത്തിക്കാനാണ് സമഗ്ര പദ്ധതി വഴി ലക്ഷ്യം വയ്ക്കുന്നത്.