മാറുന്നു ടൂറിസം

തിരുവനന്തപുരം∙ ചാല പൈതൃക തെരുവു പദ്ധതി അടുത്തമാസം പകുതിയോടെ നിർമാണം ആരംഭിക്കും. കിഴക്കേകോട്ട മുതൽ ആര്യശാല വരെയാണ് ആദ്യഘട്ടത്തിൽ നവീകരിക്കുക.

ഗാന്ധിപാർക്കിന് എതിർവശത്തു നിന്നു ചാലയിലേക്കു കടക്കുന്ന ഭാഗത്തു കിഴക്കേ കോട്ടയുടെ മാതൃകയിൽ പ്രവേശന കവാടവും ഒരുക്കും. ചരിത്രം ആലേഖനം ചെയ്യുന്ന ചിത്രമതിലുകൾ, മേൽക്കൂരയുള്ള നടപ്പാതകൾ എന്നിവയും നിർമിക്കും.

സഭാപതി, ആര്യശാല, മരക്കട, കൊത്തുവാൽ, മലക്കറിക്കട, കരുപ്പട്ടിക്കട, വലിയശാല എന്നിവിടങ്ങളും മനോഹരമാകും. പൈതൃകം ചോരാത്ത രീതിയിലാകും നവീകരണം..

ഗതാഗതക്കുരുക്ക് ആണ് ചാല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ഇതിനു പരിഹാരം കാണുന്നതിനു കേന്ദ്രീകൃത പാർക്കിങ് കേന്ദ്രങ്ങൾ സജ്ജീകരിക്കും .പൈതൃക കെട്ടിടങ്ങളെല്ലാം തനിമ ചോരാതെ നവീകരിക്കും. ചാല റോഡുകൾ ടാർ മാറ്റി ടൈൽ പാകും.

കിഴക്കേകോട്ടയിൽ നിന്നാണു പ്രധാന പ്രവേശന കവാടം. വൈദ്യുതി, കുടിവെള്ളം, ഡ്രെയിനേജ് സംവിധാനങ്ങളുടെ ലൈനുകളെല്ലാം ഭൂമിക്കടിയിലൂടെയാക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകളുടെ ശൃംഖലയും രൂപരേഖ ശുപാ‍ർശ ചെയ്യുന്നു.സാധനം വാങ്ങാനെത്തുന്നവർക്കു മഴ നനയാതെ കയറി നിൽക്കാനുള്ള വരാന്തകളും ഇരിപ്പിടങ്ങളും നിർമിക്കും. രാവിലെയും രാത്രിയും നിശ്ചിത സമയത്തിനു ശേഷം മാത്രമേ ചാലയ്ക്കുള്ളിൽ വാഹനം അനുവദിക്കൂ.  

പദ്ധതികൾ ഒറ്റ നോട്ടത്തിൽ

∙ആക്കുളം ടൂറിസ്റ്റ് വില്ലേജ് നവീകരണം –  9.34 കോടി രൂപ

∙ചാല പൈതൃകത്തെരുവ് പദ്ധതി – 9.98 കോടി

∙കനകക്കുന്ന് കൊട്ടാരവികസനപദ്ധതി - 9 കോടി

∙കോവളം സമുദ്ര, ഗ്രോവ് ബീച്ചുകളുടെ നവീകരണം –9.90 കോടി

∙വേളിയിൽ   കൺവൻഷൻ സെന്റർ – 9.98 കോടി

∙വർക്കല ബീച്ച് ടൂറിസം വികസനം –  8.99 കോടി

∙വേളി ടൂറിസ്റ്റ് വില്ലേജിലെ അർബൻ പാർക്ക് വികസനം –  4.99 കോടി

∙വേളി ഇക്കോ പാർക്ക് പദ്ധതി – 4.78 കോടി

∙ശംഖുമുഖം ബീച്ച് നവീകരണം, അർബൻ പ്ലാസ വികസനം – 4.62 കോടി