പൊന്മുടിയിൽ കെടിഡിസിക്ക് പുതിയ 15 കോട്ടേജുകൾ

തിരുവനന്തപുരം∙ പൊന്മുടിയുടെ സൗന്ദര്യം നുകരാൻ പുതിയ കോട്ടേജുകളുമായി കെടിഡിസി. കെടിഡിസിയുടെ ഗോൾഡൻ പീക്ക് ഹിൽ റിസോർട്ടിലാണ് പുതിയ 15 കോട്ടേജുകൾ ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള 14 കോട്ടേജുകൾക്കു പുറമെയാണ് 3.2 കോടി രൂപ മുടക്കി പുതിയവ പണിതത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാളെ ഉദ്ഘാടനം നിർവഹിക്കും. 1500 രൂപ മുതൽ 3600 രൂപ വരെയാണ് കോട്ടേജുകളുടെ നിരക്ക്. 

നാലുപതിറ്റാണ്ടു മുൻപ് പ്രശസ്ത വാസ്തുശിൽപി ലാറി ബേക്കറിന്റെ നേതൃത്വത്തിലാണ് ഗോൾഡൻ പീക്ക് രൂപകൽപന ചെയ്തത്. അതേ കോംപൗണ്ടിലാണ് കേരളീയമാതൃകയിലുള്ള പുതിയ കോട്ടേജുകൾ.  ഇതിൽ അഞ്ചെണ്ണം പൊന്മുടി താഴ്‌വരയുടെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കാൻ പറ്റുന്ന രീതിയിലാണു നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയിൽ നിന്നുതന്നെ താഴ്‌വരയുടെ ഭംഗി കാണാം.

നേരത്തെ 2200 രൂപ മുതലായിരുന്നു കോട്ടേജുകളുടെ നിരക്ക്. ഇത് 1500 രൂപയായി കുറച്ചു. സാധാരണക്കാരായ വിനോദസഞ്ചാരികൾക്കു കൂടി റിസോർട്ടിൽ താമസസൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു നിരക്കു കുറച്ചത്. പുതിയ കോട്ടേജുകൾക്ക് ശരാശരി 3000 രൂപയായിരിക്കും നിരക്ക്. അവധിദിവസങ്ങളിൽ ഇത് 3600 രൂപ വരെയാകും. 

പഴയ കോട്ടേജുകളുടെ സൗന്ദര്യവൽക്കരണവും ഉടൻ തുടങ്ങും. പൊന്മുടിയിലെത്തുന്ന കുടുംബങ്ങൾക്കായി ഹോട്ട് വാട്ടർ സ്വിമ്മിങ് പൂളും കുട്ടികൾക്കുള്ള കളിസ്ഥലവും  നിർമിക്കാനും കെടിഡിസിക്ക് പദ്ധതിയുണ്ട്. ഗോൾഡൻ പീക്കിനും പൊലീസ് സ്റ്റേഷനും സമീപത്തായി പുതിയ ഗെസ്റ്റ് ഗൗസിന്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്. പഴയ ഗെസ്റ്റ് ഹൗസിനോടു ചേർന്നു പുതിയ മുറികളുടെ നിർമാണം പൂർത്തിയായി മാസങ്ങളായെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ ഇതുവരെ തുറന്നുകൊടുത്തിട്ടില്ല.

FROM ONMANORAMA