നക്ഷത്ര തടാകം മെഗാ കാർണിവൽ; പുതുവത്സരാഘോഷം ഇന്ന്

മലയാറ്റൂര്‍ ‘നക്ഷത്ര തടാകം’ മെഗാ കാര്‍ണിവലില്‍ പുതുവല്‍സരത്തെ വരവേറ്റ് ഇന്ന് അഗ്നിക്കിരയാക്കുന്ന 60 അടി ഉയരമുള്ള പപ്പാഞ്ഞി.മൂലൻസ് ഫൗണ്ടേഷൻ ചെയർമാൻ വർഗീസ് മൂലൻ വിശിഷ്ടാതിഥിയാകും. തുടർന്നു മൂലൻസ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന കലാ വിരുന്ന് ‘നക്ഷത്ര തിളക്കം ’ അരങ്ങേറും. അർധരാത്രിയാകുമ്പോൾ ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ പപ്പാഞ്ഞിയെ കത്തിച്ചു പുതുവൽസരത്തെ വരവേൽക്കും. മലയടിവാരത്തു 60 അടി ഉയരമുള്ള പപ്പാഞ്ഞിയെയാണു നിർമിച്ചിരിക്കുന്നത്.

ഇലക്ട്രിക് റിമോട്ട് കൺട്രോൾ സിസ്റ്റം ഉപയോഗിച്ചാണു പപ്പാഞ്ഞിക്കു തീ കൊളുത്തുന്നത്. ഒരാഴ്ചയായി സന്ദർശകരെ ആകർഷിച്ചിരുന്ന പപ്പാഞ്ഞി സെക്കൻഡുകൾക്കിടയിൽ അഗ്നിയിൽ അമരും. വർണ നക്ഷത്രങ്ങളും വൈദ്യുതി ദീപാലങ്കാരങ്ങളും കലാസന്ധ്യകളും വിനോദവും വിപണനവും കണ്ണിനും കാതിനും ഇമ്പവുമായി നക്ഷത്ര തടാകം സന്ദർശകരുടെ ഹൃദയം കീഴടക്കിയിരുന്നു.

110 ഏക്കർ വിസ്തൃതിയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന മണപ്പാട്ടുചിറയ്ക്കു ചുറ്റും തൂക്കിയ 11,018 നക്ഷത്രങ്ങളാണു നക്ഷത്ര തടാകത്തിന്റെ മുഖ്യ ആകർഷണം. ത്രിതല പഞ്ചായത്തുകളും മലയാറ്റൂർ ജനകീയ വികസന സമിതിയും ചേർന്നാണു നക്ഷത്ര തടാകം മെഗാ കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്.