മൈനസ് ‍ഡിഗ്രി, മഞ്ഞിൽ കുളിച്ച് മൂന്നാർ; തണുപ്പാസ്വദിച്ച് സഞ്ചാരികൾ

മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് അതിശൈത്യം, ഉണർവേകുകയാണ്. താപനില പൂജ്യത്തിന് താഴെയായതോടെ വിദേശ സഞ്ചാരികൾക്കുൾപ്പെടെ മൂന്നാറിനോടുള്ള പ്രിയമേറി. പച്ചവിരിച്ച പുൽമേടുകളെല്ലാം അതിശൈത്യം അടയാളമിട്ട് കഴിഞ്ഞു. സിനിമാഫ്രെയിമുകളിൽ കണ്ടു മറഞ്ഞ വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധം മൂന്നാറും മാറിയിരിക്കുന്നു.

അക്ഷരാർഥത്തിൽ മഞ്ഞിൽ കുളിച്ച് നിൽക്കുകയാണ് മൂന്നാർ. ഇന്നലെയും താപനില പൂജ്യത്തിന് താഴെ. എങ്ങും മഞ്ഞുറഞ്ഞ കാഴ്ചകൾ. ഇൗ സുന്ദരകാഴ്ചകൾ ആസ്വദിക്കാനായി ഒട്ടേറെപ്പേർ മൂന്നാറിലേക്ക് എത്തുന്നു. പച്ചവിരിച്ച പുൽമേടുകളും മൊട്ടക്കുന്നുകളും മഞ്ഞിൽ കുളിച്ച് ശുഭ്ര വർണമായിരുന്നു. അതിശൈത്യത്തിലും തണുപ്പിന്റെ ലഹരിയറിയാനും മഞ്ഞണിഞ്ഞ കഴ്ചകൾ കാമറയിലൂടെ പകർത്താനും സഞ്ചാരികളുടെ തിരക്കാണ്.

കഴിഞ്ഞ കുറച്ച് ദിവസമായി മൂന്നാറിൽ താപനില പൂജ്യത്തിന് താഴെയാണ്. മൂന്നാർ ടൗൺ മൈനസ് 2 ‍ഡിഗ്രി സെൽഷ്യസ്. നല്ലതണ്ണി മൈനസ് 1, ചിറ്റുവരൈ, ചെണ്ടുവരൈ, കുണ്ടള, മാട്ടുപ്പെട്ടി മൈനസ് 3 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് തണുപ്പ്.