ആരായിരുന്നു ബിക്കിനി ഹൈക്കര്‍; യാത്രകളെ പ്രണയിച്ച മാലാഖ

ജിഗി വൂ, ആ പേരുകേട്ടാൽ ആരാണതെന്നു ഒരുനിമിഷം ചിന്തിച്ചു പോകുമെങ്കിലും 'ബിക്കിനി ഹൈക്കർ' എന്ന പേര് ലോകത്തിനു സുപരിചിതമാണ്. മരണം വിളിക്കുമ്പോൾ, ഏറ്റവും കൂടുതൽ പ്രണയം തോന്നുന്നതിനെ വാരിപുണർന്നുകൊണ്ടു മരിക്കാൻ ആഗ്രഹിക്കുന്നവരെ കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ട്. യാത്രകളെ അത്രമേൽ പ്രണയിച്ച ജിഗി വൂവിനും കാലം കാത്തുവെച്ചതു അത്തരമൊരു മരണമായിരുന്നു. തനിക്കേറ്റവും പ്രിയപ്പെട്ടതു എന്താണോ അതേ കർമത്തിനിടയിൽ അതിനൊപ്പം അലിഞ്ഞുചേരുക. ഈ കഴിഞ്ഞ ദിവസങ്ങളിൽ, യാത്രകളെ സ്നേഹിക്കുന്നവരിലെല്ലാം ജിഗി വൂവിന്റെ ദുരന്തത്തിൽ ഒരു നിമിഷമെങ്കിലും നൊമ്പരപ്പെട്ടിട്ടുണ്ടാകും.

ആരായിരുന്നു ജിഗി വൂ എന്ന ഏകാന്ത സഞ്ചാരിണി? 

മാനം മുട്ടി നിൽക്കുന്ന പർവതങ്ങളെ കീഴടക്കുകയും ആ പർവ്വതാഗ്രത്തിൽ ബിക്കിനി അണിഞ്ഞുകൊണ്ടു നിന്നു ചിത്രങ്ങൾ പകർത്തുകയും അവ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുമാണ് ജിഗി വൂ പ്രശസ്തയായത്. ധാരാളം ആരാധകരെയും അവർ ഇങ്ങനെ സമ്പാദിച്ചിരുന്നു. 2018 ൽ ഫോക്കസ് തായ്‌വാൻ എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജിഗി പറഞ്ഞിരുന്നു, ഒരു സുഹൃത്തുമായി പന്തയം വെച്ചാണ് താൻ ആദ്യമായി ബിക്കിനി അണിഞ്ഞു പർവതമുകളിൽ നിന്നും ചിത്രങ്ങളെടുക്കാൻ തുടങ്ങിയതെന്ന്. പിന്നീട് അത്തരം ചിത്രങ്ങളും സെൽഫികളുമാണ് ജിഗിയെ പ്രശസ്തയാക്കിയത്.

തായ്‌വാൻ ആണ് ജിഗിയുടെ സ്വദേശം. ഹൈക്കിങ് ഒരു ഹരമായി കൊണ്ടുനടന്ന ഒരു യാത്രാപ്രേമിയായിരുന്നു അവർ. കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ നൂറോളം പർവതങ്ങളെ കീഴടക്കിയെന്നു പല അഭിമുഖങ്ങളിലും അവർ അവകാശപ്പെട്ടിരുന്നു. 36 വയസുകാരിയായ ഈ ഏകാന്ത യാത്രിക, സെൻട്രൽ യൂഷാൻ പർവതത്തിന്റെ മുകളിലേക്കുള്ള യാത്രാമധ്യേയാണ് അപകടത്തിൽപ്പെടുന്നത്. 65 അടി മുകളിൽ നിന്നും താഴേയ്ക്ക് പതിച്ച അവർക്കു കാലിനു സാരമായി പരിക്കേൽക്കുകയുമായിരുന്നു.

തായ്‌വാനിലെ ഏറ്റവും ഉയരമുള്ള പർവതമാണിത്. കഴിഞ്ഞ 25 ദിവസമായി തനിച്ചു യാത്ര ചെയ്യുകയായിരുന്നു അവർ. ആ യാത്രയുടെ ലക്‌ഷ്യം തനിക്കുമുമ്പിൽ ഉയർന്നു നിൽക്കുന്ന കൊടുമുടികളെ തന്റെ കാൽചുവട്ടിലാക്കുക എന്നതായിരുന്നു. യാത്രകൾ തനിച്ചായതുകൊണ്ടു തന്നെ എല്ലാ മുൻകരുതലുകളും സ്വീകരിക്കാറുള്ള ജിഗി താൻ അപകടത്തിൽപ്പെട്ട വിവരം യഥാസമയം രക്ഷാപ്രവർത്തകരെ അറിയിച്ചുവെങ്കിലും മോശമായ കാലാവസ്ഥയെ തുടർന്ന് രക്ഷാപ്രവർത്തനം താമസിച്ചു.

രക്ഷിക്കാനായി മൂന്നു തവണ ഹെലികോപ്റ്റർ എത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ 28 മണിക്കൂറിനു ശേഷം ജിഗിയെ കണ്ടെത്തുമ്പോഴേക്കും ആ ശരീരം മഞ്ഞിലുറഞ്ഞു പോയിരുന്നു. ഹൈക്കിങ്ങിൽ ഏറെ പരിചയസമ്പത്തുണ്ടായിരുന്ന ജിഗിയ്ക്കു ഇത്തരത്തിൽ ഒരു ദുരന്തം എങ്ങനെ സംഭവിച്ചു എന്ന ആശങ്കയിലാണ് ഇപ്പോഴും അവരുടെ ആരാധകർക്കെല്ലാം.

ജനുവരി 18 നാണു ജിഗി അവസാനമായി ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പർവ്വതാഗ്രത്തിൽ... മേഘങ്ങളെ തൊട്ടുകൊണ്ടുള്ള ജിഗിയുടെ ജീവസുറ്റ ചിത്രങ്ങൾ, അവരിലെ സഞ്ചാരിയ്ക്കു മരണമില്ല എന്ന് എക്കാലവും ഓർമിപ്പിച്ചുകൊണ്ടേയിരിക്കും.