വിസയില്ലാതെ സഞ്ചരിക്കാൻ പറ്റിയ പത്തു രാജ്യങ്ങൾ

അവധികിട്ടിയാൽ യാത്രപോകാനാണ് മിക്കവരും പ്ലാൻ ചെയ്യുന്നത്. തിരക്കിട്ട ജീവിതത്തിൽ നിന്നും മനസ്സിനെ ശാന്തമാക്കാന്‍ ചെറുയാത്രകളും കാഴ്ചകളുമൊക്കെ നല്ലതാണ്. കുട്ടികളും കുടുംബവുമായി അടിച്ചുപൊളിച്ചൊരു യാത്ര. കേരളത്തിനുള്ളിലുള്ള സ്ഥലം കണ്ടുമടുത്തോ? എങ്കിൽ ഇത്തവണ ഇന്ത്യക്ക് പുറത്തുള്ള കാഴ്ചകളിലേക്ക് പോകാം. ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന പലർക്കും വിലങ്ങുതടിയാകുന്ന ഒന്നാണ് വീസ പ്രശ്‍നങ്ങൾ. പല കടമ്പകളിൽ കൂടി കടന്നാൽ മാത്രമേ മിക്ക രാജ്യങ്ങളും അവരുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നൽകാറുള്ളൂ. ബുദ്ധിമുട്ടുകൾ ചിന്തിക്കുമ്പോൾ വീസയില്ലാതെ യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. ഇന്ത്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാൻ പറ്റിയ പത്തു രാജ്യങ്ങളെ അറിയാം.

മക്കാവു

മക്കാവു, തൈപ്പ, കൊളോണ്‍ എന്നീ മൂന്നു ചെറുദ്വീപുകള്‍ ചേര്‍ന്ന മക്കാവു ചൂതാട്ടങ്ങളുടെ നാടാണ്. അഞ്ചു ലക്ഷത്തിൽ താഴെ ജനസാന്ദ്രതയുള്ള മക്കാവു ലോകത്തിലെ നാലാമത്തെ ചെറിയ രാജ്യമാണ്. വലുപ്പം ചെറുതാണെങ്കിലും കാഴ്ചകൾ ഒരുപാടാണ്. നടന്നുനീങ്ങിയാലും കണ്ടുതീരാത്തത്രയും ചൂതാട്ടകേന്ദ്രങ്ങളുണ്ട്. മക്കാവു രാത്രികൾ ശാന്തമാണ്.

രാത്രി പതിനൊന്നു മണിയോടുകൂടി മക്കാവു നഗരം ഉറക്കത്തിലാഴും. ചൂതാട്ടത്തിനു പേരു കേട്ട രാജ്യത്ത് ബഹളങ്ങളെല്ലാം കാസിനോകളുടെ ഉള്ളിലാണ്. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ലക്ഷങ്ങള്‍ മറിയുന്ന ഇടങ്ങള്‍. വിനോദസഞ്ചാരത്തിലും മുന്നിട്ട് നിൽക്കുന്ന ഇവിടെ നിരവധി ഹോട്ടലുകുളും, റിസോർട്ടുകളും, സ്റ്റേഡിയങ്ങളും, റെസ്റ്റൊറാന്റുകളുമുണ്ട്.

കുക്ക് ദ്വീപുകൾ

പേരിലെ വൈവിധ്യം പോലെ തന്നെ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് കുക്ക് ദ്വീപുകൾ. 15 ദ്വീപുകളുടെ ഒരു സമൂഹമാണ് ഇവിടം. ഓരോ ദ്വീപിലും വ്യത്യസ്തമായ സംസ്കാരങ്ങളും ആചാരങ്ങളും ജീവിതരീതികളും അവരുടേതായ ഭരണരീതികളും ഭാഷകളുമൊക്കെയാണ്. ന്യൂസിലന്‍ഡിനോട് അധികം ദൂരെയല്ലാതെ കിടക്കുന്ന ഈ പ്രദേശം സ്കൂബ ഡൈവിങ്ങിന് പറ്റിയയിടമാണ്.

കുക്ക് ദ്വീപിലെ കാഴ്ചകൾ സ്വന്തമാക്കാനായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇവിടെ മറ്റു ടൂറിസം ഹോട്ട് സ്പോട്ടുകളെപ്പോലെ വലിയ ഹോട്ടലുകളൊന്നുമില്ല. എങ്കിലും സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ഏറെ മുന്നിലാണ് ദ്വീപ് നിവാസികള്‍. നീലനിറമുള്ള സമുദ്രതീരത്ത് ഒരുക്കിയിരിക്കുന്ന കുടിലുകളില്‍ രാത്രി ചെലവിടാം. ടൂറിസം തന്നയാണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗം. ററോടോങ്കയാണ് പ്രധാന സ്ഥലം. ഏറ്റവുമധികം ജനസംഖ്യയുള്ളതും ഇവിടെയാണ്. രാജ്യാന്തര വിമാനത്താവളവും ഇവിടെയാണ്.

സമോവ

കടൽത്തീരങ്ങളും പാറക്കൂട്ടങ്ങളും അതിരിടുന്ന സമോവ ദ്വീപുകൾ ആരെയും ആകർഷിക്കും. ദക്ഷിണ പസിഫിക്കിലെ മറ്റൊരു ദ്വീപാണിത്. പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടങ്ങളും സുന്ദരകാഴ്ചകളുമൊക്കെ സമോവാന്‍ യാത്രക്ക് പകിട്ടേകും. ഹവായ്‌ക്കും ന്യൂസിലൻഡിനും ഇടയിലായാണ് സമോവൻ ദ്വീപുകൾ നിലകൊള്ളുന്നത്. പവിഴപ്പുറ്റുകളും മല്‍സ്യങ്ങളും നിറഞ്ഞയിവിടം സഞ്ചാരികളുടെ പറുദീസയാണ്.

ജോർദാൻ

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകൾക്ക് മധ്യത്തിലുള്ള ജോർദാൻ. കാഴ്ചകൾ കൊണ്ടും വൈവിധ്യം നിറഞ്ഞ രുചികൂട്ടുകൊണ്ടും പ്രശസ്തമാണ് ജോർദാൻ. സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രം പെട്രയാണ്. കല്ലുകളുൽ കൊത്തിയെടുത്ത വിസ്മയമാണ് പെട്ര. പാറകളിലെ ചിത്രപണികളും കൊത്തുപണികളും ആരെയും ആകർഷിക്കും.

പ്രകൃതിയുടെ മനോഹര കരവിരുതുകള്‍ക്കു പുറമെ ചുരുങ്ങിയത്  പതിനഞ്ചോളം പൗരാണിക ശേഷിപ്പുകള്‍ അവിടെ കാണാം. ജോർദാനിലെ പ്രധാന വരുമാനമാർഗം ടൂറിസമാണ്. ജോർദാനിലേക്ക് പോകുവാൻ ഇന്ത്യകാർക്ക് വിസ മുൻകൂട്ടി എടുക്കേണ്ടതില്ല.ഒാൺ അറൈവൽ വിസ ലഭിക്കും.

ഭൂട്ടാൻ

ഏറ്റവും സന്തോഷവും ആനന്ദവുമുള്ള നാടാണ് ഭൂട്ടാൻ. പ്രത്യേകതകൾ ഒരുപാടാണ് ഇൗ സ്വപ്ന നഗരത്തിന്. സന്തോഷത്തിന്റെ നഗരം എന്ന പെരുമയ്ക്ക് പിന്നിൽ ഇവിടുത്ത ജനങ്ങളുടെ സന്തോഷകരമായ ജീവിതവും സുന്ദരകാഴ്ചകളുമൊക്കെയാണ്. ഇവയൊക്കെയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഭൂട്ടാനിലെ വിമാനത്താവളമായ പാറോയിൽ നിന്നും ഒരു മണിക്കൂറോളം യാത്രയുണ്ട് തലസ്ഥാനമായ തിംബുവിലേക്ക്.

അവിടെ സഞ്ചാരികളെ കാത്തിരിക്കുന്ന നിരവധി കാഴ്ചകളിലൊന്നാണ് ബുദ്ധ പോയിന്റ്. അവിടെ നിന്നും മൂന്നു മണിക്കൂറോളം യാത്ര ചെയ്താൽ, പുനാഖയിലെത്തി ചേരാം. ഹിമാലയത്തിന്റെ മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ഡോച്ചുലാ പാസ്, വാസ്തുവിദ്യയുടെയും തച്ചു ശാസ്ത്രത്തിന്റെയും അസാധാരണ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന പുനാഖ ഡോങ്, വാങ്‌ഡോ ഫൊദ്രങ്, ട്രെക്കിങ്ങ് പ്രിയർക്കായി ടാക്ട്സാങ് അല്ലെങ്കിൽ ടൈഗർസ് നെസ്റ്റ് മോണാസ്റ്ററി എന്നിവയെല്ലാം ഭൂട്ടാനിലെ മനസ്സുനിറയ്ക്കുന്ന കാഴ്ചകളാണ്.

ഹോങ്കോങ്ങ്

പതിനാലു ദിവസം വരെ ഇന്ത്യക്കാർക്ക് സൗജന്യ വീസയിൽ താമസിക്കാൻ കഴിയുന്ന രാജ്യമാണ് ഹോങ്കോങ്ങ്. ആകാശംമുട്ടുന്ന നിരവധി കെട്ടിടങ്ങളും നൈറ്റ് മാർക്കറ്റുകളും ഡിസ്‌നി ലാൻഡും രുചികരമായ ഭക്ഷണവും നൽകുന്ന ഈ നാടിനോട് പൊതുവെ സഞ്ചാരികൾക്കൊക്കെ ഏറെ പ്രിയമാണ്. ഷോപ്പിങ്ങ് ഇഷ്ടപ്പെടുന്നവരുടെ സ്വർഗമെന്നാണ് ഹോങ്കോങ് അറിയപ്പെടുന്നത്. അത്രയേറെ വ്യത്യസ്തമാണ് ഇവിടുത്തെ മാർക്കറ്റുകൾ.

ഹോങ്കോങ്ങിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന ഉയരം കൂടിയ കെട്ടിടങ്ങൾ, പാർട്ടികളോട് താൽപര്യമുള്ളവർക്കായി 90 പബ്ബുകളും ക്ലബ്ബുകളും റെസ്റ്റോറന്റുകളുമുള്ള ലാൻ ക്വയ്‌ ഫൊങ്, ഏതുപ്രായത്തിലും ആസ്വദിക്കാൻ കഴിയുന്ന ഡിസ്നി ലാൻഡിലെ കാഴ്ചകളുമൊക്കെ ഹോങ്കോങ്ങിലെത്തുന്ന സഞ്ചാരികൾക്കായുള്ള കാഴ്ചകളാണ്.

മൗറീഷ്യസ്

വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദർശിക്കാൻ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ ഒരു രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ പൗരത്വമുള്ളവർക്ക് സന്ദർശന സമയത്ത് വീസ നൽകുന്നതാണ്. അതിനായി സന്ദർശകരുടെ കൈവശം പാസ്‌പോർട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസിൽ താമസിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളും രുചികരമായ കടൽ മൽസ്യ വിഭവങ്ങളും കഴിക്കാമെന്നു തന്നെയാണ് മൗറീഷ്യസിന്റെ ഏറ്റവും വലിയ പ്രത്യേകത.

നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകൾ കൊണ്ട് മാത്രമല്ല പ്രശസ്തമായത്. മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലകയറ്റ പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ് മൗറീഷ്യസ്. ഇന്നാട്ടിലെ പ്രധാന ദേശീയോദ്യാനമാണ് ബ്ലാക്ക് റിവർ ഗോർജസ്, നിരവധി സസ്യ, മൃഗജാലങ്ങളെ ഇവിടെ കാണാവുന്നതാണ്. ട്രൗ ഔസ് സർഫസ് എന്നറിയപ്പെടുന്ന നിർജീവമായ അഗ്നിപർവതവും കോളനി ഭരണത്തിന്റെ ഭൂതകാലം പേറുന്ന യുറേക്ക ഹൗസുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കും.

നേപ്പാൾ 

ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാൾ ആകർഷകമായ നിരവധി കാഴ്ചകൾ നിറഞ്ഞ ഭൂമിയാണ്. പാസ്പോർട്ടോ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയോ കയ്യിലുണ്ടെങ്കിൽ, യാതൊരു തടസങ്ങളുമില്ലാതെ സന്ദർശിക്കാൻ കഴിയുന്ന രാജ്യമാണിത്. വിമാനമാർഗമല്ലാതെ, റോഡു മാർഗവും നേപ്പാളിലേക്ക് എത്തിച്ചേരാവുന്നതാണ്.

സഞ്ചാരികളുടെ മനസ്സുകീഴടക്കുന്ന ഒരുപാട് കാഴ്ചകൾ നേപ്പാളിന്‌ സ്വന്തമായുണ്ട്. ബാഗ്മതി നദിക്കു സമീപത്തു സ്ഥിതി ചെയ്യുന്ന പശുപതിനാഥ ക്ഷേത്രം, ഹൈന്ദവ വിശ്വാസികൾ വളരെ പരിപാവനമായി കാണുന്ന ഒന്നാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടമുള്ള ഭക്തപൂർ ഡർബാർ സ്ക്വയർ, ഭക്തപൂർ രാജവംശത്തിലെ കല, ചരിത്രം, സംസ്കാരം എന്നിവയെക്കുറിച്ചെല്ലാം അറിയാൻ കഴിയും. സാഹസികരായ യാത്രികരെയും ഒട്ടും നിരാശപ്പെടുത്തില്ല നേപ്പാൾ. അന്നപൂർണ സർക്യൂട്ട്, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ട്രെക്കിങ്ങ് പാതകളിലൊന്നാണ്. ഒക്ടോബർ - നവംബർ മാസങ്ങളാണ് ട്രെക്കിങ്ങിന് അനുയോജ്യം. ഉറപ്പിച്ചു പറയാം. അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും മികച്ചയിടങ്ങളിലൊന്നാണ് നേപ്പാൾ.

കംബോഡിയ

ലോക പ്രശസ്തമായ അങ്കോർവാത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാടാണ് കംബോഡിയ. ഇന്ത്യൻ പൗരന്മാർക്ക് മുപ്പതു ദിവസത്തേക്ക് വീസ നൽകുന്ന രാജ്യമാണിത്. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിലിടമുള്ള അങ്കോർവാത് ക്ഷേത്രത്തിലാണ് കംബോഡിയയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്.

ഇന്നാട്ടിലെ പ്രധാന കാഴ്ചകളിൽ ഇടമുള്ളയിടങ്ങളാണ് ഫ്നോം പെന്നിലെ റോയൽ പാലസ്. ഖമർ വാസ്തുവിദ്യയുടെ ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ് ഈ കൊട്ടാരം. അതുപോലെതന്നെ കംബോഡിയയിലെ രാജവാഴ്ചയെക്കുറിച്ചു മനസിലാക്കാനുള്ള അവസരവും സഞ്ചാരികൾക്കുണ്ട്.

ലാവോസ്

അയൽ രാജ്യങ്ങളാൽ കോട്ട കെട്ടപ്പെട്ടു കിടക്കുന്ന രാജ്യമാണ് ലാവോസ്. പ്രകൃതിയോടു ചേർന്നുള്ള യാത്രാനുഭവമാണ് സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗുഹാ നദി  ലാവോസിലാണ്. ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാൻ പറ്റിയയിടമാണിവിടം. കാടിന്റെ ഭംഗി നേരിട്ടു കാണാൻ ആഗ്രഹിക്കുന്നവർക്ക് ദ് ലൂപ് എന്ന പേരിലുള്ള റോഡിലൂടെ ബൈക്ക് സവാരിയും നടത്താം.

നം നോട്ട് നദിയിലൂടെ ബോട്ട് സവാരി, മീൻ പിടുത്തം, ക്യാംപ് ഫയർ, നദീ തീരത്ത് അന്തിയുറക്കം... ഇങ്ങനെ പ്രകൃതിയുമായി ചേർന്നുള്ള ഒഴിവുകാലമാണ് ലാവോസ് വാഗ്ദാനം ചെയ്യുന്നത്. യാത്രയ്ക്ക് ഏറ്റവും അനുയോജ്യം  ഒക്ടോബർ – ഏപ്രിൽ മാസങ്ങളാണ്. ലാവോസ് സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വീസ ആവശ്യമില്ല. വീസ ഓൺ അറൈവൽ പ്രകാരം 30 ദിവസം വരെ വീസയില്ലാതെ ലാവോസിൽ താമസിക്കാം. ആറുമാസം വാലിഡിറ്റിയുടെ ഇന്ത്യൻ പാസ്പോർ‌ട്ട് കരുതണം.