ഈ രാജ്യങ്ങളിൽ എത്തിയാൽ എയർപോർട്ടിൽ നിന്ന് വിസ എടുക്കാം, ചിലവ് 4500 രൂപ വരെ

മനോഹരമായ കാഴ്ചകളാൽ സമ്പന്നമായ നിരവധി രാജ്യങ്ങൾ ഭൂലോകത്തുണ്ട്. അവിടെയെല്ലാം പോകണമെന്ന് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ വീസ പ്രശ്നങ്ങളും പണച്ചെലവും പലരെയും പിന്തിരിപ്പിക്കും. എന്നാൽ ചില രാജ്യങ്ങളുണ്ട്, വീസക്കായി  അധിക പണം ചെലവഴിക്കാതെ കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്നവ. അവയേതൊക്കെയെന്നറിയേണ്ടേ? 

ഓരോ രാജ്യത്തിന്റെയും പാസ്പോർട്ടിന് ഓരോ റാങ്കു നല്‍കപ്പെട്ടിട്ടുണ്ട്. ഈ റാങ്കിന്റെ അടിസ്ഥാനത്തിലാണ് അതാത് രാജ്യത്തെ പൗരന്മാർക്ക് വീസയില്ലാതെയും മുൻ‌കൂർ വീസ സ്വന്തമാക്കിയും വീസ ഓൺ അറൈവലിന്റെ അടിസ്ഥാനത്തിലും ഏതൊക്കെ രാജ്യങ്ങൾ സന്ദർശിക്കാമെന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

ശ്രീലങ്ക

ഈ പട്ടികയിൽ മുന്നിൽ സിംഗപ്പൂരാണ്. ഇന്ത്യയുടെ സ്ഥാനം 66 ആണ്. ഇന്ത്യൻ പൗരന്മാർക്കു വീസയില്ലാതെ  25 രാജ്യങ്ങളിലേക്കും വീസ ഓൺ അറൈവൽ പ്രകാരം 41 രാജ്യങ്ങളിലേക്കും സഞ്ചരിക്കാം. 132 രാജ്യങ്ങളിലേക്കു വീസ ലഭിച്ചതിനു ശേഷം മാത്രമേ യാത്ര അനുവദിക്കപ്പെടുന്നുള്ളു. വീസ ഓൺ അറൈവൽ പ്രകാരം സഞ്ചരിക്കാവുന്ന രാജ്യങ്ങളിലേക്കു കുറഞ്ഞ ചെലവിൽ യാത്ര പോകാം. അങ്ങനെയുള്ള കുറച്ചു രാജ്യങ്ങളെ പരിചയപ്പെടാം. 

ശ്രീലങ്ക 

മനോഹരമായ ദ്വീപ് രാഷ്ട്രം. സുന്ദരമായ കാഴ്ചകൾ, മാത്രമല്ല, ഇന്ത്യയിൽനിന്ന് എളുപ്പം എത്തിച്ചേരാവുന്ന അയൽരാജ്യം. നമ്മുടെ പുരാണങ്ങളിൽ ഇത്രയധികം സ്ഥാനം ലഭിച്ചിട്ടുള്ള മറ്റൊരു രാജ്യമില്ല. ആഭ്യന്തര പ്രശ്നങ്ങൾ കൊണ്ട് കലുഷിതമായിരുന്നുവെങ്കിലും ശ്രീലങ്കയിലെ വിനോദസഞ്ചാരത്തെ അതൊന്നും അത്രയേറെ ബാധിച്ചിട്ടില്ല. ഗല്ലെ, കാൻഡി, ജാഫ്‌ന, നുവാര എലിയ എന്നിങ്ങനെ ആരെയും വശീകരിക്കുന്ന കൊച്ചുകൊച്ചു നഗരങ്ങൾ നിരവധിയുണ്ട് ശ്രീലങ്കയിൽ.

ശ്രീലങ്ക സന്ദർശിക്കാൻ ഇന്ത്യൻ പൗരന്മാർക്കു വീസയ്ക്ക് 1500 രൂപയാണ് ഫീസ്. അതായത് 20 അമേരിക്കൻ ഡോളർ. മുപ്പതു ദിവസമാണ് കാലാവധി. ശ്രീലങ്ക സന്ദർശിക്കുന്നതിന് ഉചിതമായ സമയം ഡിസംബർ മുതൽ മാർച്ച് വരെയാണ്. ശ്രീലങ്കയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള മലനിരകളും കിഴക്കൻ തീരങ്ങളും ഏറ്റവും സുന്ദരമായി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് ഈ സമയത്താണ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ കിഴക്കൻ തീരങ്ങളിലേക്കുള്ള സന്ദർശനത്തിന് ഉചിതമാണ്. എങ്കിലും വർഷത്തിലെ ഏതുസമയത്തും ശ്രീലങ്ക സന്ദർശിക്കാം. വര്‍ഷം മുഴുവൻ ഒരേ താപനിലയും കാലാവസ്ഥയും തന്നെയാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത. 

തായ്‌ലൻഡ്  

ബീച്ചുകളുടെ സൗന്ദര്യമാണ് തായ്‌ലൻഡിലേക്കു സഞ്ചാരികളെ വശീകരിക്കുന്നത്. പടോങ്, കോഹ് സാമുയി, ക്രാബി എന്നിവയെല്ലാം ആ നാട്ടിലെ അതിമനോഹരങ്ങളായ ബീച്ചുകളാണ്.

തായ്‌‌‌‌ലാൻഡ്

മാത്രമല്ല, പട്ടായ, ഹുവാ ഹിൻ, ചിയാങ് രായ്, ചിയാങ് മായ് എന്നിവയെല്ലാം ധാരാളം സഞ്ചാരികളെത്തുന്ന ഇടങ്ങളാണ്. 2000 ബാത്ത് ആണ് തായ്‌ലൻഡ് സന്ദർശനത്തിനായി ഈടാക്കുന്ന വീസ തുക. 2000 ബാത്തെന്നാൽ ഏകദേശം 4500 ഇന്ത്യൻ രൂപ വരും. 15 ദിവസം വരെയാണ് ഈ വീസയുടെ കാലാവധി. നവംബര്‍ മുതൽ മാർച്ച് വരെയാണ് തായ്‌ലൻഡ് സന്ദർശനത്തിന് ഉചിതം. 

കംബോഡിയ 

അങ്കോർ വാറ്റ് പോലുള്ള നിരവധി ക്ഷേത്രങ്ങളും പഗോഡകളും ബീച്ചുകളുമൊക്കെയാണ് കംബോഡിയയുടെ സൗന്ദര്യം. ലോകത്തിലെ ഏറ്റവും വലിയ ദേവാലയം എന്ന പേരുണ്ട് അങ്കോർ വാട്ടിന്. മനോഹരമായ വാസ്തുശില്പ ശൈലിയിൽ പണിതീർത്തിരിക്കുന്നതു കൊണ്ടുതന്നെ കംബോഡിയയിൽ എത്തുന്ന ബഹുഭൂരിപക്ഷം സഞ്ചാരികളും ആദ്യമെത്തുക ഈ ക്ഷേത്രത്തിന്റെ അനിർവചനീയമായ സൗന്ദര്യം ആസ്വദിക്കാനായിരിക്കും.

അങ്കോർ വാറ്റ് ക്ഷേത്രം മാത്രമല്ല, രാജ്യ തലസ്ഥാനമായ നോം പെന്നിൽ സ്ഥിതി ചെയ്യുന്ന പഗോഡകളും ക്ഷേത്രങ്ങളുമൊക്കെ സഞ്ചാരികളെ ആകർഷിക്കും. രണ്ടു നദികളുടെ സംഗമ സ്ഥാനമാണ് രാജ്യതലസ്ഥാനം. അതുകൊണ്ടുതന്നെ ഭൂരിപക്ഷം ആരാധനാലയങ്ങൾക്കു മുമ്പിലൂടെയും നദികൾ ഒഴുകുന്നുണ്ട്.

കംബോഡിയ സന്ദർശിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് 1500 രൂപയോളമാണ് വീസ ഫീസ്. അതായത് 20 അമേരിക്കൻ ഡോളർ. മുപ്പതു ദിവസം വരെയാണ് ഈ വീസയുടെ കാലാവധി. നവംബര്‍ മുതൽ മാർച്ച് വരെയാണ് കംബോഡിയ സന്ദർശിക്കാനുള്ള മികച്ച സമയം. 

ജോർദാൻ 

ഏഷ്യ വൻകരയിൽ സ്ഥിതി ചെയ്യുന്ന അതിസുന്ദരമായ നാടുകളിൽ ഒന്നാണ് ജോർദാൻ. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം ലഭിച്ച പെട്ര പോലുള്ള നഗരങ്ങളും മനോഹരമായ ഈന്തപ്പനത്തോട്ടങ്ങളും ശുദ്ധജല തടാകങ്ങളുമൊക്കെ ജോർദാനിലെ ആകർഷക കാഴ്ചകളാണ്. മാർട്ടിയൻ സിനിമ ചിത്രീകരിച്ച വാദി റം, ജോർദാനിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിലൊന്നാണ്. സിനിമയിൽ ചുവന്ന ഗ്രഹമെന്നു തോന്നിപ്പിക്കുന്ന ഈ മരുഭൂമി സഞ്ചാരികളിൽ ഏറെ കൗതുകമുണർത്തും. ചാവുകടലും തലസ്ഥാന നഗരിയായ അമ്മാനും ജോർദാനിലെത്തുന്നവർക്കു പുത്തൻ അനുഭവങ്ങൾ സമ്മാനിക്കും. 

56. 5 യു എസ് ഡോളറാണ് ഇവിടുത്തെ സന്ദർശക വീസ ലഭിക്കുന്നതിനായി നൽകേണ്ട തുക. അതായത് ഏകദേശം 4200 ഇന്ത്യൻ രൂപ. 30 ദിവസമാണ് കാലാവധി. മാർച്ച് മുതൽ മേയ് വരെയാണ് ജോർദാൻ സന്ദർശിക്കുന്നതിനുള്ള ഉചിതമായ സമയം. സെപ്റ്റംബര്‍ മുതൽ ഫെബ്രുവരി വരെ ഇവിടെ വിരലിലെണ്ണാവുന്നത്ര സഞ്ചാരികളേ എത്താറുള്ളു. 

കെനിയ 

കിഴക്കൻ ആഫ്രിക്കയിലെ ഈ രാജ്യം പ്രകൃതി ഭംഗികൊണ്ടാണ് സഞ്ചാരികളുടെ പ്രിയയിടമായത്. കെനിയൻ കാഴ്ചകളിൽ സുപ്രധാനമാണ് മസായി മാര ദേശീയോദ്യാനം. 1510 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ കാഴ്ചയുടെ കവാടം സഞ്ചാരികൾക്കു പുത്തൻ അനുഭവം തന്നെയാണ്. സാഹസികപ്രിയർക്കു പോലും ചിലപ്പോൾ ഭയപ്പാടുണ്ടാക്കാൻ കഴിയുന്ന തരത്തിൽ, നിരവധി വന്യജീവികൾ ഇവിടെയുണ്ട്. മസായി മാരയിലൂടെയുള്ള സഫാരിയിൽ മാനുകളും പന്നിക്കൂട്ടങ്ങളും സിംഹങ്ങളും സീബ്രകളുമൊക്കെ സഞ്ചാരികൾക്കു കാഴ്ചയുടെ വിരുന്നൊരുക്കും. കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയും അപൂർവയിനം ജീവികൾ അധിവസിക്കുന്ന വന്യജീവി സങ്കേതങ്ങളും പച്ചപ്പും വനങ്ങളുമൊക്കെ കെനിയൻ യാത്രയിൽ ആവേശമുയർത്തും. 

51 യുഎസ് ഡോളർ, അതായത് 3705 ഇന്ത്യൻ രൂപയാണ് കെനിയൻ വീസയ്ക്കുള്ള തുക. മൂന്നു മാസമാണ് കാലാവധി. ജൂൺ അവസാനം മുതൽ ഒക്ടോബര്‍ വരെയാണ് ഇവിടം സന്ദർശിക്കുന്നതിന് ഉചിതമായ സമയം.