സൊറ കല്യാണങ്ങൾ പരിധി വിടുമ്പോൾ

മലബാർ വെഡിങ് എന്ന ഇന്ദ്രജിത്ത് സിനിമ കണ്ടവർക്ക് ഏകദേശം ഒരു ധാരണയുണ്ടാവും സൊറ കല്യാണങ്ങളെക്കുറിച്ച്. വർഷങ്ങളായി വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലബാർ, കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ വിവാഹത്തിനൊപ്പം നടത്തപ്പെടുന്ന ആചാരമാണ് സൊറ കല്യാണങ്ങൾ. സൊറ എന്നാൽ വടക്കൻ ഭാഷയിൽ പ്രശ്നം" എന്ന് തന്നെയാണ് അർഥം.

വിവാഹം "അലമ്പാക്കി (കച്ചറയാക്കി) പ്രശ്നമാക്കുക" എന്നത് തന്നെയാണ് ഇതുകൊണ്ട് അർഥമാക്കുന്നതും. വടക്കൻ കേരളത്തിലെ ഈ കലാപരിപാടി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടതോടെ ഒരു ആചാരമായി ചെറുപ്പക്കാർ ഏറ്റെടുത്ത മട്ടാണ്. ഈയടുത്ത ദിവസങ്ങളിൽ മൂന്നു വാർത്തകളാണ് ഇത്തരത്തിൽ കേട്ടത്. സുഹൃത്തുക്കളുടെ പരിഹാസവും കുസൃതികളും അതിരു വിട്ടതോടെ മുന്നിൽ വിളമ്പി വച്ച ചോറും മേശയും തള്ളി മറിച്ചിട്ടാണ് വരൻ എഴുന്നേറ്റു പോയത്. മറ്റൊരിടത്തു വരനെ സുഹൃത്തുക്കൾ മണ്ഡപത്തിലേക്ക് എഴുന്നെള്ളിച്ചുകൊണ്ടു വന്നതാവട്ടെ ശവപ്പെട്ടിയിലും. ശവപ്പെട്ടി കണ്ട വധുവിന്റെ പാർട്ടിയിലൊരാൾക്ക് ശരീരത്തിന് അസ്വാസ്ഥ്യം വന്നത് വേറെയൊരു സത്യം, വധുവിനെ വീട്ടിലേക്ക് കൊണ്ടു വരും വഴി പാട്ടിനനുസരിച്ച് മുണ്ടുരിഞ്ഞാടിയ വരനാണ് മറ്റൊരു സൊറ കഥ.

ഒരു തവണയേ സൊറ കല്യാണത്തിന് സാക്ഷിയായുള്ളൂ, അതുവളരെ ലളിതവുമായിരുന്നു. വധുവിനെയും വരനെയും തോളിലെടുത്ത് ക്ഷേത്രത്തിനു ചുറ്റും വട്ടം കറങ്ങുന്ന സുഹൃത്തുക്കളും അതിനു മുന്നിലെ പാട്ടും നൃത്തവും എല്ലാം കൂടെ ഒരു ചെറിയ അലമ്പ് വിവാഹം. പക്ഷേ ചില സൊറ കല്യാണങ്ങളുടെ യഥാർഥ സ്വഭാവം അതിലും എത്രയോ രൂക്ഷമാണ്. വിവാഹം മുടങ്ങുന്ന രീതിയിൽ അത്ര ഭീകരമായ തമാശകൾ പോലും വരനും വധുവിനും വേണ്ടി സുഹൃത്തുക്കൾ ഒപ്പിച്ചു വയ്ക്കാറുണ്ട്, ഒരാൾക്ക് ലഭിച്ച പണി അയാൾ തീർച്ചയായും ഇരട്ടിയായി അടുത്ത സുഹൃത്തിനും കൊടുത്തിരിക്കും. പകരത്തിനു പകരം എന്ന രീതി. പക്ഷേ ഈ തമാശക്കളിക്കിടയിൽ പലരും മറന്നു പോകുന്ന ഒരു കൂട്ടരുണ്ട്. വീട്ടുകാരുടെ മുന്നിൽ സുഹൃത്തുക്കളുടെ മുന്നിൽ, ഒക്കെയും അപമാനിക്കപ്പെടുന്ന സ്ത്രീകളെക്കുറിച്ച് വരനോ അയാളുടെ സുഹുത്തുക്കളോ ആലോചിക്കാറേയില്ല എന്നതാണ് സത്യം.

വിവാഹിതയായി ഭാരമേറിയ ഉടുപുടവയിലും ആഭരണത്തിലും നിൽക്കുന്ന പെൺകുട്ടിയെ കൊണ്ട് അമ്മിയിൽ ചമ്മന്തിയരപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് വർഷങ്ങൾക്ക് മുൻപാണ്. അവളുടെ മുന്നിലും പിന്നിലും നിന്ന് മറ്റുള്ളവർ അവളെ റാഗു ചെയ്യുന്നു, ആദ്യമായി മറ്റൊരു വീട്ടിലെ അപരിചിതത്വത്തിൽ എത്തിയ പെൺകുട്ടിയാണെന്നോ, ശരീരത്തിൽ പതിവിലും കൂടുതൽ ഭാരം പേറിയിട്ടുണ്ടെന്നോ ഒന്നുമോർക്കാതെ ഒരു പെൺകുട്ടിയെ പൊതു സമൂഹത്തിനു മുന്നിൽ വച്ച് റാഗുചെയ്യാൻ വിട്ടു കൊടുക്കുക എന്നത് അത്രമാത്രം ക്രൂരമാണെന്ന് അന്ന് സമൂഹമാധ്യമങ്ങൾ വിധിയെഴുതി. പക്ഷേ വീണ്ടും അത്തരം വിഡിയോകൾ തരംഗമായിക്കൊണ്ടേയിരുന്നു. കാരണം സൊറ കല്യാണങ്ങളുടെയും റാഗിങ്ങിന്റെയും ഹരം ലൈക്കുകളും കമന്റുകളും നൽകുമ്പോൾ വീണ്ടും വീണ്ടും വീഡിയോകൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.

പണ്ടൊക്കെ ഒരു നാടിന്റെ മാത്രമായിരുന്ന ഇത്തരം സൊറ കല്യാണങ്ങൾ. ഇന്ന് അത്തരം കല്യാണ വിഡിയോകൾക്ക് ലഭിക്കുന്ന ലൈക്കും കമന്റും കണ്ട് അനുകരിക്കാനൊരുങ്ങുകയാണ് മറ്റുള്ള നാടും. കല്യാണരാത്രി പെണ്ണിനേയും ചെക്കനേയും കൊണ്ട് ടൂർ പോകൽ, രാത്രിയിൽ പുലരും വരെ അടിക്കുന്ന വിവിധ അലാറങ്ങൾ സെറ്റ് ചെയ്യൽ, തുടങ്ങി റോഡിലൂടെ നടന്നു നീങ്ങുന്ന ഡപ്പാം കൂത്തും നൃത്തവും എല്ലാം ഇപ്പോൾ കല്യാണങ്ങളുടെ ഭാഗമാകുന്നു.

ഒരു പരിധിവരെ വരനെയും വധുവിനെയും ബന്ധുമിത്രാദികളെയും അപമാനിക്കാത്ത, ബുദ്ധിമുട്ടിക്കാത്ത നൃത്തവും പാട്ടുമൊക്കെ ഒരു ഹരമാണെങ്കിലും പലപ്പോഴും ഇതിന്റെയൊക്കെ പരിധികൾ കടന്ന് പലപ്പോഴും കാര്യങ്ങൾ കൈവിട്ടു പോകാൻ കാരണം വരന്റെ സുഹൃത്തുക്കളാണ്.  "അന്‍റെ ചെങ്ങായിമാര്‍ ഇത്ര അലമ്പാണെങ്കില്‍ ഇയ്യ് എത്രത്തോളം ഉണ്ടാവും...?!! അങ്ങനെയുള്ള അന്‍റെ കയ്യില്‍ ഞാനെങ്ങനെയാ ന്‍റെ മോളെ തരുക"* കോഴിക്കോട്ടുള്ള ഒരു സൊറ കല്യാണത്തിന്റെ ബാക്കി പത്രമാണ് ഈ ഡയലോഗ്. വിവാഹം വേണ്ടെന്ന് വയ്ക്കാൻ തക്ക ചങ്കൂറ്റമുള്ള ഒരു അപ്പന്റെ ഡയലോഗ് മാത്രമാണിത്, പക്ഷേ വിവാഹം കഴിഞ്ഞ ശേഷം തീർത്തും അരക്ഷിതമായ മനസ്സോടെ യാത്രയാകേണ്ടി വരുന്ന പെൺകുട്ടികളെ ഓർത്ത് സങ്കടം കരഞ്ഞു തീർത്ത എത്ര മാതാപിതാക്കളുണ്ടായിക്കാണും.

വിവാഹ വേദികളിൽ വരനും വധുവും ഒന്നിച്ചു നൃത്തം ചെയ്യുന്നതൊക്കെ ഇപ്പോൾ പതിവാണ്. വിവാഹ വേഷത്തിൽ ചെറിയ സ്റ്റെപ്പുകൾ ഒക്കെ വച്ച് നൃത്തം വയ്ക്കുന്ന വധു രസകരമായ കാഴ്ച തന്നെയാണ്. വിവാഹത്തിനു ദിവസങ്ങൾ നീണ്ട ടെൻഷനുകളെ തെല്ലു കുറയ്ക്കാൻ അത്തരം കലാപ്രകടനങ്ങൾ ഒരു പരിധിവരെ സഹായിക്കുകയും ചെയ്തേക്കാം, പക്ഷേ ഇവരെ ലക്ഷ്യമിട്ട് സുഹൃത്തുക്കൾ നൽകുന്ന പ്രാങ്കുകളാണ് പലപ്പോഴും അതിരു വിടുന്നത്. ഇത്തരത്തിൽ പീഡനം സഹിക്കാനാകാതെ വിവാഹം സ്വയം ഉപേക്ഷിച്ച പെൺകു‌ട്ടികളുമുണ്ട്. ഗാനത്തിന്റെ അകമ്പടിയിൽ സ്വയം മറന്ന് ഉടുമുണ്ട് പോലും നഷ്ടപ്പെടുത്തി വഴിയിൽ നിന്ന നവവരന്റെ മുന്നിൽ എന്ത് അപമാനിതയായി ആവും ആ വധു നിന്നത് എന്ന് സങ്കടത്തോടെ മാത്രം ഓർക്കേണ്ട കാര്യമാണ്. പരിഹാസവും, അർഥം വച്ചുള്ള നോട്ടങ്ങളും എത്രയാവും അവൾ സഹിച്ചിട്ടുണ്ടാവുക. പക്ഷേ പലപ്പോഴും ഇങ്ങനെ അപമാനിതരാകുന്ന പെൺസങ്കടങ്ങളെ ആരും പരിഗണിക്കാറു പോലുമില്ല. വിഡിയോ എടുത്തത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ലൈക്കിനും കമന്റിനുമായി കാത്തു നിൽക്കുന്ന പുതു തലമുറയിലെ ഈ പ്രത്യേക വിഭാഗത്തിന് അല്ലെങ്കിലും അപമാനിതയായി തല കുനിച്ച് നിൽക്കുന്ന പെൺകുട്ടിയെ കുറിച്ച് ഓർക്കേണ്ട ബാധ്യതയില്ലല്ലോ.

വിവാഹങ്ങൾ മാത്രമല്ല പിറന്നാളുകളും ഇത്തരത്തിൽ ക്രൂരമായി ആഘോഷിക്കുന്ന യുവ തലമുറ വർധിച്ചു വരുന്നുണ്ട്. അത് എല്ലാ നാടുകളിലുമുണ്ട് താനും. കെട്ടിയിട്ട് മുഖത്ത് നിറമുള്ള വെള്ളമൊഴിച്ച് ചാരവും പൊടിയും മണ്ണും വാരിയിട്ട് ശ്വാസം മുട്ടിക്കുന്ന രസകരമായ ആഘോഷ കാഴ്ചകൾ, അതെടുത്ത് ലൈവ് ഇടുന്ന സുഹൃത്തുക്കൾ. അടുത്തയാളുടെ പിറന്നാളിന് ഒരുപക്ഷേ അനുഭവിക്കുന്നവൻ പദ്ധതിയിടുക ഇതിലും ക്രൂരമായ മറ്റൊരു ആഘോഷമാകും. വിവാഹങ്ങൾക്കും ഇതേ രീതി തന്നെ പിന്തുടരുന്നത്. "എണ്ണ തേപ്പിക്കൽ" എന്ന ഒരു ആചാരം ചില വിഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്, പക്ഷേ ഒരു തുള്ളി എണ്ണയ്ക്ക് പകരം ഒരു കുടം എണ്ണ പെൺകുട്ടിയുടെയോ ആൺകുട്ടിയുടെയോ തലവഴി കമഴ്ത്തുന്നതും തൈരും നിറങ്ങളുമൊക്കെ ദേഹത്ത് ഒഴിക്കുന്നതുമെല്ലാം വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമാണ്. പലപ്പോഴും ഇതുകണ്ട് പ്രായമേറിയ കാരണവന്മാർ മൂക്കത്ത് വിരൽ വയ്ക്കാറുണ്ട്.

"നാളെ വിവാഹത്തിന് ഇരിക്കേണ്ട കുട്ടിയ്ക്ക് തലവേദനയെടുക്കും", ഇങ്ങനെ ഉയരുന്ന പല വാക്കുകളും വിവാഹ തലേന്ന് ഈ ആഘോഷ വേളകളിൽ ഉയർന്നു കേൾക്കാറുമുണ്ട്. ആഘോഷങ്ങൾ ആവാം, പക്ഷെ കൂടെ കൂട്ടുന്ന മനുഷ്യരെ അപമാനിതരാക്കുന്ന, അസ്വസ്ഥരാക്കുന്ന ആചാരങ്ങളും ആഘോഷങ്ങളും കൊണ്ട് നടക്കണമോ എന്ന് ചിന്തിക്കേണ്ടത് ചെറുപ്പക്കാർ തന്നെയാണ്. എന്ന ഫെയ്സ്ബുക്ക് കുറിപ്പ് പ്രസക്തമാണ്, ചിന്തനീയമാണ്.

MORE IN FEATURES