എന്തുകൊണ്ട് എയർബാഗുകൾ പ്രവർത്തിക്കുന്നില്ല?

airbag
SHARE

വാഹന സുരക്ഷയിലെ പ്രധാനികളാണ് എയർബാഗുകൾ. സീറ്റ്ബെൽറ്റും എയർബാഗുമുണ്ടെങ്കിലും അപകടത്തിന്റെ തീവ്രത 60 ശതമാനത്തിൽ അധികം കുറയ്ക്കാം എന്നാണ് പറയാറ്. എന്നാൽ‌ അപകടങ്ങളിൽ‌ എയർബാഗുകൾ പ്രവർത്തിക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയരാറുണ്ട്. എന്നാൽ എന്തുകൊണ്ടായിരിക്കും സുരക്ഷയ്ക്കായി നൽകിയിരിക്കുന്ന എയർബാഗുകൾ പ്രവർത്തിക്കാതിരിക്കുക. എയർബാഗ് വിടരാതിരിക്കാനുള്ള കാരണങ്ങൾ. 

സീറ്റ്ബെൽറ്റില്ലെങ്കിൽ എയർബാഗില്ല

കാറുകളിൽ സുരക്ഷയുടെ പ്രാഥമികപാഠം സീറ്റ് ബെൽറ്റാണ്. സീറ്റിലിരുന്നു ബെൽറ്റ് മുറുക്കിയാൽത്തന്നെ 60 ശതമാനം സുരക്ഷിതരായി. എയർബാഗും എ ബി എസും മറ്റ് ആധുനിക സംവിധാനങ്ങളുമൊക്കെ സുരക്ഷയുടെ കാര്യത്തിൽ സീറ്റ് ബെൽറ്റ് കഴിഞ്ഞേയുള്ളൂ. മരണകാരണമായേക്കാവുന്നതും കനത്ത പരിക്കേല്‍ക്കാവുന്നതുമായ ആഘാതങ്ങളിൽ യാത്രക്കാരെ രക്ഷിക്കാനാണ് എയർബാഗുകള്‍. അപകട സമയത്ത്  എയർബാഗുകൾ വികസിച്ച്  വരികയും യാത്രക്കാരന്റെ തലക്കും നെഞ്ചിനുമേല്‍ക്കുന്ന ക്ഷതം കുറയ്ക്കുകയും ചെയ്യും. 

ഒരു അസന്തുലിതമായ ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണെന്ന ഐസക് ന്യൂട്ടന്റെ ഒന്നാം ചലന നിയമത്തിനെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് എയർബാഗും സീറ്റുബെൽറ്റും പ്രവർത്തിക്കുന്നത്. അപകടത്തെത്തുടർന്ന് വാഹനം നിന്നാലും നിങ്ങളുടെ ശരീരം ജഡത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ സഞ്ചരിക്കും. സ്റ്റിയറിങ് വീലിൽ തലയോ നെഞ്ചോ ഇടിക്കുകയായിരിക്കും സംഭവിക്കുക. ഇതുതടയാനാണ് സീറ്റുബെൽറ്റുകളും എയർബാഗുകളും. എന്നാൽ എയർബാഗുകൾ പ്രവർത്തികണമെങ്കിൽ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണം. അല്ലാത്ത പക്ഷം അപകടം നടന്നാലും എയർബാഗുകൾ തുറക്കണമെന്നില്ല. എയർബാഗിനെ സപ്ളിമെന്റൽ റിസട്രെന്റ് സിസ്റ്റം എന്നാണ് പറയുന്നത്.. എസ്.ആര്‍.എസ് എന്നാല്‍ സപ്ളിമെന്‍റ് റീസ്ട്രെയിന്‍റ് സിസ്റ്റം (Supliment restraint System). സീറ്റ് ബെല്‍റ്റുകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ പേര് വന്നത്. അതായത് സീറ്റ്ബെൽറ്റിന് പകരമായല്ല സീറ്റ്ബെൽറ്റുകൂടി ഉള്ളപ്പോൾ മാത്രം പൂർണ്ണമാകുന്ന സംവിധാനം. അതിനാൽ എയർബാഗ് ഉള്ള വാഹനങ്ങളിലും സീറ്റ്ബെൽറ്റ് ഇടാൻ മറക്കരുതേ.

ബുൾ ഗാർഡ് രക്ഷിക്കില്ല, പണിതരും

ആക്സിഡന്റിൽ രക്ഷയാകുമെന്ന് കരുതി നാം വച്ചുപിടിപ്പിക്കുന്നതാണ് ബുൾ ഗാർഡ്. പക്ഷേ വാഹനം ഇടിച്ചാൽ ഉപകാരത്തേക്കാൾ ഉപദ്രവമാകും ഈ ഇടി താങ്ങി ചെയ്യുക. എയർബാഗ് തുറക്കുകയില്ലെന്ന് മാത്രമല്ല ഇടിയുടെ ആഘാതം പൂർണ്ണമായും ഡ്രൈവറുടെ ക്യാബിനിൽ ഏൽക്കാനിടയാക്കുകയും ചെയ്യും.

എയർബാഗ് വില്ലനാകുമ്പോൾ

എയർബാഗ് അപകടങ്ങൾക്ക് കാരണമാകുമോ?. അപൂർവമായി അപകടങ്ങൾക്ക് കാരണമാകുകയും ലക്ഷക്കണക്കന് എയർബാഗുകൾ വർഷം തോറും തിരിച്ചുവിളിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നെഞ്ച് സ്റ്റിയറിംഗ് വീലിൽനിന്നും മതിയായ അകലത്തിലായിരിക്കാൻ ശ്രദ്ധിക്കണമെന്നുംം 4 വയസിൽ‍ താഴെയുള്ള കുട്ടികൾക്ക് എയർബാഗ് ഒഴിവാക്കി മറ്റ് സുരക്ഷാസംവിധാനങ്ങൾ( ചൈൽഡ് സീറ്റ്) ഉപയോഗിക്കമെന്നുമൊക്കെ വിദഗ്ധർ നിർദ്ദേശം നൽകാറുണ്ട്.

തകാത്തയാണ് അടുത്തകാലത്ത് ഏറ്റവും അധികം കുപ്രസിദ്ധി നേടിയ എയർബാഗ് നിർമാതാക്കൾ. തകാത്ത കോര്‍പറേഷന്‍ എയർബാഗ് ഡിപ്ളോയ്മെന്റിന് ഉപയോഗിച്ച അമോണിയം നൈട്രേറ്റ് പ്രൊപ്പല്ലന്റിന് പെട്ടെന്നു തീ പിടിക്കുന്നതോടെ ലോഹനിര്‍മിത ചെറു പേടകം പൊട്ടിത്തെറിച്ച്‌ മൂര്‍ച്ചയേറിയ വസ്തുക്കള്‍ യാത്രക്കാര്‍ക്കും പരിക്കേല്‍ക്കുന്നതായിരുന്നു അടുത്തെയിടെ റിപ്പോർട്ട് ചെയ്ത പ്രശ്നം. ഇത്തരത്തിലുള്ള സംഭവങ്ങൾ മാറ്റി നിർത്തിയാൽ ജീവൻ രക്ഷിക്കാൻ കെൽപ്പുള്ള സുരക്ഷ ഉപകരണമാണ് എയർബാഗുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA