രക്ഷയൊരുക്കാൻ കടൽസൈന്യം!

Fishermen
SHARE

കൊല്ലം∙ പ്രളയകാലത്ത് കേരളത്തിന്റെ സൈന്യമെന്ന വിശേഷണത്തിന് അർഹരായ മത്സ്യത്തൊഴിലാളികൾ ഇനി യഥാർഥ രക്ഷാസൈന്യമാകാനും തയാറെടുക്കുന്നു. 

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി കടൽ സുരക്ഷാ സ്‌ക്വാഡുകൾ രൂപീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി 60 മത്സ്യ ഗ്രാമങ്ങളിലെ 900 മത്സ്യത്തൊഴിലാളികൾക്കു കേന്ദ്രസർക്കാർ സ്ഥാപനമായ ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ വാട്ടർ സ്‌പോർട്‌സിൽ പരിശീലനം നൽകും.

പരിശീലനത്തിനു പുറപ്പെട്ട ആദ്യബാച്ചിലെ 40 അംഗ സംഘത്തിനു റെയിൽവേ സ്റ്റേഷനിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.

രക്ഷാപ്രവർത്തനങ്ങളിൽ ശാസ്ത്രീയ പരിശീലനം നൽകുകയാണു പദ്ധതിയുടെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. ഒരു മത്സ്യഗ്രാമത്തിൽ നിന്ന്‌ 5 മത്സ്യബന്ധന യാനങ്ങളും ഒരു യാനത്തിൽ 3 തൊഴിലാളികളും ഉൾപ്പെടുന്നതാണ് ഒരു യൂണിറ്റ്‌. 

ഓഖി പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന്‌ ഇവരുടെ സേവനം ഉപയോഗപ്പെടുത്തി സർക്കാർ നിശ്ചയിച്ചിട്ടുള്ള വേതനം നൽകും. യാനങ്ങളിൽ ജീവൻരക്ഷാ, കമ്യൂണിക്കേഷൻ ഉപകരണങ്ങൾ ലഭ്യമാക്കും. 

പദ്ധതിക്ക് 7.15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നു 20 പേർ വീതമാണു പരിശീലനത്തിനു പുറപ്പെട്ട ആദ്യ സംഘത്തിലുള്ളത്.

ജില്ലയിൽ നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ, വാടി, പള്ളിത്തോട്ടം, പുത്തൻതുറ, മുതാക്കര എന്നിവിടങ്ങളിലെ 105 പേരാണു സുരക്ഷാ സ്‌ക്വാഡിൽ. ഉൾക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്നവർക്കു സാറ്റ്ലൈറ്റ് ഫോൺ നൽകും. യാനങ്ങളിൽ ജീവൻരക്ഷാ ഉപകരണങ്ങളും കമ്യൂണിക്കേഷൻ ഉപകരണങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA