സ്വകാര്യമുതൽ നശിപ്പിച്ചാലും കുടുങ്ങും; ഓർഡിനൻസുമായി സർക്കാർ

sabarimala-hartal-kannur-4
SHARE

തിരുവനന്തപുരം∙ പ്രക്ഷോഭങ്ങളില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നതു പൊതുമുതല്‍ നശീകരണത്തിനു തുല്യമാക്കി സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. ഇതിനായുള്ള പ്രിവന്‍ഷന്‍ ഓഫ് ‍ഡാമേജ്ഡ് പ്രൈവറ്റ് പ്രോപ്പര്‍ട്ടി ഓര്‍ഡിനന്‍സിന് ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കിയേക്കും. പ്രതിഷേധങ്ങളില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ പൊതുമുതല്‍ നശീകരണമായി കണക്കാക്കുന്നതാണു നിയമം.

കേന്ദ്രനിയമമായ പൊതുമുതല്‍ നശീകരണ നിരോധന നിയമത്തിന്റെ അതേ മാതൃകയിലാണു സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും ഏറെയും ആക്രമിക്കപ്പെട്ടെങ്കിലും പൊതുമുതല്‍ നശീകരണത്തിനുള്ള ശിക്ഷയോ സ്വത്തു കണ്ടുകെട്ടലോ സാധ്യമാകാത്ത സാഹചര്യത്തിലാണു തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. സ്വകാര്യ വസ്തുക്കള്‍ക്കു നാശം വരുത്തിയാല്‍ ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ശിക്ഷ കിട്ടുന്ന തരത്തിലാണു നിയമനിര്‍മാണം ലക്ഷ്യമിടുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഓ‍ര്‍ഡിനന്‍സിന്റെ കരട് ചര്‍ച്ച ചെയ്ത് അന്തിമതീരുമാനം മന്ത്രിസഭാ യോഗത്തിലെടുക്കും. സ്വകാര്യവ്യക്തികളുടെ വീട്, ഓഫിസുകള്‍, വാഹനങ്ങള്‍, പാര്‍ട്ടി ഓഫിസുകള്‍, കച്ചവട സ്ഥാപനങ്ങള്‍, സ്വകാര്യ ഫാക്ടറികള്‍, വിദ്യാലയങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടും. ഇതിനെതിരെയുള്ള ആക്രമണങ്ങള്‍ കടുത്ത ശിക്ഷ ലഭിക്കുന്നതും സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന തരത്തിലുള്ള കുറ്റകൃത്യമാവും. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ ഇത്തരത്തില്‍ നിയമം നിര്‍മാണം നടത്താന്‍ 2018 ഒക്ടോബര്‍ 1ാം തീയതി സുപ്രീംകോടതിയും മാര്‍ഗനിര്‍ദേശവും നല്‍കിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA