കലികാല വിപത്തുകൾ അകറ്റാൻ ഒരു വഴി; ഭഗവതിസേവ

കലികാല വിപത്തുകൾക്കു സിദ്ധൗഷധമാണു ലളിതാസഹസ്രനാമം. സഹസ്രനാമം ചൊല്ലി ദേവിയെ പൂജിക്കുന്ന രീതിയാണു ഭഗവതിസേവയില്‍ കൈകൊണ്ടിട്ടുള്ളത്. സ്വസ്തിക പത്മമിട്ട് അല്ലെങ്കിൽ അഷ്ടദള പത്മമിട്ട് നെയ്‌വിളക്ക് കത്തിച്ച് ചുവന്ന പട്ടും വെള്ളപ്പട്ടും ചാർത്തി സാത്വികപുഷ്പങ്ങളാൽ ദേവിയെ പൂജിക്കുന്നു. ധൂപദീപങ്ങളാൽ അലംകൃതമായ അന്തരീക്ഷത്തിൽ ഭക്തിപൂർവം പൂജ ചെയ്താൽ ഫലസിദ്ധി ക്ഷണനേരങ്ങളാൽ അനുഭവിച്ചറിയാം. 

ശർക്കരപ്പായസമാണു നിവേദ്യം. രോഗദുരിതങ്ങൾക്കും ദാരിദ്ര്യദുഃഖാദികൾക്കും പരിഹാരം ലഭിക്കും. ഉന്നതിക്കും കുടുംബശ്രേയസ്സിനും സന്താനലാഭത്തിനും ഉദ്ദിഷ്ട കാര്യപ്രാപ്തിക്കും ഉപകരിക്കുന്ന ദേവീപൂജയാണു ഭഗവതിസേവ. ശ്രീചക്രത്തിൽ ഏഴാമത്തെ ആവരണമായ സർവരോഗഹരചക്രത്തിൽ സ്ഥിതി ചെയ്യുന്ന വശിനി, കാമേശി, മോദിനി, വിമലാ, അരുണ, ജയിനി, സർവേശ്വരി, കൗലിനി തുടങ്ങിയ വാഗ്ദേവതകളാണു ലളിതാസഹസ്രനാമം രചിച്ചത്.

ലളിതസഹസ്രനാമം ചൊല്ലുമ്പോൾ തെറ്റിയാൽ കുഴപ്പമുണ്ടോ ?

ശത്രുസംഹാരം, ദുഷ്ടഗ്രഹനിവാരണം, സർവജന്മ മഹാപാപനാശം, കുലദൈവപ്രീതി, കീർത്തി, കാര്യലാഭം, മനോധൈര്യം, അഷ്ടൈശ്വര്യസിദ്ധി, സർവക്ഷേത്ര ദർശനപുണ്യം, ഗോദാനപുണ്യം, സദ്‌വിദ്യാലാഭം, സന്താനലാഭം, രോഗശമനം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങൾക്ക് കൈകൊണ്ട ദിവ്യൗഷധമാണു ഭഗവതിസേവ. മാത്രമല്ല ദേവീകടാക്ഷം ലഭിക്കുകയും ചെയ്യും. അതിലുപരി മോക്ഷദായകവുമാണ്. പൂജയ്ക്കു ശേഷം ദേവിക്കു ചാർത്തിയ പട്ട് വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കുന്നത് അഖില ആപത്തുകളെ തടയുന്നതിനും എപ്പോഴും ദേവീകടാക്ഷം ഉണ്ടാകുന്നതിനും ദുർബാധകൾ വീട്ടിനുള്ളിൽ പ്രവേശിക്കുന്നത് തടയുന്നതിനും ഉത്തമമാണ്.

തികഞ്ഞ ദേവീഭക്തനായ പൂജകൻ ചെയ്താൽ മാത്രമേ ഫലസിദ്ധി ഉണ്ടാകുകയുള്ളൂ. സ്വാർഥലാഭത്തിനു വേണ്ടി ഒരിക്കലും ഇതു ചെയ്യരുത്. പൂജയ്ക്കു ശേഷം ദേവിക്ക് അർപ്പിച്ച കുങ്കുമം തൊടുന്നതു സർവവശീകരണത്തിന് ഉതകുന്നതാണ്.

ഡാൻസ്, പാട്ട്, അഭിനയം എന്നീ വശ്യശക്തി അനിവാര്യമായ മേഖലയിലുള്ളവർ ചുവന്ന കുങ്കുമം തൊടുന്നതിനു പിന്നിലുള്ള രഹസ്യം ഇതാണ്. അവനവന്റെ കഴിവുകൾ മറ്റുള്ളവർ അംഗീകരിക്കാനും ഇതിലൂടെ ആദരണീയനാകാനും ഇതിലൂടെ സാധിക്കുന്നു.

ലേഖകന്റെ വിലാസം:

ഒ.കെ.പ്രമോദ് പണിക്കർ

പെരിങ്ങോട്, കൂറ്റനാട് വഴി, പാലക്കാട് ജില്ല

Mob: 9846309646

Whatsapp: 8547019646