കുട്ടികൾക്കു ന്യായമായ ശിക്ഷ നൽകാൻ അധ്യാപകന് അധികാരം: െഹെക്കോടതി

വിദ്യാർഥികളെ നേർവഴിയിൽ നയിക്കാൻ ആവശ്യമായ ന്യായമായ ശിക്ഷ നൽകാൻ അധ്യാപകന് അധികാരമുണ്ടെന്ന് ഹൈക്കോടതി. വിദ്യാർഥികളെ ശിക്ഷിച്ചതിന്റെ പേരിൽ അധ്യാപകനെതിരെ നടപടി വേണമോ എന്നതു ശിക്ഷയുടെ സ്വഭാവവും വ്യാപ്തിയും പരിഗണിച്ചു തീരുമാനിക്കേണ്ടതാണ്. അതേസമയം, അനിയന്ത്രിതമായ ദേഷ്യത്തിൽ വിദ്യാർഥിയെ അന്യായമായി ഉപദ്രവിച്ചു പരുക്കേൽപ്പിക്കുന്നതും മറ്റും മാപ്പാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. 

വിദ്യാർഥിയെ ശിക്ഷിച്ച അധ്യാപകനെതിരെയുള്ള കേസിൽ അന്തിമ റിപ്പോർട്ടും കോടതി നടപടികളും റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്. 

രക്ഷകർത്താവും, രക്ഷകർത്താവിന്റെ അധികാരം പകർന്നു കിട്ടുന്ന അധ്യാപകനും കുട്ടികളെ തിരുത്താൻ, ന്യായമായ തോതിൽ ശിക്ഷിക്കുന്നതിനു വിലക്കില്ലെന്നു കോടതി വ്യക്തമാക്കി. കുട്ടികളെ സ്കൂളിൽ വിടുമ്പോൾ അവർ സ്കൂൾ അധികാരികളുടെ അച്ചടക്കത്തിലും നിയന്ത്രണത്തിലുമായിരിക്കും. ഇതോടൊപ്പം, തെറ്റുതിരുത്തലിന് ന്യായമായ ശിക്ഷ നൽകാനുള്ള അനുമതി നൽകുന്നതായും കരുതാവുന്നതാണ്. കുട്ടികളുടെ ചുമതലയുള്ള അധ്യാപകന് അവരെ തിരുത്താനും അച്ചടക്കം നടപ്പാക്കാനും അധികാരമുണ്ടെന്ന് കോടതികളുടെ മുൻ ഉത്തരവുകളിലും വ്യക്തമാക്കിയിട്ടുണ്ട്. 

തെറ്റ് ബോധ്യപ്പെടുത്താൻ ന്യായമായ ബലം പ്രയോഗവും ആവാം. അത് മിതത്വം വിട്ടുള്ള നടപടിയായാൽ നിയമവിരുദ്ധമാകും– കോടതി വ്യക്തമാക്കി. ‌‌

കേസിന്റെ പശ്ചാത്തലം
കണക്ക് ക്ലാസിൽ കൂട്ടാനും കുറയ്ക്കാനും പഠിപ്പിക്കുന്നതിനിടെ തെറ്റു വരുത്തിയ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ തോളിൽ ഇടിച്ചെന്ന് ആരോപിച്ചുള്ള കേസിനെതിരെ അധ്യാപകനായ കോഴിക്കോട് സ്വദേശി രാജൻ നൽകിയ ഹർജി അനുവദിച്ചാണു കോടതി നടപടി. കുട്ടിയുടെ നന്മയെ കരുതിയാണ് അങ്ങനെ ചെയ്തതെന്ന് അധ്യാപകൻ ബോധിപ്പിച്ചു. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ശാരീരികമായി ശിക്ഷിക്കാൻ അധ്യാപകന് അധികാരമില്ലെന്നു പ്രോസിക്യൂഷൻ വാദിച്ചു. 

പരിധി വിടാത്ത നടപടി 
സദുദ്ദേശ്യത്തോടെ, കുട്ടിയുടെ നന്മയ്ക്കു വേണ്ടിയാണ് അധ്യാപകൻ ശിക്ഷിച്ചതെന്നു കോടതി വിലയിരുത്തി. ശിക്ഷ കുട്ടിക്കു താങ്ങാവുന്നതിന് അപ്പുറമായിരുന്നുവെന്നു പരാതിയില്ല. കുട്ടിയെ ഉപദ്രവിക്കാൻ വടിയോ മറ്റോ ഉപയോഗിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ശിക്ഷ പരിധി വിട്ടെന്നു പറയാനാവില്ല.