ഇവ എന്റെ കൂടി മോഹങ്ങളുടെ സാക്ഷാത്കാരം

യുവ മാസ്റ്റർമൈൻഡ് പ്രദർശനം കാണാനെത്തിയ പ്രശസ്ത എഴുത്തുകാരനും ശാസ്ത്രവിദഗ്ധനുമായ സി. രാധാകൃഷ്ണൻ എഴുതുന്നു.

പുതിയ ആശയങ്ങൾ വിടർന്നു വരുന്നതു ഞാൻ വിശദമായി കണ്ടു. വിദ്യാർഥികളുടെയും   സാധാരണക്കാരായ ആളുകളുടെയുമൊക്കെ ഇടയിൽ  സർഗശേഷി എങ്ങനെ പുതുമകൾ നെയ്യുന്നു എന്ന കാഴ്ച ഏറെ കൗതുകകരവും പ്രതീക്ഷ നൽകുന്നതുമാണ്. എന്റെ അച്ഛൻ രോഗിയായിരിക്കെ എന്റെ മനസ്സിലൂടെ കടന്നുപോയ ചില മോഹങ്ങൾ യാഥാർഥ്യമാവുന്നതു നേരിട്ടു കാണാൻ കഴിഞ്ഞു.

ഐവി ഡ്രിപ്പിൽ ഗ്ലൂക്കോസ് ലൈൻ തീർന്നുപോകുന്നത്, രക്തം ആ ചെറിയ പ്ലാസ്റ്റിക് ട്യൂബിലൂടെ ഒഴുകി ബോട്ടിലിൽ നിറയുന്നത്, ദുഃസ്വപ്നം കണ്ടിരിക്കെ ആ കുഴലിൽ ഒരു വാൽവ് ഉണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചു പോയിട്ടുണ്ട്. ധരിപ്പിച്ച സാനിറ്ററി നാപ്കിനിൽ നനവ് ഉണ്ടാകുന്നതു യഥാസമയം അറിയാൻ ആയെങ്കിൽ എന്നും മോഹിച്ചിട്ടുണ്ട്. ഇതൊക്കെ ഈ പ്രദർശനത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ചു. വേറെയും ഒരുപാട് പുതുമകൾ..

ഒരു കാര്യം തീർച്ചയാണ്. ഈ പ്രദർശനം മഹാ പ്രയത്നത്തിന്റ  ഫലമാണ്. കണ്ടെത്തലുകൾ നടത്തിയവർ എന്നതിലുപരി അവരെ കണ്ടെത്തുകയും ക്രമീകരിച്ച് അവതരിപ്പിക്കുകയും ചെയ്തതും ചെറിയ കാര്യമല്ല. വലിയ ആസൂത്രണവും ഭാവനയും പണച്ചിലവും സമയവും ഇതിനാവശ്യമാണ്.  

പ്രദർശനം കണ്ടു  പുറത്തുകടക്കുമ്പോൾ നമ്മുടെ ശാസ്ത്ര അഭിരുചിയെക്കുറിച്ചു വലിയ മതിപ്പു തോന്നി. നമ്മുടെ നാട് കണ്ടുപിടുത്തങ്ങളുടെ തുറയിൽ ലോകത്തു സാമാന്യം പിന്നിലായി പോയത് എന്തുകൊണ്ടെന്നു മനസ്സിലായി. ഇവിടുത്തെ ആളുകൾക്കു കഴിവില്ലാഞ്ഞല്ല, ആ കഴിവു തേടിപ്പിടിച്ചു വേണ്ട പ്രോത്സാഹനം നൽകാൻ മതിയായ ശ്രമം ഇല്ലാത്തതിനാലാണ്. ഇല്ലായ്മക്കു വലിയൊരു പരിഹാരമാണ് ഈ പ്രദർശനം. അവിടെ കടന്നുവരുന്ന സന്ദർശകരായ വിദ്യാർഥി സമൂഹം തീർച്ചയായും തങ്ങളുടെ അഭിരുചികൾക്ക് ആളും നാഥനും ഉണ്ടെന്നു തിരിച്ചറിയുമല്ലോ.