കുട്ടിപ്രതിഭകളോട് കലക്ടർ; കണ്ടുപിടിത്തങ്ങൾ ഉൽപന്നങ്ങളാക്കണം

മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 9 വേദികൾ സന്ദർശിച്ച കലക്ടർ മുഹമ്മദ് സഫിറുല്ല യുവ ന്യൂട്ടന്മാരോടു പറഞ്ഞത് ഒരേയൊരു കാര്യം–‘ഓരോ കണ്ടുപിടിത്തത്തിലും നിങ്ങൾക്കു വ്യവസായ സംരംഭകത്വ സമീപനമുണ്ടാകണം. അത്രമാത്രം മൗലികവും പൊതുജനോപകരപ്രദവുമാണ് ഇവയെല്ലാം’. വിദ്യാർഥികളിൽ ആത്മവിശ്വാസത്തിന്റെ കരുത്തുപകർന്നാണ് എൻജിനീയർ കൂടിയായ സഫിറുല്ല മാസ്റ്റർമൈൻഡ് സ്റ്റാളുകൾ സന്ദർശിച്ചത്. 

ഓരോ കണ്ടുപിടിത്തവും ഉൽപന്നങ്ങളാക്കി മാറ്റാനുള്ള ശ്രമം കൂടി വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ കാഴ്ചപ്പാടും ബിസിനസ് കാഴ്ചപ്പാടും സംയുക്തമായി മുന്നോട്ടുകൊണ്ടുപോകണം. 

സിലിക്കൺ വാലിയിലെ പല കമ്പനികളുടെയും വിജയരഹസ്യം അതാണ്. സർവകലാശാലകൾ ഇതിന് ഒരു പാലമായി പ്രവർത്തിക്കണം. മാള എംഇടിഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ വെള്ളം ശുദ്ധീകരിക്കുന്ന ആയുർവേദ ഗുളിക, തൃശൂർ ജ്യോതി എൻജിനീയറിങ് കോളജിന്റെ സ്മാർട് നാപ്കിൻ, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആംഗ്യഭാഷയെ ശബ്ദമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ എന്നിവ ഏറെ ആകർഷകമായി തോന്നി.  

മാസ്റ്റർ മൈൻഡിലെ പ്രതിഭകളുടെ കണ്ടെത്തലെല്ലാം സാധാരണക്കാരനു വേണ്ടിയുള്ളതാണെന്നത് ഏറെ പ്രതീക്ഷയുയർത്തുന്നു. സ്റ്റാർ‌ട് അപ് മിഷനുമായി ചേർന്ന് ഈ കണ്ടെത്തലെല്ലാം പ്രാവർത്തികമാക്കാനുള്ള എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം വാക്കുനൽകി.