മനുഷ്യർ കാണാത്ത നിറങ്ങൾ കാണുന്ന പക്ഷികൾ!

നിറങ്ങൾ തിരിച്ചറിയാനുള്ള പലരുടേയും ശേഷി പല തരത്തിലായിരിക്കും. സ്ത്രീകളും പുരുഷന്‍മാരും തിരിച്ചറിയുന്ന നിറങ്ങളിലെ വ്യത്യാസങ്ങളാണ് ഇതിനുദാഹരണമായി പറയാവുന്നത്. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് പല നിറങ്ങളും അവ തമ്മിലുള്ള വ്യത്യാസങ്ങളും തിരിച്ചറിയാനുള്ള കഴിവു കൂടുതലാണ്. മൃഗങ്ങളുടെ കാര്യത്തിലും ഇങ്ങനെയാണ്. മനുഷ്യര്‍ കാണുന്ന രൂപത്തിലോ നിറത്തിലോ ആയിരിക്കില്ല പല മൃഗങ്ങളും വസ്തുക്കളെ കാണുന്നത്.  മനുഷ്യര്‍ക്കു കാണാന്‍ കഴിയാത്ത ഒരു നിറവും മറ്റൊരു ജീവിയും കാണുന്നില്ലെന്ന ധാരണയിലായിരുന്നു ഇതുവരെ ശാസ്ത്രലോകം . ഈ സാഹചര്യത്തിലാണ് പക്ഷികളില്‍ നടത്തിയ ഒരു പഠനം ഈ ധാരണയെ തന്നെ മാറ്റി മറിച്ചത്.

പക്ഷികള്‍ കാണുന്ന നാലാമത്തെ നിറം

മനുഷ്യര്‍ കാണുന്ന നിറഭേദങ്ങളെല്ലാം പ്രധാനമായും മൂന്നു നിറങ്ങളുടെ സങ്കരമോ വകഭേദങ്ങളോ ആണ്. അടിസ്ഥാന വർണങ്ങളായ ചുവപ്പ്, നീല, പച്ച എന്നിവയാണ് അവ. എന്നാല്‍ പക്ഷികള്‍ക്ക് ഈ മൂന്ന് വർണങ്ങള്‍ക്കു പുറമെ നാലാമതൊരു വര്‍ണം കൂടി തിരിച്ചറിയാന്‍ കഴിയുമെന്ന് ഇതേ കുറിച്ച് പഠനം നടത്തിയ സ്വീഡിഷ് ഗവേഷക സിന്തിയ ടെഡോര്‍ പറയുന്നു. കോണ്‍സ് എന്നു വിളിക്കുന്ന കണ്ണിന്‍റെ ഭാഗമാണ് നിറം തിരിച്ചറിയാന്‍ ജീവികളെ സഹായിക്കുന്നത്. മനുഷ്യരുടെ കോണിനു മൂന്നു നിറങ്ങളിലുള്ള പ്രകാശം സ്വീകരിക്കാനാണ് കഴിയുക. എന്നാല്‍ പക്ഷികളില്‍ നാല് നിറങ്ങളിലുള്ള പ്രകാശം സ്വീകരിക്കാനുള്ള കോണാണുള്ളത്. ഇതിലും വിവിധ പക്ഷികളില്‍ കാണുന്ന നാലാമത്തെ നിറം നേരിയ തോതില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

കൂടുതല്‍ നിറങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടെങ്കിലും അതിന്റെ ഭംഗി ആസ്വദിക്കാന്‍ കിളികള്‍ക്കു കഴിയില്ല. ഇവയ്ക്ക് ലഭിച്ചിരിക്കുന്ന കൂടുതല്‍ വര്‍ണങ്ങള്‍ കാണാനുള്ള കഴിവിന്‍റെ ഉദ്ദേശം അതിന്‍റെ ഭംഗി ആസ്വദിക്കലല്ല. മറിച്ച് ഏത് ഇടുങ്ങിയ പ്രദേശത്തു കൂടിയും പറന്നു പോകുന്നതിനാണ് ഈ കഴിവ് ഇവയ്ക്ക് ഉപകാരപ്പെടുക. ഇടതൂര്‍ന്ന വനത്തിലൂടെയും ഇടുങ്ങിയ പാറക്കെട്ടുകള്‍ക്കിടയിലൂടെയും നിഷ്പ്രയാസം പറക്കാന്‍ പക്ഷികളെ സഹായിക്കുന്നത് ഈ കൂടുതല്‍ നിറങ്ങള്‍ കാണാനുള്ള കഴിവാണെന്നും ഗവേഷകര്‍ പറയുന്നു. കൂടാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ വേഗത്തില്‍ ഭക്ഷണം കണ്ടെത്താനും ഈ അധിക നിറത്തിന്‍റെ കാഴ്ച പക്ഷികള്‍ക്കു സഹായകരമാണ്.

പക്ഷികള്‍ കാണുന്ന നാലാമത്തെ നിറത്ത രണ്ടായാണ് ഗവേഷകര്‍ പ്രധാനമായും തിരിച്ചിരിക്കുന്നത്. വയലറ്റ് നിറത്തിന്‍റെ വകഭേദങ്ങളില്‍ ഒന്നു തിരിച്ചറിയാന്‍ ശേഷിയുള്ള കോണുകളാണ് ഒരു വിഭാഗം പക്ഷികള്‍ക്കുള്ളത്. മറ്റൊരു വിഭാഗത്തിനാകട്ടെ അള്‍ട്രാവയലറ്റ് രശ്മികളെ സ്വീകരിക്കാന്‍ കഴിയുന്ന കോണുകളാണുള്ളത്. 

പക്ഷികളുടെ അള്‍ട്രാ വയലറ്റ് കാഴ്ച

പക്ഷികള്‍ എങ്ങനെ പുതിയ നിറങ്ങളെ കാണുന്നു എന്നു മനസ്സിലാക്കാന്‍ ഗവേഷകര്‍ കൃത്രിമ ലെന്‍സ് ഉപയോഗിച്ചു പഠനം നടത്തിയിരുന്നു. ഇതില്‍ നിന്ന് പക്ഷികളുടെ കാഴ്ചയോടു സാമ്യമുണ്ടെന്നു കരുതുന്ന നിറഭേദങ്ങള്‍ ഗവേഷകര്‍ തയാറാക്കുകയും ചെയ്തു. ഇലച്ചാര്‍ത്തുകളുടെ അകവും പുറവും വേഗത്തില്‍ എത്ര അകലെ നിന്നും തിരിച്ചറിയാന്‍ ഈ നിറഭേദങ്ങള്‍ പക്ഷികളെ സഹായിക്കുന്നുവെന്നാണ് ഇതിൽനിന്ന് ഗവേഷകര്‍ മനസ്സിലാക്കിയത്.

ഇലച്ചാര്‍ത്തുകളുടെ അകത്തുള്ള ഭാഗം ഇവയ്ക്ക് അള്‍ട്രാ വയലറ്റില്‍ ദൃശ്യമാകുമ്പോള്‍ പുറം ഭാഗമായ പച്ചയും വകഭേദത്തിലാകും കാണാന്‍ കഴിയുക. ഇത് ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന ഇരയെ കണ്ടെത്താനും, ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ വേഗത്തില്‍ സഞ്ചരിക്കാനും പക്ഷികളെ സഹായിക്കുന്നു. ചെറിയ പ്രാണികളെയും ചിലന്തികളെയും വരെ ഇവയ്ക്ക് ഇത്തരത്തില്‍ വേഗത്തിൽ തിരിച്ചറിയാന്‍ സാധിക്കുമെന്നാണു പഠനത്തില്‍ തെളിഞ്ഞത്. കൂടാതെ പ്രദേശത്തിന്‍റെ ഒരു ത്രിമാന രൂപം ലഭിക്കാനും ഈ അധിക നിറത്തിന്‍റെ സാന്നിധ്യം പക്ഷികളെ സഹായിക്കും.

ഇതിനു കാരണമായി ഗവേഷകര്‍ പറയുന്നത് അള്‍ട്രാ വയലറ്റ് നിറത്തിന്‍റെ പ്രതിഫലന ശേഷിയാണ്. ഇലകളിലേക്കെത്തുന്ന അള്‍ട്രാവയലറ്റ് പ്രകാശത്തിന്‍റെ 25 ഇരട്ടിയാണ് ഇവ പ്രതിഫലിപ്പിക്കുന്നത്. ഇതാണ് പക്ഷികള്‍ക്ക് ത്രിമാന രൂപം ലഭിക്കാന്‍ സഹായിക്കുന്നതും. പക്ഷേ മനുഷ്യര്‍ക്ക് ഇലകളിലെ അള്‍ട്രാവയലറ്റ് പ്രകാശം സ്വീകരിക്കാനുള്ള കഴിവില്ല, മറിച്ച് പച്ച നിറമാണ് ഇലകളില്‍ പ്രതിഫലിച്ച് മനുഷ്യരുടെ കണ്ണുകളിലേക്കെത്തുന്നത്. എത്ര പ്രകാശമാണോ ഇലയില്‍ പതിക്കുന്നത് അതേ അളവിലാണ് ഇവ പ്രതിഫലിപ്പിക്കുന്നതും.

അതേസമയം ഇപ്പോഴത്തെ കണ്ടത്തല്‍ പൂര്‍ണമല്ലെന്നും കാഴ്ചയില്‍ മനുഷ്യരുടെ കണ്ണിനുള്ള പരിമിതി മൂലം പക്ഷികള്‍ എങ്ങനെയാണ് കാഴ്ചകള്‍ വ്യത്യസ്തമായി കാണുന്നതെന്നു വ്യക്തമായി തിരിച്ചറിയാന്‍ നമുക്കു കഴിയില്ലെന്നും ഗവേഷകര്‍ പറയുന്നു. ഉദാഹരണമായി ഇവര്‍ പറയുന്ന ഇലച്ചാര്‍ത്തുകളില്‍ മറഞ്ഞിരിക്കുന്ന ചെറിയ ഇരകളെ പക്ഷികള്‍ തിരിച്ചറിയുന്ന രീതിയാണ്. ഈ ഇരകളെ ഏത് നിറത്തിലാണ് പക്ഷികള്‍ കാണുന്നത് എന്നു തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മനുഷ്യരുടെ കാഴ്ചക്കുള്ള പിരിമിതി മൂലം ഇതു സാധ്യമായേക്കില്ല എന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.