ഉയരമില്ലാത്ത ഹരിദാസിനെ സംസ്ഥാന ചാംപ്യൻ ആക്കിയത് ആ തീരുമാനം

അമ്മയുടെ വയറ്റിനുള്ളിലായിരുന്ന കാലത്ത് ഹരിദാസിനെ നേരാംവണ്ണം വളരാൻ അനുവദിക്കാതെ പൊക്കിൾക്കൊടി വരിഞ്ഞുമുറ‍ുക്കി. അന്നു ‘ജിമ്മൻ’ അല്ലാത്തതു കൊണ്ട് പൊക്കിൾക്കൊടിയുടെ പിടി വിടുവിക്കാൻ ഹരിദാസിനു കഴിഞ്ഞില്ല. ഉയരക്കുറവെന്ന വൈകല്യവുമായി ഹര‍ിദാസ് ജനിച്ചപ്പോൾ തീർന്നു, പൊക്കിൾക്കൊടിയുടെ പിടി. നാലേകാൽ അടി മാത്രം ഉയരമുള്ള ശരീരത്തോടു മല്ലിട്ടു വളർന്ന ഹരിദാസ് ഇപ്പോൾ ഫയൽവാനാണ്. ശരീര സൗന്ദര്യ മത്സരത്തിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള വിഭാഗത്തിൽ സംസ്ഥാന ചാംപ്യൻ.

സൈക്കിൾ ചവിട്ടും, ബൈക്കോടിക്കും

ഗർഭകാല ആരോഗ്യപ്രശ്നങ്ങളുമായി പോരടിച്ചാണ് പൂങ്കുന്നം ജയപ്രകാശ് ലെയ്ൻ അരണത്ത് രവി–ഓമന ദമ്പതികളുടെ മകൻ ഹരിദാസിന്റെ (24) ജനനം. ഒരുവയസ് കഴിഞ്ഞപ്പോഴാണ് കുട്ടിക്ക് ജന്മനാലുള്ള ഉയരക്കുറവുണ്ടെന്നു മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. ചുറ്റുമുള്ളവരുടെയെല്ലാം നെറ്റി ചുളിഞ്ഞപ്പോൾ ഹരിദാസിന്റെ ചുണ്ടിൽ മാത്രം പുഞ്ചിരി തെളിഞ്ഞു. ഒരിടത്തും പിന്നിലല്ലെന്നു സ്വയം ഉറപ്പിച്ചു. 

വിവേകോദയം സ്കൂളിലെ പഠനകാലത്തു സമപ്രായക്കാരേക്കാൾ നന്നായി സൈക്കിൾ ചവിട്ടാൻ പഠിച്ചു. ഉയരക്കുറവുള്ളതിനാൽ സൈക്കിൾ മുന്നോട്ടു നീങ്ങിയ ശേഷം മാത്രം ചാടിക്കയറി സീറ്റിലിരുന്നായിരുന്നു ചവിട്ട്. 

പിന്നെ ഭ്രമം സ്കൂട്ടറിനോടായി. സീറ്റിലിരുന്നാൽ നിലത്തു കാലെത്തില്ല. അതുകൊണ്ട് സ്കൂട്ടറിന്റെ പ്ലാറ്റ്ഫോമിലിരുന്നു വണ്ടി പതുക്കെ മുന്നോട്ടു നീക്കിയശേഷം സീറ്റിൽ കയറി ഇരിപ്പാണ് പതിവ്. 

ട്രാഫിക് സിഗ്നലിലും മറ്റും വണ്ടി നിർത്തേണ്ടിവരുമ്പോൾ പ്ലാറ്റ്ഫോമിലേക്കു മെയ്‌‍വഴക്കത്തോടെ ചാടിയിറങ്ങി നിലത്തു കാലൂന്നും!

ജിം ട്രെയിനർ, ബോഡി ബിൽഡർ

സ്കൂളിൽ പഠിക്കുന്ന കാലത്ത് പൂങ്കുന്നത്തുകൂടി സൈക്കിളിൽ സഞ്ചരിക്കുമ്പോഴെല്ലാം റോഡരികിലെ ജിംനേഷ്യം കണ്ട് ഹരിദാസ് സൈക്കിൾ നിർത്തും. മുൻ മിസ്റ്റർ ഇന്ത്യയും ജിം ഉടമയുമായ ജോഷിയെ കണ്ട് ആരാധന പ്രകടിപ്പിക്കും. ഇതു പതിവായപ്പോൾ 4 വർഷം മുൻപു ജോഷിയുടെ നിർദേശപ്രകാരം ബോഡിബിൽഡിങ് ആരംഭിച്ചു. ഉയരക്കുറവു കാരണം ചില മെഷീനുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടു നേരിട്ടതൊഴിച്ചാൽ മറ്റു തടസങ്ങളുണ്ടായില്ല. രണ്ടു വർഷം മുൻപു മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി. ശാരീര‍ിക വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ കഴിഞ്ഞ വർഷം ജില്ലാ ചാംപ്യനായി. ഇത്തവണ സംസ്ഥാന ചാംപ്യനും. നാലു മാസം മുൻപു മുതുവറയിൽ ജിംനേഷ്യത്തിൽ ട്രെയിനറായി ജോലി തുടങ്ങി. ഇപ്പോൾ പല ബാച്ചുകളിലായി 60 ശിഷ്യരുണ്ട് ഹരിദാസിന്. ഭോപ്പാലിൽ ഈ മാസം നടക്കുന്ന ഫെഡറേഷൻ കപ്പ് ദേശീയ ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.