സൗന്ദര്യ സംരക്ഷണത്തിന് തണ്ണിമത്തൻ

99% വെള്ളം, അതിനർഥം ചർമത്തിന് ഏറ്റവും മികച്ച ഹൈഡ്രേഷൻ. ലൈകോപിൻ എന്ന ഫോട്ടോകെമിക്കലിന്റെ  സാന്നിധ്യം നൽകുന്ന തിളക്കം, അതിനു പുറമേ മികച്ച ടോണര്‍ ഇതൊക്കെ തണ്ണിമത്തൻ സമ്മാനിക്കുന്ന സൗന്ദര്യഗുണങ്ങളാണ്. വേനൽച്ചൂടിൽ വാടിയ ചർമത്തിന് നവേന്മേഷം പകരാൻ ചില തണ്ണിമത്തൻ ഫേസ് പാക്കുകൾ പരിചയപ്പെടാം.

തണ്ണിമത്തന്‍ മാസ്ക്

തണ്ണിമത്തൻ ആദ്യം രണ്ടായി മുറിക്കുക, പിന്നീട് കോണുകളായും മുറിക്കുക. മുറിച്ചുവച്ചതിന്റെ ചുമന്ന ഭാഗം നീക്കിയശേഷം തൊലിമാത്രം മതി മാസ്ക് തയാറാക്കാൻ. (അതെല്ലാം കഴിച്ച് ഉള്ളുകുളിർപ്പിക്കാം) ഇവ 10 മിനിറ്റ് തണുപ്പിക്കുക. പിന്നീട് ഇതു നേർത്തതായി ചീകിയെടുക്കുക. മുഖത്ത് നേരിട്ട് പുരട്ടാം. ചർമത്തിലെ ചൂടുമൂലമുള്ള ചൊറിച്ചിലിനും  ഉത്തമ പരിഹാരം.

തണ്ണിമത്തൻ– തേൻ 

ചുട്ടുപൊള്ളുന്ന സൂര്യനു കീഴിൽ കുറെ സമയം ചെലവിട്ടാൽ ഫലം ഒന്ന്– ടാനിങ്. ചര്‍മം ഇങ്ങനെ  കരുവാളിക്കുന്നതു തടയാൻ തണ്ണിമത്തൻ – തേൻ മാസ്ക് സഹായിക്കും.

തണുത്ത തണ്ണിമത്തൻ ജ്യൂസും തേനും തുല്യ അളവിൽ എടുത്തു മിക്സ് ചെയ്യുക. മുഖം കഴുകി തുടച്ചശേഷം ഇതു പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകിക്കളയാം.

തണ്ണിമത്തൻ – തൈര് 

മുടിയും ചർമവും പരിചരിക്കാൻ തൈര് മികച്ച ഘടകം തന്നെ. ചർമത്തിനു തിളക്കം കിട്ടാനും മൃദുവാക്കാനും  െഡഡ് സ്കിൻ നീക്കാനും തൈരിലെ ലാക്ടിക് ആസിഡ് സഹായിക്കും. 

ബൗളിൽ തണ്ണിമത്തൻ ജ്യൂസ് അല്ലെങ്കില്‍ കഷണങ്ങൾ എടുക്കുക. ഫോർക്ക് ഉപയോഗിച്ച് അതുചെറു കഷണങ്ങളാക്കി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർക്കാം. ഇതു ചർമത്തിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം.

തണ്ണിമത്തൻ – ചെറുനാരങ്ങ

വരണ്ട ചർമത്തിനു പരിഹാരം കാണാൻ മികച്ചതാണ് തണ്ണിമത്തൻ – ചെറുനാരങ്ങ ഫേയ്സ് പാക്ക്. ചെറുനാരങ്ങ നീരിനൊപ്പം തേനും ചേർത്താണ് ഫേസ് പാക്ക് തയാറാക്കേണ്ടത്. തേൻ മോയ്സ്ചർ ചെയ്യാനും തണ്ണിമത്തൻ ഹൈഡ്രേറ്റ് ചെയ്യാനും നാരങ്ങനീര് എക്സ്ഫോലിയേറ്റ് ചെയ്യാനും ഫലപ്രദം.

ബൗളിൽ രണ്ടു ടേബിൾസ്പൂണ്‍ തണ്ണിമത്തൻ ജ്യുസ് എടുക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ നാരങ്ങാനീരും ഒരു സ്പൂൺ തേനും േചർക്കുക. മുഖത്തിലും കഴുത്തിലും കൈകളിലും പുരട്ടാം. 10–15 മിനിറ്റിനു ശേഷം കഴുകിക്കളയാം.

ചൂടിനെ മെരുക്കാൻ

∙ വേനൽക്കാലത്ത് മുടിയിൽ വിയർപ്പും ചെളിയും അടിയാൻ സാധ്യത കൂടുതലാണ്. അതിനാൽ ദിവസവും തലമുടി കഴുകുക. പുറത്തുപോകുമ്പോൾ  മുടിയിൽ  വെയിലേൽക്കാതെ ശ്രദ്ധിക്കുക. എണ്ണമയമുള്ള മുടിയുള്ളവർക്ക് ലൈറ്റ് ഷാംപൂ ഉപയോഗിക്കാം. ഷാംപൂ മുടിയെ കൂടുതൽ വരണ്ടതാക്കുമെന്നതിനാൽ ലൈറ്റ് ഷാംപൂ അല്ലെങ്കിൽ ഹെർബൽ ഷാംപൂ തന്നെ ഉപയോഗിക്കുക. ഷാംപൂ ചെയ്തതിനു ശേഷവും എണ്ണമയമുണ്ടെങ്കിൽ കണ്ടീഷനർ ഉപയോഗിക്കേണ്ടതില്ല.

∙ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ സൂക്ഷിക്കുക. പുറത്തുപോകുന്നതിനു മുൻപായി സൺസ്ക്രീൻ ലോഷ്യൻ പുരട്ടുക. എസ്പിഎഫ് കുറഞ്ഞത് 30ൽ കൂടുതലെങ്കിലും ഉണ്ടായിരിക്കണം. സമയം കൂടുന്തോറും ഇതിന്റെ ഗുണം കുറയുമെന്നതിനാൽ രണ്ടരമണിക്കൂർ കൂടുമ്പോൾ വീണ്ടും പുരട്ടണം.

∙ലൈറ്റ് മെയ്ക്ക്അപ് ഉപയോഗിക്കുക. രാത്രി മെയ്ക്ക്അപ് പൂർണമായും കഴുകി കളഞ്ഞശേഷം മോയ്സ്ച്യുറൈസർ പുരട്ടാം. 

∙മോയ്സ്ച്യുറൈസർ ക്രീം രൂപത്തിലുള്ളത്  ഒഴിവാക്കി ലോഷ്യൻ, ജെൽ രൂപത്തിലുള്ളവ തിരഞ്ഞെടുക്കുക

∙ധാരാളം വെള്ളം കുടിക്കുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

വേനലിന് കറ്റാർവാഴ മാജിക്

∙കറ്റാർവാഴയുടെ ജെല്ലും റോബസ്റ്റ പഴവും അരച്ച് തലയിൽ തേച്ചാൽ മുടിക്ക് നല്ല തിളക്കം ലഭിക്കും. 

∙കറ്റാർവാഴയുടെ ജെല്ലും ഒന്നോ രണ്ടോ പുതിനിലയും അരച്ച് മുഖത്തു തേയ്ക്കുന്നത് മുഖക്കുരു ഇല്ലാതാക്കും.

Read More : Beauty Tips