83-ാം വയസ്സിലും അപ്പൂപ്പനെന്താ നര വരാത്തെ... ഉത്തരം ദാ... റെഡി

83-ാം വയസ്സിലും 'നര' എത്തിനോക്കാൻ പേടിക്കുന്ന ഒരു നരൻ! അങ്ങേരുടെ ആരോഗ്യ രഹസ്യം( ശ്... വായിച്ചാമതി.. ആരോടും പറയല്ലേ...!)

നര വിജ്ഞാനത്തിന്റെ അടയാളമാണെന്നു തലനരച്ചവരെ സമാധാനിപ്പിക്കാൻ വച്ചുകാച്ചുന്നവരെ നോക്കി വർഗീസപ്പൂപ്പനൊന്നു ചിരിക്കും. ഒന്നു പോടേയ്..!

പല്ലുമുഴുവൻ കൊത്തിക്കൊഴിഞ്ഞുപോയി രണ്ടു പതിറ്റാണ്ടു പിന്നിട്ടിട്ടും മുടിയിൽ നരകയറാത്ത, അദ്ഭുതത്തലയുടെ കൈവശാവകാശക്കാരനാണ് എരുമപ്പെട്ടി കൈതക്കോട് പുത്തൂർ പി.പി. വർഗീസ് (പ്രായം 83)

∙ സത്യം പറ, തലയിലേത് ‘ഡൈ’ അല്ലേ?

 അതെ, പ്രസവിച്ചു പുറത്തുവന്നപ്പോഴേ ഉള്ളതാണ് ഈ ‘ഡൈ’.

∙ ഡൈ’ ആകും വരെ ഡൈ തേക്കേണ്ടി വരില്ലെന്ന ആത്മവിശ്വാസമുണ്ടോ?

ഉണ്ട്. എന്റെ അമ്മാമ്മയുടെ മുടി 80 വയസ്സായിട്ടും നരച്ചിരുന്നില്ല.

∙ മുടിയുടെ ശൗര്യം എന്തേ പല്ലിൽ പണ്ടേപ്പോലെ ഫലിച്ചില്ല?

പല്ലിന്റെ ‘ശല്യം’ ഇപ്പോഴില്ലെന്നേ പറയേണ്ടൂ. 52–ാം വയസ്സിൽ പല്ലെല്ലാം കൊഴിഞ്ഞു തുടങ്ങി. രണ്ടു പല്ലായി ബാക്കി. അതു വല്യശല്യമായി. 

പിന്നതങ്ങു കളഞ്ഞു. 

∙ വപ്പുപല്ലു വച്ചുകൂടായിരുന്നില്ലേ?

എന്തിന്?

∙ മീനും ഇറച്ചിയുമൊക്കെ ഇടയ്ക്കു തട്ടാൻ പല്ലു വേണ്ടേ?

എന്തിന്? കൈവിരലുകൾ കൊണ്ടൊന്നു മയപ്പെടുത്തുക. എന്നിട്ടു തട്ടിയാൽ പല്ലൊന്നും വേണ്ടെന്നേ..!

∙ എന്തൊക്കെയാ തട്ടുക..? ഐ മീൻ, കഴിക്കുക?

അതെ, മീൻ തന്നെയാ പ്രധാനം. രാവിലെ അഞ്ചിനു കട്ടൻകാപ്പി, പിന്നൊരു ചായ. രാവിലെ പത്തിനു കഞ്ഞികുടിയായിരുന്നു ശീലം. ഇപ്പോഴതു ചോറും മീൻകൂട്ടാനുമായി. ഉച്ചയൂണിനും മീനുണ്ടാകും. പിന്നെ ചക്ക, മാങ്ങ, കായ, ചീര, ചേമ്പ്, കുമ്പളങ്ങ, ഉണ്ണിപ്പിണ്ടിയും പയറും, മുതിര.. കടല... ഇതിൽ കിട്ടുന്നതെന്തും കഴിക്കും. നാലുമണിക്കു ചായ. ഒൻപതുമണിക്കു വീണ്ടും ചോറും കൂട്ടാനും.

∙ ഇതിലേതാ കൂടുതലിഷ്ടം?

എല്ലാമിഷ്ടം. സ്വന്തമായുണ്ടാക്കുന്ന മാങ്ങാ, തേങ്ങാ ചമ്മന്തികൾ.. പിന്നെ നന്നായി വെന്ത ചോറ്..

∙ എത്ര മണിക്കാ സ്വിച്ചോഫ്..? ഐ മീൻ ഉറക്കം?

അതു പത്തുമണി കിറുകൃത്യം. രാവിലെ അഞ്ചിനു മുൻപെഴുന്നേൽക്കും.!

∙ ഷുഗർ, കൊളസ്ട്രോൾ... അത്തരം സമ്പാദ്യശീലം വല്ലതും?

ഇല്ല. പണ്ടു മണ്ണിൽ പണിയെടുക്കുമ്പോൾ കാലിൽ വളംകടി ഉണ്ടായിരുന്നു. 

∙ ഇപ്പോഴുണ്ടോ? നോട്ട് വളംകടി, ഐ മീൻ മണ്ണിൽപ്പണി?

ഉണ്ട്, തെങ്ങുംപറമ്പ് നനയ്ക്കും, കുരുമുളകു കൃഷി ചെയ്യും. വാഴവയ്ക്കും.

∙ നന്നായി, എന്താ കൃഷിയിലെ തിയറി?

ഒരു തെങ്ങുപോയാൽ ഉടൻ മറ്റൊന്നു വയ്ക്കണം.

∙ ഇതല്ലാതെ മറ്റെന്തെങ്കിലും ചുറ്റിക്കളി?

ഉണ്ടായിരുന്നു. പന്തുകളി... ഫുട്ബോൾ.. നാട്ടിലൊക്കെ കളിക്കാൻ പോകുമായിരുന്നു. 

∙ എന്നിട്ടു ‘ഗപ്പൊ’ന്നും കിട്ടീല്ലേ?

കിട്ടി, 16–ാം വയസ്സിൽ ഇടതുകൈ മൂന്നുതവണ ഒടിഞ്ഞു. 

∙ അയ്യോ, കാലിനൊന്നും കിട്ടീല്ലേ?

കിട്ടീല്ലോ, കാലിനുള്ളിൽ കമ്പി ഇട്ടിട്ടുണ്ട്..! 

∙ മക്കളുടെ മുടിയും ഇതേ ‘ബ്രാൻഡാ’ണോ?

മക്കളുടെ മുടിയിലൊക്കെ ഒന്നും രണ്ടും നരയിപ്പോഴേയുണ്ട്. ഭാര്യ മേരി. മക്കൾ കായികാധ്യാപകൻ പി.വി. ജോൺസൻ, ഷൈൻ കൈതക്കോടൻ, ഷാന്റി. ഇനിയെന്തേലും അറിയാനുണ്ടോ?

∙ ഇല്ല, അപ്പൂപ്പനെന്തേലും അറിയാനുണ്ടോ?

ഉണ്ട്. ഞാനിരട്ട പെറന്നതാണ്. ഒരു സഹോദരനുണ്ടായിരുന്നു. പി.പി. ജോസ്. പണ്ടു നാടുവിട്ടുപോയി. ആളു ജീവിച്ചിരിപ്പുണ്ടോ? ആളുടെ മുടി നരച്ചിട്ടുണ്ടോ ആവോ? 

Read More : Health and Wellbeing