സഹോദരങ്ങളുണ്ടോ? എങ്കിൽ മാനസികാരോഗ്യം ഉറപ്പ്

മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകളും പ്രശ്നങ്ങളും കുട്ടികളുടെ മാനസികാരോഗ്യത്തെ വളരെയധികം ബാധിക്കാറുണ്ട്. ഇത്തരം ചുറ്റുപാടുകളില്‍ വളര്‍ന്നു വരുന്ന കുട്ടികളില്‍ പില്‍കാലത്ത് പല മാനസികപ്രശ്നങ്ങളും കണ്ടുവരാറുണ്ട്. എന്നാല്‍ സഹോദരങ്ങള്‍ക്കിടയിലെ മാനസികമായ ഇഴയടുപ്പം കുട്ടികളില്‍ മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. 

സ്ഥിരമായി വീട്ടിലെ സംഘര്‍ഷാവസ്ഥ കണ്ടു വളരുന്ന കുട്ടികളില്‍ കൗമാരപ്രായം എത്തുന്നതോടെ കടുത്ത വിഷാദവും മാനസികപ്രശ്നങ്ങളും കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൗമാരക്കാരില്‍ സഹോദരങ്ങളുമായി ശക്തമായ ആത്മബന്ധമുള്ളവരില്‍ ഇത്തരം വൈകാരികപ്രശ്നങ്ങള്‍ കുറവാണെന്നും മാനസികരോഗവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

മാനസിക പിന്തുണയ്ക്കും വൈകാരിക അടുപ്പത്തിനും സഹോദരങ്ങള്‍ ഉള്ളവരില്‍ കടുത്ത മാനസികപിരിമുറുക്കങ്ങള്‍ കുറവായിരിക്കുമെന്ന് ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന പാട്രിക് ഡേവിസ് പറയുന്നു. ഇത് ഇളയകുട്ടികള്‍ക്കാണ് കൂടുതല്‍ ഗുണകരമെന്നും ഇദ്ദേഹം പറയുന്നു.  

മൂത്തകുട്ടികളില്‍ നിന്നു ലഭിക്കുന്ന വൈകാരികപിന്തുണ വീട്ടിലെ സംഘര്‍ഷങ്ങളില്‍ നിന്നും കുട്ടികളുടെ ശ്രദ്ധ തിരിയാന്‍ കാരണമാകുമെന്ന് വിദഗ്ദര്‍ പറയുന്നു. കുട്ടികള്‍ തമ്മിലുണ്ടാകുന്ന ഈ ആത്മബന്ധം അവരെ കൂടുതല്‍ മാനസികമായ പിരിമുറുക്കങ്ങളിലേക്ക് പോകാതെ സംരക്ഷിക്കും.

Read More : Health and Wellbeing