രോഗങ്ങളകറ്റാൻ കിടപ്പുമുറി എങ്ങനെ ക്രമീകരിക്കാം?

ദിവസത്തിന്റെ മൂന്നിലൊരു ഭാഗം സമയം ഒരാൾ ഉറങ്ങണം. അങ്ങനെയെങ്കിൽ ജീവിതത്തിന്റെ മൂന്നിലൊരു ഭാഗം നാം ചെലവഴിക്കുന്നതു കിടപ്പു മുറിയിലായിരിക്കും. ഉറങ്ങുമ്പോൾ വാസ്തവത്തിൽ നമ്മുടെ ശരീരത്തിലെ പ്രതിരോധവിഭാഗം പകൽ മുഴുവൻ ശരീരത്തിനേറ്റ വിഷാംശങ്ങൾ, പൊടിപടലങ്ങൾ എന്നിവയിൽ നിന്നു മുക്തി നേടി പ്രതിരോധശേഷി പുനരുജ്ജീവിപ്പിക്കുന്നു. എന്നാൽ ഇതിനു വിരുദ്ധമായി നാം ഉറങ്ങാൻ കിടക്കുന്ന പതുപതുത്ത കിടക്കയിലും തലയിണയിലും കിടപ്പുമുറയിലെ ചവിട്ടി, കർട്ടൻ  തുടങ്ങി മറ്റു പലയിടങ്ങളിലും പ്രതിരോധവിഭാഗത്തിനു വെല്ലുവിളിയൊരുക്കുന്ന വസ്തുക്കളുണ്ട്. ഇവ പലതരം അലർജിക്കും രോഗങ്ങൾക്കും കാരണമാകാം. 

ഇ—കൊളി, സ്റ്റെഫൈലോകോക്കസ് ഓറിയസ്, സാൽമൊണെല്ല എന്നിവ കിടപ്പുമുറിയിൽ കണ്ടുവരുന്ന ചില ബാക്ടീരിയകളാണ്. ഇവയെക്കാൾ പ്രധാനപ്പെട്ട മറ്റു സൂക്ഷ്മജീവികളാണു വീട്ടിലെ പൊടിയിൽ കാണുന്ന ചെള്ള്, മൂട്ട, പേൻ, പൂപ്പൽബാധ എന്നിവ. ഓരോ രാത്രിയിലും മനുഷ്യശരീരത്തിൽ നിന്ന് ഏതാണ്ട് ഒരു ലിറ്റർ ജലാംശം പുറത്തേക്കു കളയും. അതുപോലെ രണ്ടു മില്യനോളം ത്വക്കിലെ കോശപാളികളും. ഇവയെല്ലാമാണു കിടപ്പുമുറിയിലെ പൊടിയിൽ വസിക്കുന്ന ചെള്ളിന് അനുകൂലമായ ഭക്ഷണപദാർഥങ്ങൾ. ആസ്മ, എക്സീമ, മൂക്കിലെ അലർജി (റൈനൈറ്റിസ്) എന്നീ വിവിധതരം രോഗാവസ്ഥകൾക്കാണു പൊടിച്ചെള്ള് തുടക്കമിടുന്നത്. 

കിടക്കമുറിയുടെ വൃത്തിക്ക് രോഗപ്രതിരോധത്തിൽ പ്രത്യേകപ്രാധാന്യമുണ്ട്. ഓരോ മുറിക്കും പ്രത്യേകമായ ക്ലീനിങ് തുണി വേണം. വൃത്തിയാക്കുമ്പോൾ മുറിയുടെ ഏറ്റവും വൃത്തിതോന്നുന്ന ഭാഗത്തുനിന്നു തുടങ്ങി ഏറ്റവും വൃത്തികുറഞ്ഞ ഭാഗത്ത് എത്തണം. എല്ലാ ദിവസവും മുറി വാക്വം ക്ലീനർ ഉപയോഗിച്ചു വൃത്തിയാക്കുന്നതാണ് നല്ലത്. ഇതിന് എച്ച് ഇ പി എ ഫിൽട്ടർ ഉള്ള വാക്വം ആണ് വേണ്ടത്. അതിന്റെ ഫിൽട്ടർ ഇടയ്ക്കിടയ്ക്കു വൃത്തിയാക്കണം. തറയും മറ്റു പ്രതലങ്ങളും ചൂലുകൊണ്ടു തൂത്തുനീക്കി, ഇളംചൂടുവെള്ളവും ഡിറ്റർജന്റും കൊണ്ടു കാണാവുന്ന പൊടി മുഴുവൻ നീക്കം ചെയ്യാം. കനം കുറഞ്ഞ സിന്തറ്റിക് കർട്ടനുകളോ തുടച്ചു വൃത്തിയാക്കാവുന്ന റോളർ ബ്ലൈൻഡുകളോ മതി. കട്ടിയുള്ള കാർപെറ്റും ഒഴിവാക്കണം. മരം അല്ലെങ്കിൽ വിനൈൽ ഫ്ളോറിംഗ് ടൈലുകളോ, ലിനോലിയം, കോൺക്രീറ്റ് എന്നിവയോ തറയ്ക്കായി തിരഞ്ഞെടുക്കാം. 

കർട്ടനുകൾ, കിടക്കവിരിൾ, തലയിണകവർ, ചവിട്ടികൾ  ഇവ ദിവസേന വൃത്തിയാക്കണം. തലയിണകളും കിടക്കയും നനവുകടക്കാത്ത 10 മൈക്രോണിൽ ചെരിയ ദ്വാര വലുപ്പമുള്ള പ്ലാസ്റ്റിക് കവർ കൊണ്ടു  പൊതിയാം. കമ്പിളിപ്പുതപ്പുകളും  തൂവൽകിടക്കയും ഉപയോഗിക്കരുത്. ഫോം റബർ അല്ലെങ്കിൽ സിന്തറ്റിക് ഫൈബർ കൊണ്ടുള്ള തലയിണകളും കിടക്കയും ഉപയോഗിക്കാം. അഞ്ചു വർഷത്തിലൊരിക്കലെങ്കിലും കിടക്കയിലും തലയിണയിലും കുഷ്യനുകളിലും നിറച്ചിരിക്കുന്ന പഞ്ഞി മാറ്റണം. അവയുടെ  പ്ലാസ്റ്റിക് ഉറകൾ ദിവസേന തുടയ്ക്കണം, രണ്ടു മാസത്തിലൊരിക്കലെങ്കിലും അണുനാശിനി ഉപയോഗിച്ചു കഴുകണം. 

കിടപ്പുമുറിയിൽ ചെടിച്ചട്ടികൾ വയ്ക്കരുത്. ചെടിച്ചട്ടിയിലും ഇലകളിലും പൊടി തങ്ങിനിൽക്കും. ഈർപ്പമുള്ളതുകൊണ്ടു പൂപ്പൽ ബാധയും കാണും. കിടക്കവിരികളും പുതപ്പുകളും കോട്ടണാണു നല്ലത്. കിടക്കയും തലയിണയും പുറത്തു കാറ്റും വെയിലും  കൊള്ളിച്ച് അതിനുള്ളിലെ സൂക്ഷ്മജീവികളെ നശിപ്പിക്കാം. മുറിയുടെ ഭിത്തികൾ, ഫാൻ, എസി എന്നിവ ആഴ്ചയിലൊരിക്കൽ  നനഞ്ഞ തുണി കൊണ്ടു തുടയ്ക്കണം. ഭിത്തി മുകളിൽ നിന്നു താഴോട്ടു വേണം തുടയ്ക്കാൻ. എസിയുടെ ഫിൽട്ടറും സമയാസമയം വൃത്തിയാക്കണം. 

കുഷ്യനുകളും പതുപതുത്ത പാവകളും  അപ്ഹോൾസ്റ്ററി ചെയ്ത സോഫയും  കസേരകളും  ഒഴിവാക്കുക. മുറി എപ്പോഴും ഉണങ്ങി വായു സഞ്ചാരമുള്ളതാകാൻ ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ വീതം രണ്ടു തവണ ജനറൽ തുറന്നിടുക. അതിരാവിലെയും  സന്ധ്യകഴിഞ്ഞും  ജനലുകൾ തുറക്കരുത്. വളർത്തുമൃഗങ്ങളെ കിടപ്പുമുറിക്കുള്ളിൽ കടത്തരുത്. അനാവശ്യമായ ഫർണിച്ചറുകൾ വേണ്ട. കളിപ്പാട്ടങ്ങളും  പുസ്തകങ്ങളും കിടപ്പുമുറിയിൽ അടുക്കി സൂക്ഷിക്കരുത്.