പ്ലാസ്റ്റിക്കിൽ സൂക്ഷിച്ച ആഹാരസാധനങ്ങൾ കഴിച്ചാൽ?

പ്ലാസ്റ്റിക്‌ കൊണ്ടുണ്ടാക്കിയ ഏതു വസ്തുവും ആരോഗ്യത്തിനു നല്ലതല്ലെന്നറിയാം. അപ്പോള്‍ പ്ലാസ്റ്റിക്‌ വസ്തുക്കളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനെ പറ്റി ചിന്തിക്കുകയേ വേണ്ട. 

പോളികാർബണേറ്റ്സ് അടങ്ങിയതാണ് നമ്മള്‍ ദിവസേന ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍, ഡപ്പകള്‍ തുടങ്ങിയവയെല്ലാം. ഇവ  ബിസ്ഫിനോൾ എ (BPA)  എന്ന കെമിക്കല്‍ പുറന്തള്ളുന്നുണ്ട്. 

ഇത് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. വന്ധ്യത, ബീജോൽപ്പാദനം കുറയ്ക്കുക, പ്രമേഹം, കാന്‍സര്‍, നേരത്തെയുള്ള ആര്‍ത്തവം എന്നിവ ഇവയില്‍ ചിലതു മാത്രം.

പിവിസി ഇനത്തിലെ പ്ലാസ്റ്റിക്കാണ് ആഹാരസാധനങ്ങള്‍ പൊതിയാനും ജാറുകളുടെയും കുപ്പികളുടെയും മൂടിയിലുമെല്ലാം കാണുന്നത്. Phthalates, Epoxidized soybean oil (ESBO) എന്നീ കെമിക്കലുകൾ ഇവയിലുണ്ട്.  പ്രത്യുൽപ്പാദനശേഷിയെ വരെ താളം തെറ്റിക്കുന്ന ഒന്നാണ് ഇവ. ഒപ്പം കാന്‍സര്‍ സാധ്യതയും ഉണ്ടാക്കുന്നു. 

വാട്ടര്‍ ടാപ്പുകളിൽ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക് സാന്നിധ്യം  83 ശതമാനമാണെന്ന് മിനിസോട്ട യൂണിവേഴ്സിറ്റിയിലെയും ന്യുയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. 

മൈക്രോപ്ലാസ്റിക് അടങ്ങിയതാണു വാട്ടര്‍ ടാപ്പുകൾ‍. അഞ്ചു മില്യന്‍ ടണ്‍ പ്ലാസ്റ്റിക്കാണ് ഒരു വർഷം കുറഞ്ഞത്‌ നമ്മള്‍ കടലില്‍ ഒഴുക്കികളയുന്ന മാലിന്യം. നമ്മള്‍ കഴിക്കുന്ന ഉപ്പില്‍ പോലും ഇതിന്റെ അംശം ഉണ്ട്. 

മനുഷ്യവിസര്‍ജ്യത്തില്‍ പ്ലാസ്റ്റിക് അംശം കണ്ടെത്തിയതു കഴിഞ്ഞ വര്‍ഷമാണ്‌. ഓസ്ട്രിയയിലെ ഒരു സംഘം ഗവേഷകര്‍ 10 ഗ്രാം വിസര്‍ജ്യത്തില്‍ ഇരുപതുതരി എന്ന കണക്കിലാണ് പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്

കണ്ണിനു കാണാന്‍ കഴിയാത്തത്ര വലിപ്പത്തിലുള്ള പ്ലാസ്റ്റിക് അന്തരീക്ഷവായുവിലൂടെ നമ്മുടെ ശ്വാസകോശത്തില്‍ വരെ എത്തുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം നാള്‍ക്കുനാള്‍ കൂടിവരുന്ന ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിവേകത്തോടെ ഉപയോഗിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കണം.