കേരള ചിക്കൻ’; ചിറകടിച്ച് ജീവിതം

ചാത്തന്നൂർ∙ ഷീല ഒരു വീട്ടമ്മയാണ്. വീട്ടു ജോലികൾ തീർത്തു തൊഴിലുറപ്പ് ജോലിക്ക് പോകുകയായിരുന്നു ആറുമാസം മുൻപു വരെ. കുടുംബശ്രീ അംഗമായ ഇവരുടെ ജീവിതത്തിനു വഴിത്തിരിവായത് ജിഎസ്ടിയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറച്ചിക്കോഴി ഒഴിവാക്കി സംസ്ഥാനത്തിന് ആവശ്യമായ ഇറച്ചിക്കോഴി വീട്ടമ്മമാർ വളർത്തുന്ന പദ്ധതി മന്ത്രി തോമസ് ഐസക് വിഭാവനം ചെയ്തതോടെ കാര്യങ്ങൾ അപ്പാടെ മാറി മറിഞ്ഞു.

കേരള ചിക്കന്റെ പിറവി ഷീലയെ പോലുള്ള വീട്ടമ്മമാർക്ക് കരുത്തായി .കുടുംബശ്രീ ജില്ലാ മിഷൻ 4% പലിശയ്ക്ക് നൽകിയ ഒരു ലക്ഷം രൂപ ഉപയോഗിച്ച് 6 മാസം മുൻപ് ഷീല കേരള ചിക്കൻ-ഇറച്ചിക്കോഴി വളർത്തൽ പദ്ധതി തുടങ്ങി. ചിറക്കര പഞ്ചായത്ത് കോളജ് വാർഡിലെ ഹരിത കുടുംബശ്രീയിലെ ഷീല ഇതോടെ തൊഴിലുറപ്പ് ജോലി നിർത്തി . 45 ദിവസം കൂടുമ്പോൾ 25,000 രൂപയിലധികം വരുമാനമായി. വായ്പ തിരിച്ചടവ് കൃത്യം. ജീവിതം ചിറകടിക്കുന്നു.

സമാനമായ കഥയാണ് ഉളിയനാട് കാവിൽ വീട്ടിൽ ഷീലയ്ക്ക് പറയാനുള്ളത്. രണ്ടു വർഷം മുൻപ് വാഹനാപകടത്തിൽ ഭർത്താവ് വിജയകുമാർ മരിച്ചതോടെ ജീവിതം ഇരുളടഞ്ഞ ഇവർക്കും കേരള ചിക്കൻ ജീവിതത്തിനു കരുത്താണ്. ഇടവട്ടം, കുളത്തൂർകോണം, ഒഴുകുപാറ തുടങ്ങിയ സ്ഥലങ്ങളിലെ മറ്റു നാലു യൂണിറ്റുകളിലെ അംഗങ്ങളും കേരള ചിക്കനിലുടെ ജീവിതത്തിന്റെ പടവുകൾ കയറുന്നു. മിക്കവരും കോഴി വളം ഉപയോഗിച്ചു പച്ചക്കറി കൃഷിയും നടത്തുന്നു.

പദ്ധതി ഇങ്ങനെ

∙ ഒരു യൂണിറ്റിൽ 1000 കോഴികൾ.

∙ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ 40 രൂപ നിരക്കിൽ കെപ്കോ നൽകും.

∙ 45 ദിവസമാകുമ്പോൾ, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കണക്കാക്കാതെ കിലോഗ്രാമിനു 85 രൂപ നിരക്കിൽ തിരിച്ച് എടുക്കും.

∙ രണ്ടര കിലോ തൂക്കം വയ്ക്കും. 22-25 എണ്ണം ചത്തു പോകാൻ സാധ്യത.

∙ കെപ്കോയുടെ കേന്ദ്രങ്ങളിൽക്കൂടി ‍കോഴി ഇറച്ചി വിറ്റഴിക്കുന്നത്.

∙ കുടുംബശ്രീയിലെ 4 അംഗങ്ങൾ ചേർന്നു 250 വീതം 1000 കോഴികളുടെ യൂണിറ്റിനും പദ്ധതി.

∙ ജില്ലയിൽ 93 യൂണിറ്റുകൾ- ഒന്നര മാസത്തെ ഉൽപാദനം 93,000 കിലോ