'ക്രിമിനൽ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോർത്ത് സഹതാപമുണ്ട് ' ദീപാ നിശാന്ത്

കേരള വർമ കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ ബയോ ആയി നൽകിയ കവിതയിൽ കടപ്പാട് ചേർക്കാതിരുന്നത് സമൂഹമാധ്യമത്തിൽ ചർച്ചയായി. കേരള വർമ കോളജിലെ പൂർവ വിദ്യാർഥിയായ ശരത് ചന്ദ്രൻ എഴുതിയ കവിതയിലെ വരികളാണ് ദീപാ നിശാന്ത് തന്റെ ഫെയ്സ്ബുക്ക് ബയോ ആയി ഉപയോഗിച്ചത്. 

കടപ്പാട് വയ്ക്കാതെ ഒരാളുടെ കവിത എടുക്കുമ്പോൾ ആ വരികൾ ആരെഴുതിയത് എന്നു സംശയം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു ചൂണ്ടികാണിച്ച് ഈ കവിത മുൻപ് വായിച്ചിട്ടുള്ളവർ തന്നെയാണ് ആദ്യം രംഗത്ത് എത്തിയത്.  

ഇഷ്ടപ്പെട്ട വരികൾ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫെയ്സ്ബുക്കിലും വാട്സാപ്പിലുമിടാറുണ്ട്. ഇതൊരു ക്രിമിനൽ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോർത്ത് സഹതാപമുണ്ടെന്ന് ദീപാ നിശാന്ത് വിഷയത്തിൽ പ്രതികരിച്ചു. നാലുവർഷം മുൻപ് കൃഷ്ണകുമാരി ടീച്ചറിൽ നിന്നാണ് ഈ വരികൾ ആദ്യമായി കേട്ടതെന്നും ദീപ കുറിപ്പിൽ പറയുന്നു. 

ദീപ നിശാന്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ–

"പട്ടടത്തീ കെട്ടുപോകിലും പെയ്യട്ടെ

മഴയത്തു വേണം മടങ്ങാൻ.. "

കൃഷ്ണകുമാരി ടീച്ചറിൽ നിന്നാണ് ഈ വരികൾ ആദ്യമായി കേട്ടിട്ടുള്ളത്. ടീച്ചറിപ്പോഴും ഫേസ്ബുക്കിൽ സജീവമായിട്ടുണ്ട്. നാലു വർഷങ്ങൾക്കു മുൻപ് ടീച്ചർ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നു.( 2014 ആഗസ്റ്റ് 1 ന്). അതേ പോസ്റ്റിൽ ഞാനൊരു കമന്റുമിട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട വരികൾ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫേസ്ബുക്കിലും വാട്സപ്പിലുമിടാറുണ്ട്.പലപ്പോഴും രചയിതാവിന്റെ പേര് നമ്മൾ പോലും ഓർത്തോളണം എന്നില്ല. അതൊരു ക്രിമിനൽ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോർത്ത് സത്യത്തിൽ സഹതാപമുണ്ട്.

നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു !!

(ടീച്ചർ 'ബയോ'ഡേറ്റയും കക്കാൻ തുടങ്ങിയോന്ന് ചോദിച്ച് വരുന്ന നിഷ്കളങ്കജന്മങ്ങളേ.... ധ്വജപ്രണാമം !!)

സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്! അതാണ് മറുപടി വൈകിയത്. ക്ഷമിച്ചേക്കണം!

ദീപാ നിശാന്ത് തന്റെ കവിത മോഷ്ടിച്ചുവെന്നു ഞാൻ വിശ്വസിക്കുന്നില്ല എന്നായിരുന്നു വിഷയത്തിൽ ശരത് ചന്ദ്രന്റെ പ്രതികരണം.

ശരത് ചന്ദ്രന്റെ കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ–

"ഈ വിഷയത്തിൽ എന്റെ ഏതു പ്രതികരണവും മറ്റൊരു വ്യക്തിയുടെ പോപ്പുലാരിറ്റിയിലും, സോഷ്യൽ മീഡിയ റീച്ചിലും എളുപ്പം പ്രശസ്തനാവാനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നതു കൊണ്ടു തന്നെയാണ്‌ ഇതു വരെ ഒന്നും പറയാതിരുന്നത്, സുഹൃത്തുക്കളിൽ ബഹുഭൂരിപക്ഷവും യാതൊരു സ്വർത്ഥതയുമില്ലാതെ എനിക്കായാണ് ശബ്‌ദിക്കുന്നതെന്നറിഞ്ഞിട്ടും മൗനം പാലിച്ചത്, ടാഗുകൾ അപ്പ്രൂവ് ചെയ്യാഞ്ഞത്.

വല്ലപ്പോഴും നാലു വരി കവിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന, വളരെ കുറച്ചു വായനക്കാരുള്ള, മിക്കപ്പോഴും സുഹൃത്തുക്കൾ ദുർഗ്രഹമെന്നു കളിയാക്കുന്ന കവിതകളുടെ കവി തന്നെയാണു ഞാൻ.

കേരളവർമയിലെ പഠനകാലത്ത് 2007 ലോ മറ്റോ ഞാനെഴുതിയ ഒരു കവിതയുടെ രണ്ടു വരികൾ ദീപ ടീച്ചറുടെ ബയോ ആയി ഞാൻ കാണുന്നതു കഴിഞ്ഞ ആഴ്ച അല്ല. ഡിസംബർ ആദ്യവാരം ആദ്യമായി അതു കണ്ടപ്പോൾ പണ്ടെങ്ങോ എഴുതിയ എന്റെ കവിത ഒരാൾ കൂടി ഇഷ്ടപ്പെടുന്നുവെന്ന കേവലസന്തോഷത്തിൽ വീട്ടുകാരെയെല്ലാം കാട്ടിക്കൊടുത്തതാണ്. പിന്നീട് ഇതെന്നെയറിയിച്ചവരോടെല്ലാം, "സന്തോഷം" എന്ന ഒറ്റ കമന്റിലും ഒരു ഹാപ്പി ഫേസ് സ്മൈലിയിലും ഒതുക്കിയതാണ് അവകാശവാദങ്ങൾ. അവർ എന്റെ കവിത മോഷ്ടിച്ചുവെന്നു ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ, ഈ വിവാദത്തെ തുടർന്നു അവരെടുത്ത നിലപാടുകളിലും, ഇതു പുരോഗമിച്ച രീതിയിലും എനിക്കു വിയോജിപ്പുണ്ട്."

സമൂഹമാധ്യമങ്ങളിൽ സംഭവം ചർച്ചയായതിനു പിന്നാലെ ദീപാ നിശാന്ത് ബയോ ഡിലീറ്റ് ചെയ്തു. മറ്റൊരു ബയോ ഇട്ടതും വിവാദമായി. വിമർശിച്ചവരെ പരിഹസിക്കുന്നതാണു പുതിയ ബയോ എന്ന് ആരോപണമുണ്ടായി. പിന്നീട് ദീപാ നിശാന്ത് പഴയ ബയോ വരികൾ വീണ്ടും ഇടുകയും അതിനു ശരത് ചന്ദ്രന് കടപ്പാട് രേഖപ്പെടുത്തുകയും ചെയ്തതോടെയാണു വിവാദങ്ങൾ ശമിച്ചത്.