സാഹിത്യ അക്കാദമി വരെ വിശ്വാസമർപ്പിച്ച 'ഈശ്വര'നെ കുറിച്ച്

‘നിരീശ്വരന്റെ’ ശക്തിയെക്കുറിച്ചു സംശയമുള്ളവര്‍ എഴുത്തുകാന്‍ വി.ജെ. ജെയിംസിന്റെ സാക്ഷ്യപത്രം തന്നെ വായിക്കണം. എഴുത്തനുഭവത്തെക്കുറിച്ച് നോവലിന്റെ തുടക്കത്തില്‍ ചിലതൊക്കെ കുറിക്കണം എന്നദ്ദേഹം കരുതിയിരുന്നു. ആഗ്രഹിച്ചിരുന്നു. പക്ഷേ, പുസ്തകം പൂര്‍ത്തിയായപ്പോള്‍ മുന്നുരയും പിന്നുരയും മാഞ്ഞുപോയി. എവിടെ എങ്ങനെ പോയി എന്ന് ആലോചിച്ച് വിഷമിക്കേണ്ടതില്ല; നിരീശ്വരലീല തന്നെ. 

സാക്ഷ്യപത്രത്തില്‍ നിന്നു നോവലിലേക്കു കടക്കുമ്പോഴാകട്ടെ അവിശ്വാസികള്‍ സ്ഥാപിച്ച വിമതദൈവമായ നിരീശ്വരന്‍ ദേശത്തിലെ വ്യത്യസ്തരായ ആള്‍ക്കാരുടെ നിത്യജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരമേകിക്കൊണ്ട് ജനവിശ്വാസത്തിന്റെ അടിസ്ഥാനമായി മാറുന്നതുകാണാം. നായകപദവിയിലേക്ക് ഉയരുന്നതും. 

ജീവനില്ലാത്ത കല്ലും മരവും ചേര്‍ന്നതല്ലേ പള്ളീം അമ്പലോമൊക്കെ-ആലിലകളില്‍ കാറ്റിന്റെ ആയിരം നാവനക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ആന്റണി പറഞ്ഞു. അങ്ങനാണേല്‍ നിലവിലുള്ള സകല ഈശ്വരസങ്കല്‍പങ്ങളേം നിഷേധിക്കുന്ന, പുതിയൊരു ഈശ്വരനെ എന്തുകൊണ്ട് നമുക്കു സൃഷ്ടിച്ചുകൂടാ. ഈശ്വരനെ നേരിടാനായി മറ്റൊരു ഈശ്വരന്‍. കാക്കത്തൊള്ളായിരം ഈശ്വരന്‍മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോ പുതിയൊരുത്തനെക്കൂടി സൃഷ്ടിച്ചിട്ടെന്തു കാര്യം? സഹീര്‍ ചോദിച്ചു. 

കാര്യോണ്ട് സഹീര്‍, സകല ഈശ്വരന്‍മാര്‍ക്കും ബദലായി നില്‍ക്കുന്നവനാണിവന്‍. അതിനാല്‍ നമ്മള്‍ സൃഷ്ടിക്കുന്ന പുതിയ ഈശ്വരന്റെ പേര് നിരീശ്വരന്‍ എന്നാരിക്കും. 

നിരീശ്വരന്‍.. നിരീശ്വരന്‍.. ഭാസ്കരന്‍ ആ നാമം രണ്ടുവട്ടം നാവിലിട്ടു സ്വാദ് പരിശോധിച്ചു. 

എഴുത്തിലെ പരിചിത, കാല്‍പനിക വഴികളിലെ സുഖമുള്ള പേരല്ല വി.ജെ. ജെയിംസിന്റേത്. ഹൃദയത്തേക്കാളേറെ ബുദ്ധിയാണ് ജെയിംസിന്റെ കരുത്ത്. കല്‍പിത കഥകളേക്കാള്‍ യാഥാര്‍ഥ്യവും. ഭാവനയുടെ ആകാശത്തിനും ഭൂമിക്കും മുകളില്‍ വിചാരത്തിന്റെ കരുത്തിലും യുക്തിയുടെ ചിറകിലുമാണ് ജെയിംസിന്റെ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നത്; നിരീശ്വരനും. 

ചോരശാസ്ത്രം എന്ന വ്യത്യസ്ത നോവലിലൂടെ വരവറിയിക്കുകയും പുറപ്പാടിന്റെ പുസ്തകം, ദത്താപഹാരം, ലെയ്ക്ക തുടങ്ങിയ നോവലുകളിലൂടെയും പ്രണയോപനിഷത്ത് പോലെയുള്ള പ്രശസ്ത ചെറുകഥകളിലൂടെയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ജെയിംസിന്റെ നിരീശ്വരന്‍ പ്രസിദ്ധീകരിക്കുന്നത് നാലുവര്‍ഷം മുമ്പ് 2014-ല്‍. അന്നേ മികച്ച വായനക്കാരുടെ അനുകൂല അഭിപ്രായം നേടിയ നോവല്‍ വൈകിയാണെങ്കിലും കേരള സാഹിത്യ അക്കാദമിയുടെ കണ്ണിലും പെട്ടിരിക്കുന്നു. 

ജെയിംസിനെ അംഗീകരിക്കുന്നതിലൂടെ വ്യത്യസ്തമായ എഴുത്തിനാണ് ഇത്തവണ സാഹിത്യഅക്കാദമി മാർക്ക് ഇട്ടിരിക്കുന്നത്. നിരീശ്വരനെ അംഗീകരിക്കുന്നതിലൂടെ വിമതദൈവങ്ങള്‍ക്കും സമൂഹത്തില്‍ സ്ഥാനമുണ്ടെന്ന സത്യത്തിനും. 

അകാല്‍പനികമായാണ് നിരീശ്വരന്‍ എന്ന നോവല്‍ തുടങ്ങുന്നതുതന്നെ. ഒരു മുന്നറിയിപ്പോടു കൂടി. 

ക്ഷേത്രം ഈശ്വരന്റെ വാസസ്ഥലമാണെന്നിരിക്കെ നിരീശ്വരക്ഷേത്രം എന്ന പേരു കേള്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും വിയോജിപ്പ് തോന്നുന്നുവെങ്കില്‍ സ്വന്തം ദുരഭിമാനത്തിന്റെ ഇടതുവശത്തായി അതങ്ങ് ഒതുക്കിവച്ചുകൊള്ളുക. എന്തെന്നാല്‍ നിരീശ്വരഭാവത്തോടെ അങ്ങനെയൊരു ആരാധനാലയം നിലവില്‍ വന്നുകഴിഞ്ഞിരിക്കുന്നു. അതിന്റെ ഉൽപത്തിയും വളര്‍ച്ചയുമാണ് നിരീശ്വരന്‍ എന്ന നോവലിന്റെ ഇതിവൃത്തം. 

ഈശ്വരനും ആചാരങ്ങളും ഐതിഹ്യങ്ങളും അനുഷ്ഠാനങ്ങളും എന്നും സജീവമായ ചര്‍ച്ചാവിഷയമാണെങ്കിലും മറ്റെല്ലാകാലത്തിനേക്കാളും ആചാരങ്ങളും ആചാരലംഘനവും വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുമ്പോള്‍ കൂടിയാണ് നിരീശ്വരന്‍ സമൂഹത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് കാരണമാകുന്നതും. വായിക്കാന്‍ വേണ്ടി മാത്രമുള്ള നോവലല്ല വി.ജെ.ജെയിംസിന്റേത്; ചര്‍ച്ച ചെയ്യാനുള്ളത്. അംഗീകരിക്കാന്‍ മാത്രമുള്ളതല്ല; വിമര്‍ശിക്കാനും വിവാദങ്ങളുയര്‍ത്താനും കൂടിയുള്ളത്. 

ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങള്‍ പാടാം. 

എങ്ങും നിറഞ്ഞ്, എങ്ങും വിളങ്ങുന്ന നിരീശ്വരന്‍

മണ്ണില്‍ ഉല്‍പത്തിയായ കഥകള്‍ പറയാം. 

ശത്രുനിഗ്രഹം ചെയ്ത് ആശ്രിതരെ കാക്കുന്ന കാരുണ്യം വാഴ്ത്താം. 

അവന്റെ മഹിമ കേള്‍ക്കാത്തവര്‍ക്കായി 

അവനെ ഇനിയും അറിയാത്തവര്‍ക്കായി 

നിരീശ്വരചരിതം ഇനി ഞാന്‍ ഉര ചെയ്യാം 

നിരീശ്വര ലീലകള്‍ സഫലമായി വര്‍ണിക്കുന്നതിന്

അവനെനിക്ക് കൃപ നല്‍കുമാറാകട്ടെ. 

ഓം നിരീശ്വരനായ നമഃ