നേട്ടം കൊയ്യാൻ കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബിജെപിയുടെ നോട്ടം

ലോക്സഭാ തിരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിലേക്കെന്നു സൂചനയായതോടെ ബിജെപിയുടെ നോട്ടം കിഴക്കോട്ടു തിരിയുന്നു. ഉത്തരേന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുള്ള മേഖലയാണു കിഴക്ക്. ബംഗാൾ, ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലായി 143 സീറ്റ്. കഴിഞ്ഞതവണ കോൺഗ്രസോ ബിജെപിയോ അല്ല, പ്രാദേശിക പാർട്ടികൾ കരുത്തുകാട്ടിയ മേഖല. അന്നു ബിഹാറിൽ നേട്ടം കൊയ്ത ബിജെപിക്കു മേഖലയിൽ മൊത്തം ലഭിച്ചത് 46 സീറ്റ്.

ഉത്തരേന്ത്യയിൽ പരമാവധി നേടിക്കഴിഞ്ഞെന്ന ബോധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും അന്നേ മറ്റു മേഖലകളിൽ നോട്ടമിട്ടുതുടങ്ങിയിരുന്നു. 131 സീറ്റുള്ള ദക്ഷിണേന്ത്യയിൽ, കർണാടകയിലൊഴികെ ഇപ്പോഴും പച്ച തൊടാനാകുന്നില്ല. ജാതിസമവാക്യങ്ങളും പ്രാദേശിക രാഷ്ട്രീയവും വഴങ്ങാതെ നിൽക്കുമ്പോൾ തെക്ക് സഖ്യകക്ഷികളെ തേടുക മാത്രമാണു രക്ഷ.

അങ്ങനെയാണു മോദിയുടെയും അമിത് ഷായുടെയും കണ്ണ് ബംഗാളിലുടക്കിയത്. 42 സീറ്റിൽ കഴിഞ്ഞതവണ കിട്ടിയതു രണ്ട്. തൊട്ടടുത്ത് ഒഡീഷയിലും സമാനമായിരുന്നു സ്ഥിതി. 21ൽ കിട്ടിയത് ഒന്ന്. ഇക്കുറി ബംഗാളിൽ അമിത് ഷായുടെ ലക്ഷ്യം 23 സീറ്റാണ്; ഒഡീഷയിൽ പതിനഞ്ചും. ബംഗാളിലേത് അതീവദുഷ്കര ലക്ഷ്യം. എന്നാൽ, അമിത് ഷാ ബഹുരാഷ്ട്രക്കമ്പനി സിഇഒമാരെപ്പോലെ ടാർഗറ്റ് നിശ്ചയിക്കുന്നു; പറ്റില്ലെന്നു പറയാൻ ആർക്കു പറ്റും?

ബംഗാളിലെ ‘മിഷൻ 23’

ബംഗാളിലാകെ 74,000 പോളിങ് ബൂത്തുകൾ. ലക്ഷ്യം പകുതിയിലേറെ സീറ്റുകളെന്നു നിശ്ചയിച്ചതോടെ, 2015ൽ സംസ്ഥാന പ്രസിഡന്റിനെ മാറ്റി. ഇപ്പോൾ 65,000 ബൂത്തുകളിലും കമ്മിറ്റികളായിക്കഴിഞ്ഞെന്നു സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറയുന്നു. 23 സീറ്റ് എന്ന ലക്ഷ്യത്തിന്റെ കാര്യത്തിൽ ഘോഷിനും സംസ്ഥാന ചുമതലയുള്ള ബിജെപി കേന്ദ്ര നേതാവ് കൈലാഷ് വിജയ് വാർഗിയയ്ക്കും ആത്മവിശ്വാസം.

ഗെയിംപ്ലാനിന്റെ അടുത്ത ഘട്ടമായാണു സംസ്ഥാനത്തു രഥയാത്രകൾ പ്രഖ്യാപിച്ചത്. സർക്കാർ അനുമതി നിഷേധിച്ചതിനെത്തുടർന്നുള്ള കേസിൽ രഥയാത്ര അനുവദിക്കാൻ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടെങ്കിലും യാത്രാക്രമം പുതുക്കി അവതരിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. സംഘർഷ സാധ്യതയുള്ള ഭാഗങ്ങളിലൂടെയാണു യാത്രയെന്ന സർക്കാരിന്റെ ആശങ്ക തള്ളിക്കളയാനാകില്ലെന്നാണു കോടതി വിലയിരുത്തിയത്. ഏതായാലും 40 ദിവസത്തെ യാത്ര പാർട്ടി 20 ദിവസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.

ബിജെപിയുടെ പൂർവ സംഘടന ജനസംഘത്തിന്റെ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ നാടാണെങ്കിലും ബംഗാളിന് ഇത്രയും കാലം ഹിന്ദുത്വ രാഷ്ട്രീയം അപരിചിതമായിരുന്നു. ‘ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും രണ്ടാംകിട പൗരന്മാരായി കണക്കാക്കിയിരുന്ന ഹിന്ദുവോട്ടർമാർ ഇക്കുറി മറുപടി നൽകുന്നതു കാണൂ’– ദിലീപ് ഘോഷ് മറയില്ലാതെ പറയുന്നു.  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധത്തിനു കാരണമായ പൗരത്വ ബിൽ ഭേദഗതിയിലൂടെ ബംഗാളിലെ 7 അതിർത്തി ജില്ലകളിൽ നേട്ടം കൊയ്യാമെന്നു ബിജെപി കണക്കുകൂട്ടുന്നു.  ഇവിടെയുള്ള അഭയാർഥികളിലേറെയും പൗരത്വമില്ലാത്തവർ. മുന്നാക്ക സംവരണ ബിൽ കൂടി വന്നതോടെ ഹിന്ദു വോട്ട്ബാങ്കിൽ നിക്ഷേപം ഉറപ്പിക്കാമെന്നാണു പാർട്ടിയുടെ പ്രതീക്ഷ.

രാഹുൽ ഗാന്ധിയും മമത ബാനർജിയും

കോൺഗ്രസ് ആർക്കൊപ്പം?

തിരഞ്ഞെടുപ്പുകളത്തിൽ അഴിമതിയാരോപണങ്ങൾ വിലപ്പോകാത്ത സംസ്ഥാനമാണു ബംഗാൾ. റഫാലോ കടമടയ്ക്കാത്ത വ്യവസായികളുടെ വിദേശവാസമോ വിഷയമല്ല. അതേസമയം, കർഷകദുരിതവും ‘അച്ഛേ ദിനും’ ചർച്ചയാക്കിയാൽ ജനം ശ്രദ്ധിക്കും.  ഇവയാണു മറ്റു പാർട്ടികളുടെ ഉന്നം. മമത ബാനർജിക്കു ദേശീയ രാഷ്ട്രീയത്തിൽ എങ്ങനെയും ഇടം കണ്ടെത്തേണ്ടതുണ്ട്. അതിനു പരമാവധി സീറ്റുകൾ ഉറപ്പിക്കാൻ സഖ്യമില്ലാത്തതാകും നല്ലതെന്ന കണക്കുകൂട്ടൽ അവർക്കുണ്ട്. അത്രയും സീറ്റിൽകൂടി പാർട്ടിക്കു മത്സരിക്കാമല്ലോ. മമത അങ്ങനെ തീരുമാനിച്ചാൽ പിന്നെ കോൺഗ്രസിനും ഇടതുപക്ഷത്തിനും മുന്നിൽ ഒറ്റ വഴിയേയുള്ളു – ഒരുമിച്ചുനിൽക്കുക.

പക്ഷേ, അതും അത്രയെളുപ്പമല്ല. 2016ൽ കൈപൊള്ളിയ സഖ്യമാണ്. സിപിഎമ്മും സിപിഐയും സഖ്യത്തിനു മനസ്സുകൊണ്ടു തയാറാണ്. എന്നാൽ, തൃണമൂലിനൊപ്പം നിൽക്കണമെന്നാണു കോൺഗ്രസിൽ ഒരു വിഭാഗം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചർച്ചകൾക്കിടയിലാണ് അറിയപ്പെടുന്ന മമതവിരുദ്ധനായ സോമൻ മിത്രയെ രാഹുൽ ഗാന്ധി പിസിസി അധ്യക്ഷനാക്കിയത്. മിത്ര ഹൈക്കമാൻഡിനു മുൻപാകെ പ്ലാൻ എയും (സിപിഎം സഖ്യം) പ്ലാൻ ബിയും (തൃണമൂൽ സഖ്യം) അവതരിപ്പിച്ചു. കൂട്ടിയും കിഴിച്ചും ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നതാണു നയം.

പാർട്ടിയിൽ ഭൂരിപക്ഷവും സിപിഎം സഖ്യമാണ് ആഗ്രഹിക്കുന്നതെന്നു മിത്ര സമ്മതിക്കുന്നു. അതേസമയം, തൃണമൂൽ സഖ്യം വേണമെന്ന് വാദിക്കുന്നത് പാർട്ടിക്ക് ഇപ്പോഴും വേരുകൾ ബാക്കിയുള്ള മാൾഡ മേഖലയിലുള്ളവരാണ്. അവരെ അവഗണിക്കാനാകില്ല. തന്റെ വ്യക്തിപരമായ അഭിപ്രായം കൂടി മിത്ര തുറന്നുപറയുന്നു– പാർട്ടി രക്ഷപ്പെടണമെങ്കിൽ ഒറ്റയ്ക്കു മത്സരിക്കണം. ആവശ്യാനുസരണം തൃണമൂലുമായോ ഇടതുമായോ അനൗദ്യോഗിക ധാരണയ്ക്കുള്ള പഴുതും കിട്ടും.

ഇടതു ചേർന്ന് രാഹുൽ

ബംഗാളിൽ കോൺഗ്രസ് ഇടതുവശം ചേർന്നുനിൽക്കുന്നുവെങ്കിൽ രാഷ്ട്രീയ നിരീക്ഷകർ അതിനു കാരണം കണ്ടെത്തുക രാഹുൽ ഗാന്ധിയിലാകും. പാർലമെന്റിന്റെ അകത്തളങ്ങളിൽ രൂപപ്പെട്ട സൗഹൃദമാണത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമായുള്ള രാഹുലിന്റെ അടുപ്പവും നിർണായകം.

ഇടത്– കോൺഗ്രസ് ധാരണ സംബന്ധിച്ച ചർച്ചകൾ സംസ്ഥാന തലത്തിൽ നടക്കട്ടെയെന്നാണു കഴിഞ്ഞ ദിവസം യച്ചൂരി നൽകിയ സൂചന. സിപിഎം ആണ് ആദ്യ ചുവടു വയ്ക്കേണ്ടതെന്നു സോമൻ മിത്ര ഉടൻ പ്രതികരിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ, കോൺഗ്രസ് – സിപിഎം സഖ്യത്തിനുതന്നെ ഇക്കുറിയും സാധ്യത, ഔദ്യോഗികമാണെങ്കിലും അനൗദ്യോഗികമാണെങ്കിലും.

മമതയുടെ റാലിക്ക് രാഹുൽ വരുമോ?

ശനിയാഴ്ച മമത ബാനർജി കൊൽക്കത്തയിൽ നടത്തുന്ന പ്രതിപക്ഷ റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമോ ? കോൺഗ്രസ് ഇതുവരെ ഉറപ്പു നൽകിയിട്ടില്ലെന്നു തൃണമൂൽ നേതാക്കൾ പറയുന്നു.
രാഹുൽ വരുമെങ്കിൽ മൂന്നാം മുന്നണിക്കായി രംഗത്തുള്ള തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു വിട്ടുനിൽക്കും. ഫലത്തിൽ, ദേശീയ തലത്തിൽ പ്രതിപക്ഷ രാഷ്ട്രീയം ഇനിയങ്ങോട്ട് എങ്ങനെയെന്ന സൂചന ഈ റാലിയോടെ ലഭിക്കും.

രാഹുലോ സോണിയയോ വരുന്നതിനോടു ബംഗാളിലെ കോൺഗ്രസ് നേതൃത്വത്തിനു താൽപര്യമില്ല. പകരം പ്രതിനിധിയെ അയച്ചാൽ മതിയെന്നാണ് അഭിപ്രായം. ഹിന്ദി സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകളുടെ സത്യപ്രതിജ്ഞയ്ക്കു മമത അതാണല്ലോ ചെയ്തത്.