ശബരിമല ദർശനത്തിനെത്തിയ യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി - വിഡിയോ

സന്നിധാനം∙ ശബരിമലയിൽ ദർശനത്തിനെത്തിയ രണ്ടു യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. നീലിമലയിൽനിന്ന് പൊലീസ് വാഹനത്തിൽ യുവതികളെ നീക്കി. പമ്പയിലേക്കാണ് ഇവരെ കൊണ്ടുപോയത്. പുലർച്ചെ നാലരയോടെ പമ്പയിലെത്തിയ യുവതികളെ നീലിമലയിൽ തടഞ്ഞിരുന്നു. കണ്ണൂർ സ്വദേശിയായ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയുമാണ് മല കയറ്റത്തിനിടെ ത‍ടഞ്ഞത്. ഏഴംഗ സംഘത്തിനൊപ്പമാണ് രണ്ടു യുവതികളും മലകയറ്റം ആരംഭിച്ചത്. ദർശനത്തിനുശേഷം മടങ്ങിയ തീർഥാടകർ ഇവരെ തിരിച്ചറിഞ്ഞതോടെ പ്രതിഷേധിച്ചു. വിവരം പടർ‌ന്നതോടെ കൂടുതൽ തീർഥാടകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. അതിനിടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. .

അതേസമയം, വ്രതം നോറ്റാണ് എത്തിയതെന്നും ദർശനം നടത്താതെ തിരികെ പോകില്ലെന്നും യുവതികള്‍ വ്യക്തമാക്കി. നിലയ്ക്കലിലെത്തിയാൽ സുരക്ഷയൊരുക്കാമെന്ന് പൊലീസ് അറിയിച്ചിരുന്നുവെന്നും രേഷ്മ പറഞ്ഞു. മുൻപ് രേഷ്മ മല കയറുന്നതിനായി എത്തിയെങ്കിലും സാധിച്ചിരുന്നില്ല. മാലയിട്ടതായുള്ള വാർത്ത പുറത്തുവന്നപ്പോൾ മുതൽ രേഷ്മയ്ക്ക് നാട്ടുകാരിൽനിന്നും കുടുംബക്കാരിൽനിന്നും വൻ പ്രതിഷേധമാണ് നേരിടേണ്ടി വന്നിരുന്നത്. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ട് സാഹചര്യം വരെ ഉയർന്നിരുന്നു.

ശബരിമലയിൽനിന്നുള്ള തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ അറിയാം.