കണക്കുകൂട്ടി കണക്കുകൂട്ടി, 28,000 കോടിയുടെ കമ്പനി മേധാവി; ഇത് വേൾഡ് ‘ക്ലാസ്’ ബൈജു

കുട്ടിക്കാലത്ത് ഗണിതശാസ്ത്ര മൽസരങ്ങൾക്കായി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രകളിലെല്ലാം ബൈജുവിന്റെ കണ്ണ്  വഴിയിലെ വൈദ്യുതി പോസ്റ്റുകളിലായിരുന്നു. വെറുതേ പോസ്റ്റ് എണ്ണി ഇരിക്കുകയല്ല. ഒരു പോസ്റ്റിൽനിന്ന് രണ്ടാമത്തെ പോസ്റ്റിലേക്കെത്താൻ ട്രെയിൻ എത്ര സമയമെടുക്കുമെന്നും അങ്ങനെയെങ്കിൽ മണിക്കൂറിൽ ട്രെയിനിന്റെ വേഗമെത്രയെന്നും  മനഃകണക്കു കൂട്ടുകയാകും. 

കുട്ടിക്കാലം മുതൽ ഇങ്ങനെ കണക്കുകൂട്ടിയാണ്, കണക്കുകൂട്ടാനാകാത്ത ഉയരത്തിലേക്കു ബൈജു രവീന്ദ്രൻ എത്തിയത്. ബൈജൂസ് ആപ്പ് എന്ന ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ എന്ന മുപ്പത്തിയെട്ടുകാരൻ കണക്കിലെ കുറുക്കുവഴികളിലൂടെയാണ് 28,000 കോടി മൂല്യമുള്ള കമ്പനിയുടെ മേധാവിയായത്. 

എന്നാൽ, കണ്ണൂർ അഴീക്കോട്ടെ വൻകുളത്തുവയൽ എന്ന ഗ്രാമത്തിൽനിന്നു ലോകമറിയുന്ന അധ്യാപകനും സ്റ്റാർട്ടപ്പ് സംരംഭകനുമായുള്ള വളർച്ചയിൽ കുറുക്കുവഴികളില്ല. കണക്കിനോടുള്ള ഇഷ്ടവും കഷ്ടപ്പാടും ഒരു കായികതാരത്തിന്റെ പോരാട്ട മനസ്സും മാത്രം. ഗ്രാമത്തിലെ ഹൈസ്കൂൾ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച്, അതേ സ്കൂളിൽ പഠിച്ച്, പാടത്തും പറമ്പിലും പന്തുതട്ടി നടന്ന ഒരു ഗ്രാമീണ ബാലന് ബിസിനസ് രംഗത്ത് എവിടംവരെ ഉയരാമെന്നതിന്റെ സാക്ഷ്യമാണ് ഇന്നു ബൈജു രവീന്ദ്രൻ. 

സ്റ്റേഡിയം കടന്നുള്ള സിക്സർ മതി

പ്രായം നാൽപതിനോട് അടുത്തിട്ടും ഇന്നും ചാംപ്യനായി നിൽക്കുന്ന ടെന്നിസ് താരം റോജർ ഫെഡറർ, ഫുട്ബോളിൽ ഇനി ഒന്നും തെളിയിക്കാനില്ലാത്ത ലയണൽ മെസി. ഇവരെയൊക്കെയാണു ബൈജുവിന് ഇഷ്ടം. എല്ലാവരെയും തോൽപിച്ചശേഷം തന്നോടുതന്നെ ഓരോ ദിവസവും മൽസരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഇവരിൽ ബൈജു കാണുന്ന സവിശേഷത. ൈബജുവിന്റെ മൽസരവീര്യവും അങ്ങനെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ എജ്യുടെക് കമ്പനിയാവുക എന്നതായിരുന്നു 2015ലെ ലക്ഷ്യം. ഒരു വർഷംകൊണ്ട് അതു സാധിച്ചു.

ലോകത്തിലെ ഏറ്റവും വലിയ എജ്യുടെക് കമ്പനിയാവുക എന്ന ലക്ഷ്യത്തിലേക്കും അധികം കാത്തിരിപ്പുണ്ടായില്ല. വരുന്ന നാലു വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ എജ്യുക്കേഷൻ കമ്പനിയാവുകയെന്നതാണ് ഇപ്പോൾ മുൻപിലുള്ള ലക്ഷ്യം. ഹൈജംപ് മൽസരം പോലെയാണു ബൈജു ലക്ഷ്യങ്ങളെ സമീപിക്കുന്നത്. വലിയ ലക്ഷ്യം വയ്ക്കുക, അവിടെയെത്താറാകുമ്പോൾ  ലക്ഷ്യമുയർത്തുക. ബൗണ്ടറി മറികടന്നാൽ സിക്സർ കിട്ടുമെങ്കിലും സ്റ്റേഡിയത്തിനു പുറത്തേക്ക് അടിക്കാൻ ശ്രമിക്കുകയെന്ന ആക്രമോൽസുകനായ ബാറ്റ്സ്മാന്റെ മനസ്സാണു ബൈജുവിന്റെ കരുത്ത്. 

സ്വന്തം കണക്കുവഴികൾ

അച്ഛൻ രവീന്ദ്രനും അമ്മ ശോഭനവല്ലിയും അധ്യാപകരായി ജോലിനോക്കിയ അഴീക്കോട് ഹൈസ്കൂളിലാണ് 5 മുതൽ 10 വരെ ബൈജു പഠിച്ചത്. മകനു പ്രത്യേക പരിഗണന നൽകിയെന്ന ആരോപണം കേൾക്കരുതെന്നു കരുതിയാകണം ഇവർ പഠിപ്പിക്കാത്ത ഡിവിഷനിലാണു ബൈജുവിനെ ചേർത്തത്. കണക്കിൽ സ്വന്തം കുറുക്കുവഴികൾ തേടിപ്പോയപ്പോഴൊന്നും കണക്ക് ടീച്ചറായ അമ്മയുടെ സഹായം തേടിയതുമില്ല. മകനു സ്വാതന്ത്ര്യത്തിന്റെ കുട്ടിക്കാലം നൽകിയ ഈ അച്ഛനുമമ്മയ്ക്കുമാണ് തന്റെ വിജയത്തിൽ ബൈജു വലിയൊരു കയ്യടി കൊടുക്കുക. എന്തു പഠിക്കണം എന്ന് അവർ പറഞ്ഞിട്ടില്ല, പഠിക്കുന്നതു വളരെ പ്രധാനമാണ് എന്നേ പറഞ്ഞിട്ടുള്ളൂ ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തില്ലെന്നതാവാം എന്റെ വിജയം- ബൈജു പറയുന്നു.

ബൈജു രവീന്ദ്രൻ മാതാപിതാക്കളായ രവീന്ദ്രൻ,ശോഭനവല്ലി, ഭാര്യ ദിവ്യ,മകൻ നിഷ് എന്നിവർക്കും മറ്റു കുടുംബാഗങ്ങൾക്കുമൊപ്പം അഴീക്കോട്ടെ തറവാട് വീട്ടിനു മുൻപിൽ.

ആദ്യത്തെ ക്ലാസ് വീട്ടിൽ

ബൈജുവിൽനിന്ന് എത്രപേർ കണക്കു പഠിച്ചെന്നു ചോദിച്ചാൽ കൃത്യമായൊരുത്തരമില്ല. ബൈജൂസ് ലേണിങ് ആപ് ഉപയോഗിക്കുന്നത് 3.2 കോടി കുട്ടികളാണ്. 2005 മുതൽ 2015ൽ ആപ് ലോഞ്ച് ചെയ്യുന്നതുവരെയുള്ള 10 വർഷത്തെ ശിഷ്യരുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യം കണക്കു പഠിപ്പിച്ചു തുടങ്ങിയത്. അതും 10ലും 12ലുമൊക്കെ പഠിക്കുന്ന അയൽപക്കത്തെ ചേട്ടൻമാർക്ക്. വൻകുളത്തുവയലിലെ വീടായിരുന്നു പാഠശാല. കണക്കിൽ മിടുക്കനായ ൈബജുവിനെ തേടി സംശയങ്ങളുമായി കുട്ടികൾ എത്തുകയായിരുന്നു.

കളിയിഷ്ടം നൽകിയത് ആറു ശസ്ത്രക്രിയകൾ

സ്കൂളിലെത്തിയാൽ മൈതാനത്ത്. വീട്ടിലെത്തിയാൽ പാടത്തോ, പറമ്പിലോ, പന്തുരുളുന്നിടത്തെല്ലാം ബൈജുവുണ്ടായിരുന്നു. ക്രിക്കറ്റ്, ഫുട്ബോൾ, ടേബിൾ ടെന്നിസ് എന്നിവ ഇഷ്ട ഇനങ്ങൾ. മൂന്നിലും സർവകലാശാലാ തലത്തിൽ മൽസരിച്ചിട്ടുമുണ്ട്. ഫുട്ബോളിനോടുള്ള ഇഷ്ടം ശരീരത്തിൽ ശസ്ത്രക്രിയയുടെ പാടുകളായി ഇപ്പോഴുമുണ്ട്. പരുക്കു മാറ്റാൻ അഞ്ചു ശസ്ത്രക്രിയകളാണു ചെയ്തത്. ക്ലാസിൽ കയറാതെ കളിച്ചുനടന്നെങ്കിലും ഒന്നാംക്ലാസ് മുതൽ എഴുതിയ എല്ലാ പരീക്ഷയ്ക്കും സ്കൂളിൽ ബൈജുവായിരുന്നു ഒന്നാമൻ. കണക്കിന് എന്നും നൂറിൽ നൂറ്.

അച്ഛനിഷ്ടം താൻ ഡോക്ടറായിക്കാണാനാണെന്ന് ബൈജുവിന് അറിയാമായിരുന്നു. എന്നാൽ പ്രീഡിഗ്രിക്കുശേഷം എൻജിനിയറിങ് പഠിക്കാനാണു ചേർന്നത്. കൂടുതൽ ഒഴിവുസമയം കിട്ടുമെന്നും നാലു വർഷം കൂടി കളിച്ചുനടക്കാമല്ലോ എന്നുമായിരുന്നു മനസ്സിൽ. 

കണക്കിനോടും കളിയോടും മാത്രമായിരുന്നു  ഇഷ്ടം. ഇതിൽ രണ്ടിലൊന്ന് പ്രഫഷനാക്കാനേ ബൈജുവിനു കഴിയുമായിരുന്നുള്ളൂ.

മൂലധനം വിദ്യാർഥികളുടേത്

കണക്കും കളിയും മാത്രമിഷ്ടപ്പെട്ട ബൈജു പക്ഷേ ആദ്യംചെയ്ത ജോലി മെക്കാനിക്കൽ എൻജിനീയറുടേതാണ്. എൻജിനീയറിങ് കഴിഞ്ഞ പാടേ 2001ൽ പ്രമുഖ ഷിപ് മാനേജ്മെന്റ് കമ്പനിയിൽ ജോലി കിട്ടി. മൂന്നര വർഷത്തെ ജോലിക്കിടെ നാൽപതോളം രാജ്യങ്ങൾ കറങ്ങി. ജോലിക്കിടയിലെ നീണ്ട അവധി ദിനങ്ങളാണു ജീവിതം മാറ്റിമറിച്ചത്. അവധിക്കാലത്ത് സുഹൃത്തുക്കളെ കാണാൻ ബെംഗളൂരുവിലേക്കു വാരാന്ത്യ യാത്രകൾ നടത്തുമായിരുന്നു. സുഹൃത്തുക്കൾ സിഎടി പരീക്ഷയ്ക്കു തയാറെടുക്കുമ്പോഴായിരുന്നു ഒരു സന്ദർശനം.

കണക്കിൽ തനിക്കറിയാവുന്ന സൂത്രപ്പണികൾ അവർക്കു പറഞ്ഞുകൊടുത്തു. തമാശയ്ക്ക് അവർക്കൊപ്പം പരീക്ഷയുമെഴുതി. ഫലം വന്നപ്പോൾ ടോപ്പർ ബൈജു. കണക്കു പറഞ്ഞുകൊടുത്ത 10ൽ നാലുപേർക്ക് ഐഐഎം പ്രവേശനവും കിട്ടി. ഐഐഎമ്മിൽ ചേരാൻ മകനെ ഉപദേശിക്കണമെന്ന് അച്ഛനോടു ചില സുഹൃത്തുക്കൾ പറഞ്ഞെങ്കിലും മകനെ അറിയാവുന്ന അച്ഛൻ നിർബന്ധിച്ചില്ല.

അടുത്ത അവധിക്കാലത്ത് ബെംഗളൂരുവിലെത്തിയപ്പോഴും സിഎടി പരീക്ഷാ സമയം. സുഹൃത്തുക്കൾ മാത്രമല്ല, അവർ പറഞ്ഞുകേട്ട് മറ്റു ചിലരും ബൈജുവിൽനിന്നു പഠിക്കാനെത്തി. ഫ്ലാറ്റിലും കോഫി ഷോപ്പിലും വച്ചുള്ള പഠനം വേണ്ട, ഏതെങ്കിലും ക്ലാസ്മുറിയിലാകാമെന്നു നിർദേശം വച്ചതു സുഹൃത്തുക്കളാണ്. അങ്ങനെ ജ്യോതിനിവാസ് കോളജിലെ ക്ലാസ് മുറിയിലായി അധ്യാപനം. ആദ്യ സെഷനിൽ 35 പേർ. രണ്ടാമത്തെ സെഷനിൽ 85 പേർ. 200 പേരായപ്പോൾ ക്ലാസ്റൂം പോരെന്നായി. കോളജിന്റെ ഓഡിറ്റോറിയം വാടകയ്ക്കെടുക്കാമെന്ന നിർദേശം വച്ചതു വിദ്യാർഥികളാണ്. ഒരു ലക്ഷം രൂപയ്ക്കടുത്താണു വാടക. തുക കണ്ടെത്താൻ ഒരാളിൽനിന്ന് ഒരു സെഷന് 1000 രൂപ വീതം വാങ്ങാൻ തീരുമാനിച്ചതും ശിഷ്യർ തന്നെ.

അങ്ങനെ വിദ്യാർഥികൾതന്നെ ഫീസ് പിരിച്ച്, വിദ്യാർഥികൾ വാടകയ്ക്കെടുത്ത ഓഡിറ്റോറിയത്തിൽ ബൈജു ക്ലാസെടുത്തു. അതായിരുന്നു ഇന്നത്തെ കമ്പനിയിലേക്കുള്ള മൂലധനം. കോഫിഷോപ്പിലെ വിരലിലെണ്ണാവുന്ന വിദ്യാർഥികളിൽനിന്ന് ഡൽഹിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാൽലക്ഷത്തോളം വിദ്യാർഥികളിലേക്കു വളരാൻ ഏതാനും മാസമേ വേണ്ടിവന്നുള്ളൂ.

കഷ്ടപ്പാടിന്റെ യാത്രകൾ

ബസും ട്രെയിനും വിമാനവും മാറിക്കയറി, ബസ് സ്റ്റാൻഡിലും ട്രെയിനിലും ഇരുന്നുറങ്ങി, തെരുവിലെ ഭക്ഷണവും കഴിച്ച് ഇന്ത്യയിലെ നഗരങ്ങളിലേക്കെല്ലാം മുടങ്ങാതെ യാത്ര ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ദൂരെയുള്ള സംസ്ഥാനങ്ങളിൽനിന്നു വിദ്യാർഥികൾക്ക് ബെംഗളൂരുവിലെത്തുക ബുദ്ധിമുട്ടായതിനാലാണ് അങ്ങോട്ടുചെന്നു പഠിപ്പിക്കുന്ന രീതി തുടങ്ങിയത്. 

എല്ലാ ആഴ്ചയും ഒൻപതു നഗരങ്ങളിലേക്കു യാത്ര. 2006 മുതൽ 2009 വരെ ഇതു തുടർന്നു. 2009ലാണു വിഡിയോ വഴിയുള്ള ക്ലാസുകളിലേക്കു മാറിയത്. 2011ൽ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. സ്വന്തം വിദ്യാർഥികളായിരുന്ന എട്ടുപേരാണ് ഒപ്പം ചേർന്നത്. സ്കൂൾ വിദ്യാർഥികൾക്കു കണക്ക് എളുപ്പമാക്കുന്നതിനുള്ള ഉള്ളടക്കം തയാറാക്കുന്ന ജോലിയിലേർപ്പെട്ടു.. അന്ന് ആപ് എന്നു ചിന്തിച്ചിരുന്നില്ല. സ്മാർട് ഫോണും മൊബൈൽ അപ്ലിക്കേഷനുമെല്ലാം ജനകീയമായതോടെ ഈ ഉള്ളടക്കം പ്രചരിപ്പിക്കാനുള്ള മാർഗം ആപ് തന്നെയെന്നു നിശ്ചയിച്ചു. 2015 ഓഗസ്റ്റിൽ ആപ് ലോഞ്ച് ചെയ്തു. ബൈജുവിന്റെ ക്ലാസ് എന്ന പേരങ്ങനെ ബൈജുവിന്റെ ആപ് എന്നായി മാറി. മൂവായിരത്തിലേറെ ജീവനക്കാരുള്ളതിൽ 60 ശതമാനം പേരും പഴയ വിദ്യാർഥികൾ. 

മണിപ്പാലിലെ ഹോട്ടലിൽ സംഭവിച്ചത്

2013 അവസാനം. മണിപ്പാൽ ഗ്രൂപ്പിന്റെ തലവൻ രഞ്ജൻ പൈ നഗരത്തിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചിറങ്ങുമ്പോഴാണ് ആ കാഴ്ച കണ്ട് അദ്ഭുതപ്പെട്ടത്. രാത്രി 10ന് നാനൂറോളം വിദ്യാർഥികൾ ഹോട്ടലിലെ ഓഡിറ്റോറിയത്തിൽ നിശബ്ദരായിരുന്ന്, മുൻപിലെ വിഡിയോ വോളിൽ നോക്കി കണക്ക് പഠിക്കുന്നു.  വിഡിയോയിലുള്ളത് ബൈജു രവീന്ദ്രൻ. ഇത്രയും ആസ്വദിച്ച് ഇവർ കണക്കു ക്ലാസിനിരിക്കുന്നുണ്ടെങ്കിൽ  പഠിപ്പിക്കുന്നയാൾ ചില്ലറക്കാരനല്ലല്ലോ എന്നു പൈ കണക്കുകൂട്ടി. തിങ്ക് ആൻഡ് ലേൺ കമ്പനിയിലേക്ക് ആദ്യനിക്ഷേപമായി 55 കോടി രൂപ വന്നത് ഇങ്ങനെയാണ്.

ഗ്രാമം തന്നത്

ഞാൻ വരുന്നത് കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽനിന്നാണ്- ഏതു രാജ്യത്തു ചെന്നാലും ബൈജു സംസാരിച്ചുതുടങ്ങുന്നത് ഇങ്ങനെയാണ്. തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്ന സന്ദേശമാണ് ആ മുഖവുര. കമ്പനിയിൽ നിക്ഷേപം നടത്താനെത്തിയ ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗിനു മുൻപിൽ കസേര വലിച്ചിട്ടിരുന്നതും ആ ധൈര്യത്തോടെ തന്നെ. കുട്ടിക്കാലത്ത് റേഡിയോയിൽ ക്രിക്കറ്റ് കമന്ററി കേട്ട് ഇംഗ്ലിഷ് പഠിച്ചതാണു ബൈജു. ആ അടിത്തറയിൽനിന്നാണ് നാലര മണിക്കൂർ തുടർച്ചയായി ഇംഗ്ലിഷിൽ ക്ലാസെടുക്കുന്നത്.  

40 നഗരങ്ങളിൽ ഓഫിസുള്ള, 28,000 കോടി രൂപ മൂല്യമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ തലവനാണെങ്കിലും  ബെംഗളൂരുവിലെ ഏതെങ്കിലും ഒരു ബസിലോ തട്ടുകടയിലോ ബീച്ചിലെ പന്തുകളിക്കൂട്ടത്തിലോ ബൈജുവിനെ കണ്ടാൽ അദ്ഭുതപ്പെടേണ്ടതില്ല.. ബൈജു തനി നാടനാണ്.

കുടുംബമാണു ശക്തി

അഴീക്കോട് വൻകുളത്തുവയൽ തയ്യിലെ വളപ്പിൽ വീട്ടിൽ 22 വയസ്സുവരെ ബൈജു വളർന്നത് കൂട്ടുകുടുംബത്തിലാണ്. അച്ഛന്റെ സഹോദരങ്ങളും അവരുടെ മക്കളുമുൾപ്പെടെ 18 പേരുണ്ടായിരുന്നു ഒരേസമയം തറവാട്ടിൽ.. ഇന്ന് തറവാടിനു ചുറ്റും വീടുകൾ വച്ച് കൂട്ടുകുടുംബമായിത്തന്നെ മുന്നോട്ടുപോകുന്നു. ഒപ്പം കളിച്ചുവളർന്ന അഞ്ചു കസിൻസിൽ നാലുപേരും ബൈജുവിനൊപ്പം  ബെംഗളൂരുവിലുണ്ട്. കംപ്യൂട്ടർ സയൻസ് പഠനം കഴിഞ്ഞ് ഏകസഹോദരൻ റിജുവും ബൈജുവിനൊപ്പം ചേർന്നു.  

ജീവിതസഖി ദിവ്യ ഗോകുൽനാഥ് കർണാടകക്കാരിയാണ്. തന്റെ  വിദ്യാർഥിനിയായിരുന്ന  ദിവ്യയെ ബൈജു ഒപ്പം കൂട്ടുകയായിരുന്നു. 

കമ്പനിയുടെ ഡയറക്ടറും അധ്യാപികയുമാണ് ഇന്നു ദിവ്യ. മകൻ അഞ്ചുവയസ്സുകാരൻ നിഷ് ബൈജു. അഴീക്കോട്ടെ വീട്ടിലെത്തുന്നതു വിരളമാണെങ്കിലും എത്തിയാലും വീട്ടിലിരിക്കാൻ ബൈജുവില്ല. കുടുംബത്തോടൊപ്പം പുലർച്ചെ അഴീക്കോട് ചാൽ ബീച്ചിലെത്തും. അവിടെ ഓട്ടമായി, പന്തുകളിയായി. 

കണക്കും കളിയും മാത്രമിഷ്ടപ്പെടുന്നയാൾക്ക്  ഇത്രയും വലിയ ബിസിനസ് നോക്കി നടത്താൻ പറ്റുമോ എന്നു ചോദിച്ചപ്പോൾ ബൈജുവിന്റെ ഉത്തരം കണക്കുകൂട്ടിത്തന്നെ- കണക്കിനെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ബിസിനസ്  ചെയ്യുന്നത്. അറിയാമല്ലോ, ബിസിനസ് ഈസ് എ കാൽകുലേറ്റഡ് റിസ്ക്...

ബൈജൂസ് ലൈഫ്

∙ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി ആരംഭിച്ചത് 2011ൽ

∙ ബൈജൂസ് ആപ് ലോഞ്ച് ചെയ്തത് 2015 ഓഗസ്റ്റിൽ

∙ ബൈജു രവീന്ദ്രൻ കമ്പനിയുടെ ഫൗണ്ടർ സിഇഒ

∙ കമ്പനിയുടെ ഇന്നത്തെ മൂല്യം 28,000 കോടി രൂപ

∙ ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേർന്നു സ്ഥാപിച്ച ചാൻ സക്കർബർഗ് ഇനീഷ്യേറ്റീവ് ഉൾപ്പെടെയുള്ള വമ്പൻമാരുടെ നിക്ഷേപം. 

∙ ആറു മാസത്തിനകം മലയാളത്തിൽ ആപ് ലഭ്യമാകും

∙ മൂന്നുമുതൽ എട്ടുവരെ പ്രായമുള്ള കുട്ടികൾക്കായി ഗ്ലോബൽ പ്രോഡക്ട് ഈ വർഷം ലോഞ്ച് ചെയ്യും

∙ ഇന്ത്യയിലെ സർക്കാർ സ്കൂളുകളിലെ ലൈബ്രറികളിൽ സൗജന്യമായി ആപ് ലഭ്യമാക്കുന്ന പദ്ധതി ആലോചനയിൽ

ബൈജുവിന്റെ ഒരു ദിനം ഇങ്ങനെ:

∙ രാവിലെ 4ന് ഉണരും

∙ 5 മുതൽ 7 വരെ ഓട്ടവും കളിയും. കൂട്ടിന് സഹപ്രവർത്തകർ

∙ 7.30ന് ഓഫിസിൽ. 12 മണിക്കൂർ ജോലി

∙ രാത്രി 8.30 മുതൽ 11 വരെ കുടുംബത്തിനൊപ്പം

∙ ഉറക്കം രാത്രി 12ന്