സ്വയം ചോദിക്കൂ, എന്തിനുവേണ്ടിയാണ് ഇൻഷുറൻസ് പോളിസി എടുക്കുന്നതെന്ന്

സ്വയം  വിവരങ്ങൾ  വിലയിരുത്തി ഓൺലൈനായി പോളിസി വാങ്ങുന്നവരുടെ എണ്ണം വർധിക്കുകയാണിന്ന്  ഇങ്ങനെ ഓൺലൈനായി ഇന്‍ഷൂറന്‍സ് പോളിസികള്‍ വാങ്ങുമ്പോൾ ചില ഘടകങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. 

∙എന്തിനു വേണ്ടി ഇന്‍ഷൂറന്‍സ് എടുക്കുന്നു എന്ന് ആദ്യം മനസിലാക്കണം. പ്രധാനമായും ഇന്‍ഷൂറന്‍സ് എന്നത് പരിരക്ഷയ്ക്കായുള്ള ഒരു ഉപകരണമാണ്.  ഇങ്ങനെ ഇന്‍ഷൂറന്‍സ് എടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചു മനസ്സിലാക്കി കഴിഞ്ഞാല്‍ സ്വന്തം സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വിലയിരുത്തണം.

 ∙പോളിസി ഉടമയുടെ വിയോഗം ബന്ധുക്കളില്‍ വരുത്തി വെക്കുന്ന സാമ്പത്തിക ആഘാതം,  നിലവിലുള്ള വരുമാനം, ബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസം പോലെ വിവിധ ഘട്ടങ്ങളിലെ ആവശ്യങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.  ജീവിത രീതിയും ചെലവു നിര്‍ണയിക്കുന്നതില്‍  നിര്‍ണായകമാണ്.

 ∙എത്ര തുകയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ആവശ്യമാണെന്നും ഏതു രീതിയിലുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരണമെന്നും തീരുമാനമെടുക്കുവാന്‍ ഈ വിലയിരുത്തലുകള്‍ സഹായിക്കും. പോളിസിയേക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം.

 ∙ആ പോളിസിയില്‍ എന്തെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്, എന്തെല്ലാം ഒഴിവാക്കിയിട്ടുണ്ട് എന്നെല്ലാം വിലയിരുത്തണം. പ്രീമിയം കൂടുവാനും കുറയുവാനും ഇടയാക്കുന്ന ഘടകങ്ങള്‍  ഉണ്ടോ എന്നു നോക്കണം. പോളിസി എപ്പോഴെല്ലാം റദ്ദാക്കാനാവും, പിഴ ഈടാക്കുമോ, പോളിസി മാറ്റാനോ പുതുക്കുവാനോ കഴിയുമോ, പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കും  ഉത്തരം കണ്ടെത്തിയിട്ടേ പോളിസി തെരഞ്ഞെടുക്കാവൂ.

∙ഇന്‍ഷൂറന്‍സ് സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതും പ്രധാനപ്പെട്ട ഒന്നാണ്. ക്ലെയിമുകള്‍ നല്‍കുന്ന നിരക്കും ഉപഭോക്തൃ സേവനത്തിന്റെ നിലവാരവും നോക്കണം.  വാര്‍ഷിക വരുമാനത്തിന്റെ എട്ടു മുതല്‍ പത്തു വരെ മടങ്ങ് തുകയുടെ ഇന്‍ഷൂറന്‍സ് വാങ്ങുന്നതാണ് അഭികാമ്യം.