ടേം ഇൻഷുറൻസ് പോളിസി എന്തിന്?

കുടുംബത്തിലെ വരുമാനമുള്ളവരെ ആശ്രയിച്ചാണ് മറ്റ് അംഗങ്ങൾ കഴിയുക. ഈ സാഹചര്യത്തിൽ വരുമാനമുണ്ടാക്കുന്നയാൾക്ക് ആകസ്‌മികമായി ദേഹവിയോഗം സംഭവിച്ചാൽ നിലവിലെ ബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക കാര്യങ്ങൾ എന്നിവ ചോദ്യചിഹ്നമായി മാറും. അതിനാൽ കുടുംബത്തെ സ്‌നേഹിക്കുന്ന വരുമാനമുള്ള ഏതൊരാളും ടേം പോളിസി എടുക്കണം. വളരെ കുറഞ്ഞ പ്രീമിയത്തിൽ വലിയ തുകയ്ക്ക് ഇൻഷുറൻസ് കവറേജ് ഉറപ്പാക്കുന്ന ശുദ്ധ ഇൻഷുറൻസ് പോളിസികളാണ് ടേം പ്ലാനുകൾ. അതായത്, പോളിസിയുടമ മരിച്ചാലേ തുക കിട്ടൂ. കാലാവധിക്കുശേഷം ജീവിച്ചിരുന്നാൽ അടച്ച പ്രീമിയം പോലും നഷ്ടമാകും.

കടമുള്ളവർ, കുടംബത്തിലെ ഏക വരുമാനമുള്ളവർ, അപകടകരമായ ജോലി ചെയ്യുന്നവർ എന്നിവർക്കെല്ലാം അനിവാര്യമാണീ സംരക്ഷണം.

മനുഷ്യ ജീവന്റെ വില നിശ്ചിയിക്കാനാകില്ല. അതിനാൽ നമ്മുടെ ഭാവിയിലെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് എത്ര സംരക്ഷണം എടുക്കണം എന്നു നിശ്ചയിക്കേണ്ടത്. നമ്മുടെ വരുമാനവും, കട ബാധ്യതകളും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരാളുടെ പ്രായം, വരുമാനം, ജോലി, ആശ്രിതരായ കുടുംബാംഗങ്ങൾ, ആരോഗ്യ സ്‌ഥിതി, ചിലവ്, എന്നിവയെ അടിസ്‌ഥാനപ്പെടുത്തി വേണം തുക നിശ്‌ചയിക്കുവാൻ. പ്രതിമാസ വരുമാനത്തിന്റെ 120 ഇരട്ടി തുകക്കെങ്കിലും സംരക്ഷണം എടുക്കണം.