ഇന്ത്യൻ ടീമിൽ കേരളത്തിന്റെ അഭിമാനമായി ആഷിഖ് കുരുണിയൻ

സ്വന്തമായി ‘ട്രാവലിങ് ഫാൻസ്’ ഉള്ള താരമാണ് ആഷിഖ് കുരുണിയൻ. മലപ്പുറത്തായാലും കൊച്ചിയിലായാലും പുണെയിലായാലും ആഷിഖ് കളിക്കുന്ന സ്റ്റേഡിയങ്ങളുടെ ഗാലറിയിൽ ഒരു ബാനറുയരും– എകെ 22 ബിലീവ്. എകെ എന്നാൽ ആഷിഖ് കുരുണിയൻ. 22 പുണെ ടീമിലെ ജഴ്സി നമ്പർ. ആഷിഖിന്റെ ജീവിതം തന്നെ ഒരു വലിയൊരു ‘ട്രാവലോഗാ’ണ്. മലപ്പുറം പട്ടർകുളത്ത് ഒപ്പം കളിച്ചു വളർന്നവർ ഗൾഫിലേക്കു പോകാനായി പാസ്പോർട്ട് എടുത്തപ്പോൾ ആഷിഖ് പാസ്പോർട്ട് എടുത്തത് സ്പെയിനിലേക്കു പോകാനാണ്. അവിടെ ഇഷ്ടതാരം ലയണൽ മെസ്സിയുടെ കളി കണ്ടു, വിയ്യാറയൽ സി ടീമിനു വേണ്ടി ഗോളടിച്ചു. മടങ്ങി വന്ന് രണ്ടാം വർഷം മറ്റൊരു ‘വീസ’ ആഷിഖിനെ തേടിയെത്തി– ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വിളി. അതു വഴി ഓസ്ട്രേലിയയിലും ജോർദാനിലുമെല്ലാം ചൈനയിലുമെല്ലാം പോയി. ഒടുവിൽ ഏഷ്യൻ കപ്പിനായി, സ്വന്തം നാട്ടുകാരേറെയുള്ള അബുദാബിയിലും. ഐഎസ്എൽ സീസൺ അവസാന ഘട്ടത്തിനായി പുണെ സിറ്റി ടീമിനൊപ്പം പരിശീലനത്തിലാണ് ആഷിഖ് ഇപ്പോൾ.

റൂട്ട് മാറി മാറി..

റൂട്ട് മാറിയുള്ള പോക്കുകളാണ് ആഷിഖിന്റെ ജീവിതം മാറ്റിയത്. പാണക്കാട് എംയുഎയുപി സ്കൂളിൽ പഠിക്കുമ്പോൾ ട്രാക്കിലോടാനായിരുന്നു ആഷിഖിനു കമ്പം. അധ്യാപകൻ റഫീഖാണ് കൈപിടിച്ചു ഫുട്ബോൾ മൈതാനത്തെത്തിച്ചത്. കോട്ടപ്പടി ഗ്രൗണ്ടിൽ നടന്ന ‘വിഷൻ ഇന്ത്യ’ പരിശീലനത്തിൽ പങ്കെടുത്തതോടെ മനസ്സ് വീണ്ടും ഫുട്ബോളിൽ കുരുങ്ങി. കെ.സാജറുദ്ദീനായിരുന്നു ആദ്യ പരിശീലകൻ. എംഎസ്പി സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം കിട്ടിയതോടെ കളി തന്നെയായി കാര്യം. 2012 സുബ്രതോ കപ്പ് സ്കൂൾ ടൂർണമെന്റ് ഫൈനലിൽ യുക്രെയ്നിലെ ഡൈനമോ കീവ് അക്കാദമിയോടു തോറ്റ എംഎസ്പി ടീമിലുണ്ടായിരുന്നു ആഷിഖ്.

സെവൻസല്ല, സ്പെയിൻ!

അപ്പോഴും മലപ്പുറത്തിന്റെ ഞരമ്പിലോടുന്ന സെവൻസ് ആവേശം ആഷിഖിനെ വിട്ടിരുന്നില്ല. അരീക്കോട്ടെയും മമ്പാട്ടെയും സെവൻസ് മൈതാനങ്ങൾ മോഹിപ്പിച്ചപ്പോൾ ആ വഴിക്കൊന്നു നോക്കി. എന്നാൽ സെവൻസ് സംഘാടകൻ തിരൂർക്കാട് ബാബു തന്നെ പരുക്കിനു നല്ല സാധ്യതയുണ്ടെന്നു പറഞ്ഞു പിന്തിരിപ്പിച്ചു. അദ്ദേഹം തന്നെയാണ് പുണെ എഫ്സിയുടെ അക്കാദമിയിൽ ചേരാൻ പറഞ്ഞത്. പുണെ ടീമിന്റെ നായകൻ അനസ് എടത്തൊടിക ട്രയൽസിന് അവസരം ഉണ്ടാക്കിക്കൊടുത്തു. പുണെ അക്കാദമി മറ്റൊരു നല്ല കാര്യം കൂടി ചെയ്തു. കളിക്കുന്ന വിഡിയോ അവർ സ്പെയിനിലെ വിയ്യാറയൽ ക്ലബിന് അയച്ചു കൊടുത്തു. സെവൻസ് മൈതാനങ്ങളിൽ കളിച്ചു നടക്കേണ്ട പയ്യൻ അങ്ങനെ സ്പെയിനിലെ വിയ്യാറയൽ ക്ലബിലെത്തി. കളിയുടെ യൂറോപ്യൻ പാഠങ്ങൾ മനസ്സിലാക്കിയത് അവിടെ വച്ചാണ്. മെസ്സിയുടെ കളി കാണാനും അവസരം കിട്ടി.

കേരളത്തിന്റെ അഭിമാനം

തിരിച്ചെത്തി പുണെ ടീമിനു വേണ്ടി ഐഎസ്എലിൽ മികച്ച പ്രകടനം. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന മൽസരത്തിൽ എമേർജിങ് പ്ലെയറായി. ഉപ്പ അസൈനും ഉമ്മ ഖദീജയും സഹോദരൻമാരായ ഇല്യാസും യൂനുസും ഉൾപ്പെടെയുള്ളവർ അതിനു സാക്ഷികളായി. അധികം വൈകാതെ കാത്തിരുന്ന വിളിയെത്തി– ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈന്റേത്! ഇന്ത്യ ജേതാക്കളായ ഇന്റർ കോണ്ടിനെന്റൽ കപ്പിലായിരുന്നു അരങ്ങേറ്റം. അതിനു ശേഷം ബംഗ്ലദേശിൽ നടന്ന സാഫ് കപ്പിലും കളിച്ചു. ശ്രീലങ്കയ്ക്കെതിരെ ഗോൾ നേടി. അതിലെ മികച്ച പ്രകടനം ഏഷ്യൻ കപ്പ് ടീമിലും ഇടം നൽകി. ആദ്യ മൽസരത്തിൽ ഇന്ത്യ തായ്‌ലൻ‍‍ഡിനെ തകർത്തപ്പോൾ ഛേത്രിയുടെ ഗോളിനു വഴിയൊരുക്കിയ ഫ്ലിക്കോടെ ആഷിഖ് മിന്നി. ഏഷ്യൻ കപ്പിനു ശേഷം അനസ് എടത്തൊടിക രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചതോടെ ഇന്ത്യൻ ടീമിൽ കേരളത്തിന് അഭിമാനമായി ഇപ്പോൾ ഒരാൾ– ആഷിഖ് കുരുണിയൻ!

∙ 'ഐഎസ്എൽ കഴിഞ്ഞാലുടൻ അണ്ടർ–23 എഎഫ്സി കപ്പ് വരുന്നു. ഒളിംപിക്സിലേക്കുള്ള യോഗ്യതാ ചാംപ്യൻഷിപ്പ് കൂടിയാണത്. പിന്നാലെ ലോകകപ്പ് യോഗ്യതാ മൽസരങ്ങളും.രണ്ടു ചാംപ്യൻഷിപ്പിലും ഇന്ത്യയ്ക്കു വേണ്ടി കളിക്കുക എന്നതാണ് വ്യക്തിപരമായ ലക്ഷ്യം. ഇന്ത്യ ഒളിംപിക്സിനും ലോകകപ്പിനും യോഗ്യത നേടുക എന്നുള്ളത് ഇന്ത്യക്കാരനെന്ന നിലയിലുള്ള വലിയ ആഗ്രഹവും...' – ആഷിഖ് കുരുണിയൻ

∙ 'യൂറോപ്യൻ താരങ്ങളുടെ ടെക്നിക് ഉള്ള കളിക്കാരനാണ് ആഷിഖ്. ഏഷ്യൻ കപ്പിൽ തായ്‌ലൻഡിനെതിരെ മൽസരത്തിൽ ഛേത്രിക്കു നൽകിയ അസിസ്റ്റ് അതിനു തെളിവാണ്.ആഷിഖ് ഇന്ത്യയുടെ ഭാവിതാരമാണ് എന്നാണ് ദേശീയ ടീം കോച്ചായിരുന്ന സ്റ്റീഫൻ കോൺസ്റ്റന്റൈൻ എന്നോടു പറഞ്ഞത്' – ഐ.എം വിജയൻ

ക്ലബുകൾക്ക് അപേക്ഷിക്കാം

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്ലബിന് മനോരമ സ്പോർട്സ് ക്ലബ്– 2018 പുരസ്കാരം

ഒന്നാംസ്ഥാനം: 3 ലക്ഷം രൂപയും ട്രോഫിയും. 2) 2 ലക്ഷവും ട്രോഫിയും 3) 1 ലക്ഷവും ട്രോഫിയും 

ക്ലബുകൾക്ക് അപേക്ഷിക്കാം: വിലാസം– സ്പോർട്സ് ക്ലബ് അവാർഡ്, സ്പോർട്സ് ഡെസ്ക്, പിബി നമ്പർ 26, മലയാള 

മനോരമ, കെ.കെ. റോഡ്, കോട്ടയം

(നിബന്ധനകൾ ജനുവരി 22ലെ കായികം പേജിൽ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം: ഫെബ്രു 4) സംശയങ്ങൾക്ക് വിളിക്കാം: 98460 61306

(രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രം)

10 പേർക്ക് 10,000 രൂപ

ഏറ്റവും കൂടുതൽ എസ്എംഎസ് വോട്ട് നേടുന്ന താരത്തിനു വോട്ട് ചെയ്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 വായനക്കാർക്ക് 10,000 രൂപ വീതം സമ്മാനം. രണ്ടു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിലെ രണ്ടു ഘട്ടത്തിലും പങ്കെടുക്കുന്നവരെയാണു പരിഗണിക്കുക. 

മനോരമ സ്പോർട്സ് സ്റ്റാർ– 2018 പുരസ്കാര ജേതാവിനെ വായനക്കാർക്കു തിരഞ്ഞെടുക്കാം (56767123)

BST എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം നിങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന താരത്തിന്റെ പേരിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് ഓപ്ഷൻ ഉൾപ്പെടുത്തി  56767123 എന്ന നമ്പരിലേക്ക് എസ് എം എസ് ചെയ്യുക. ഉദാ : നിങ്ങൾ തിരഞ്ഞെടുത്ത ഉത്തരം A എന്നാണെങ്കിൽ BST സ്പെയ്സ് A

1) ആഷിക് കുരുണിയൻ    BST സ്പെയ്സ് A

2) ജിൻസൺ ജോൺസൺ    BST സ്പെയ്സ് B

3) നിഹാൽ സരിൻ    BST സ്പെയ്സ് C

4) സജൻ പ്രകാശ്  BST സ്പെയ്സ് D

5) എം. ശ്രീശങ്കർ  BST സ്പെയ്സ് E

6) വത്സൽ ഗോവിന്ദ് BST സ്പെയ്സ്  F

* നിരക്കുകൾ ബാധകം 

ഓൺലൈൻ വോട്ടിങ്ങിന് സന്ദർശിക്കുക 

 www.manoramaonline.com/sportsawards