വനിതാമതിലും പിസിയും പാമ്പാടി രാജനും; 2018 ലെ കോട്ടയം

കോട്ടയം  അനുകരിച്ചതെന്ത്?

ലേറ്റല്ല; ഞങ്ങൾ ലേറ്റസ്റ്റാ...

∙സ്മാർട് ഫോണിൽ

2017ൽ ഡബ് സ്മാഷ്.. 2018 ൽ ടിക് ടോക്ക് ആപ്. ഇതിൽ വിഡിയോ ഇടാനായി പൊലീസ് ജീപ്പു വരെ തടഞ്ഞ വിരുതൻമാരുമുണ്ട്, കോട്ടയം ജില്ലയിൽ.

∙സിനിമയിൽ

2015 ‘പ്രേമം’ തരംഗത്തിൽ  മുണ്ട് താരമായി.  എന്നാൽ മുണ്ടുടുക്കൽ വേറെ ലെവലാക്കിയത് ആട് 2വും ഷാജി പാപ്പനുമായിരുന്നു. മായാനദിയാണ് കൾട്ടായി മാറിയ മറ്റൊരു തരംഗം. പ്രേമിച്ചവരും നിരാശപ്പെട്ടവരുമൊക്കെ മായാനദിയിലെ മാത്തനെപോലെ തൊപ്പി വച്ചു തുടങ്ങി 2018ൽ. 

∙ഫാഷനിൽ തൃഷയും പലാസോ പാൻസും

മുക്കാൽ ജീൻസിനൊപ്പം നീളൻ ടോപ്പും കുഞ്ഞൻ സ്റ്റോളുമെന്ന അവിയൽ ട്രെൻഡ് തമിഴ് സിനിമ 96 വന്നതോടെ പെൺകുട്ടികൾ തിരികെ കൊണ്ടു വന്നു. പ്രണയനഷ്ടം സംഭവിച്ചവർ 96ലെ ഡയലോഗ് ഓർത്തെടുത്തു: റൊമ്പ ദൂരം പോയിട്ടിയാ റാം?.. ഉന്നെ എങ്കെ വിട്ടേനോ അങ്കെയേ താൻ നിക്കറേൻ. പലാസോ പാൻസിന്റെ വൈവിധ്യങ്ങൾക്കൊപ്പം കുഞ്ഞൻ ടോപ്പുകളും ട്രെൻഡായി.  നീളം കുറഞ്ഞ ലെഗിൻസും ജീൻസുമാണ് മറ്റൊരു തരംഗം.

∙ടെക്നോളജിയിൽ

വാട്സാപ്പിൽ സ്മൈലി അയച്ചവർ സ്റ്റിക്കറുകളിലേക്ക് മാറി, ചാറ്റുകൾ ലൈവ് ലിയാക്കി. മിനി മിൽഷ്യയിൽ യുദ്ധം ചെയ്തിരുന്നവർ AK 47 നും ബോംബു മൊക്കെയായി പബ്ജിയുടെ പുതിയ യുദ്ധമുറകൾ പഠിച്ചു. 

2018ലെ പ്രതിഭാസം

അഭിൻ..!. ഇവൻ പ്രളയത്തെ തോൽപിച്ചവൻ. എരുമേലി ഏഞ്ചൽവാലിയെ പ്രളയം വിഴുങ്ങിയപ്പോൾ അമ്മ രജനിയെ ഹെലികോപ്റ്ററിലൂടെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. അഭിൻ പിറന്നു. 

സ്വന്തം റബർ വെട്ടുമോ?

കടുംവെട്ടിനല്ല കാട്ടുകടുക്ക

റബർ വെട്ടിക്കളയണമെന്നു പി.സി. ജോർജ് എംഎൽഎ പറഞ്ഞപ്പോൾ തന്നെ മുളച്ചതാണ് ഈ ചോദ്യം. സംശയം വേണ്ട. ചേന്നാട്ട് ആറര ഏക്കർ റബർ തോട്ടം പി.സി. ജോർജിന് ഉണ്ടായിരുന്നു. രണ്ടു കൊല്ലം മുമ്പു റബർ വെട്ടിയ ജോർജ് പകരം കാട്ടുകടുക്ക കൃഷി തുടങ്ങി. 

റബറിനെക്കാൾ നല്ലതു കടുക്കയാണെന്നു പി.സി. ജോർജ് തെളിയിക്കും. 10 വർഷം കഴിഞ്ഞു കടുക്ക വെട്ടി വിറ്റാൽ ഏക്കറിനു 18 ലക്ഷം വച്ച് ആദായം കിട്ടും. ഇടവിളയായി വാഴയും പൈനാപ്പിളും പച്ചക്കറിയും വയ്ക്കാമെന്നു ജോർജ്. 

ഈ ആശയം എവിടെ നിന്നു കിട്ടി ?

കടലാസ് നിർമിക്കാൻ പൾപ്പ് കിട്ടുന്നില്ലെന്നും കടുക്കയുടെ പൾപ്പാണ് ബെസ്റ്റെന്നും എച്ച്എൻഎൽ ജീവനക്കാർ പറഞ്ഞു. നാട്ടിൽ ചെന്ന ജോർജ് റബറെല്ലാം വെട്ടി കടുക്ക വച്ചു. 

വനിതാമതിൽ  ആശയം ?

കല്ലിട്ടത് ഞാൻ: പുന്നല ശ്രീകുമാർ

ആ ആശയത്തിനു തറക്കല്ലിട്ടത് താനാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ .

എങ്ങനെ നടപ്പായി?

ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച കോടതി  വിധിയെ അനുകൂലിക്കുന്ന പുരോഗമന സംഘടനകൾക്കു പിന്തുണ വ്യക്തമാക്കാൻ വഴിയില്ല. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയിൽ ഞാൻ ഇക്കാര്യം സൂചിപ്പിച്ചു. ഉടൻ യോഗം ചേർന്നു. തീരുമാനമായി. ഇന്ന് അത് മതിലായി.

കോട്ടയം ജില്ലയിൽ നിന്നു കഴിഞ്ഞ  വർഷം ഏറ്റവും കൂടുതൽ യാത്ര ചെയ്ത വ്യക്തി ആരാ?

അഭിനും അമ്മയും, പി.സി ജോർജ്, പുന്നല ശ്രീകുമാർ

പൊന്നേ! പാമ്പാടി രാജൻ !

എങ്ങനായിരുന്നു രാജന്റെ യാത്രകൾ?

ജനുവരി –ഏപ്രിൽ:  ഉത്സവ സീസൺ.   കേരളത്തിലെമ്പാടും വിവിധ അമ്പലങ്ങളിലേക്ക് തലങ്ങും വിലങ്ങും യാത്ര ! ശേഷം വിശ്രമം. സെപ്റ്റംബർ മുതൽ വീണ്ടും യാത്രകൾ. 

ഈ മാസം ഇനിയെങ്ങോട്ടാ?

തൃശൂർ, പാലക്കാട് റൂട്ട്.

(മണിക്കൂറിൽ 10–20 കിമി വേഗത്തിൽ സ്വന്തം ലോറിയിൽ കാഴ്ചകൾ കണ്ടാണ് യാത്ര. വഴി നീളെ ഫാൻസിന്റെ സ്വീകരണവുമുണ്ട്– ഇതിനിടെ എന്തോരം കാഴ്ചകൾ രാജൻ കണ്ടിട്ടുണ്ടാകും. ആനയായി ജനിച്ചാൽ പോരാ, രാജനായി ജനിക്കണം)

കാത്തുനിൽക്കില്ല നമ്മൾ

സ്വയം തുറന്ന 2 കോട്ടയം പാലങ്ങൾ

 കോട്ടയത്തെ 2 പാലങ്ങൾ കഴിഞ്ഞ വർഷം തനിയെ ഉദ്ഘാടനം ചെയ്തു. തണ്ണീർമുക്കം ബണ്ടിലെ പുതിയ പാലവും നാഗമ്പടത്തെ റെയിൽവേ മേൽപ്പാലവും. തണ്ണീർമുക്കത്ത് പാലം പണി പൂർത്തിയാക്കി ഉദ്ഘാടനത്തിന് വിഐപികളെ കാത്തു കഴിയുമ്പോഴാണു പ്രളയം വന്നത്. പ്രളയ ജലം കടലിലേക്ക് ഒഴുക്കണമെങ്കിൽ ബണ്ടിന്റെ നടുക്കുള്ള മൺചിറ പൊളിക്കണം. ചിറ പൊളിച്ചാൽ അതിലൂടെയുള്ള റോഡ് ഇല്ലാതാകും. അങ്ങനെ പൊളിക്കുന്ന റോഡിനു പകരമായി പുതിയ പാലം ഒരു ദിവസം തുറന്നു കൊടുക്കേണ്ടി വന്നു. 

സമീപന പാതയും ടാറിങ്ങും പൂർത്തിയാകാത്തതു മൂലം നാഗമ്പടത്തെ മേൽപ്പാലം ഉദ്ഘാടനം നീണ്ടു പോയി. ഒരു ദിവസം രാത്രി പഴയ പാലത്തിൽ ലോറി കുടുങ്ങി. എംസി റോഡ് ബ്ളോക്കായി.  അതോടെ കുരുക്ക് ഒഴിവാക്കാൻ ടാറിങ് തീരുംമുമ്പേ പുതിയ പാലം തുറന്നു കൊടുത്തു. വണ്ടിയോടിത്തുടങ്ങി.

പാമ്പാടി രാജൻ, നാഗമ്പടം പാലം

 എങ്ങോട്ടാണ് കോട്ടയം  സുഖവാസത്തിനു പോയത്?

തേക്കടിയും മൂന്നാറുമാണു കുടുംബങ്ങൾ ഏറെ പോയ സ്ഥലം. വയനാടാണ് കഴിഞ്ഞ വർഷത്തെ മറ്റൊരിഷ്ട സ്ഥലം. കോളജ്, സ്കൂൾ ടൂറുകൾ ഊട്ടി, കൊടൈക്കനാൽ, ബെംഗളുരു വിട്ട് ബാഹുബലിയെത്തേടി ഹൈദരാബാദിനു വണ്ടി കയറിയ വർഷമായിരുന്നു 2018.  ഗോവ ട്രെൻഡിങ് ആയതും പോയ വർഷമാണ്. ലോക്കൽ ട്രിപ്പിങ് ഹൈറേ‍ഞ്ചിലേക്കാണേറെ. ഇലവീഴാപ്പൂഞ്ചിറ, വാഗമൺ,മാർമല അരുവി, ഇല്ലിക്കൽക്കല്ല്. 

ഇലവീഴാപൂഞ്ചിറ

കോട്ടയം കൂടുതൽ യാത്ര ചെയ്തത് എങ്ങോട്ട്?

കണ്ണീരും ചിരിയും  ഒരുപാടു കണ്ട ഇടം. ടൂർസ് ആൻഡ് ട്രാവൽസ് അസോസിയേഷൻ അംഗങ്ങൾക്ക് ഒറ്റ ഉത്തരമേയുള്ളൂ. അതൊരു വിനോദ സഞ്ചാര സ്ഥലമല്ല.. പകരം വിരഹവും ആഹ്ലാദവും കണ്ണീരും നിറചിരിയുമൊക്കെ ഒരുപാടു കണ്ട നെടുമ്പാശേരി വിമാനത്താവളം ! കോട്ടയത്തു നിന്നു നെടുമ്പാശേരിയിലേക്കു പ്രതിദിനം കുറഞ്ഞത് 100 ട്രിപ്പ് വാഹനങ്ങളെങ്കിലും പോകുന്നുണ്ടെന്നാണ് കണക്ക്. 

കോട്ടയം കയറ്റി അയച്ചതെന്ത്?

ചക്കക്കുരുവും തഴുതാമയും വരെ

കോട്ടയത്തിന്റെ നാട്ടു പച്ചക്കറികൾ യൂറോപ്യൻ രാജ്യങ്ങളിൽ താരമാവുകയാണ്.  ‘റെഡി ടു കുക്കായി’നാടൻ കപ്പളങ്ങ, വാഴച്ചുണ്ട്, ചേന, പയർ, കോവയ്ക്ക തുടങ്ങിയവ പായ്ക്കറ്റുകളിലായാണ് വിമാനം കയറുന്നത്. കൂടാതെ അവിയൽ കൂട്ട്, സാമ്പാർ കൂട്ട് എന്നിങ്ങനെ പച്ചക്കറി കഷണങ്ങളാക്കിയതും കയറിപ്പോകുന്നു.

ജില്ലയിൽ കയറ്റുമതിക്കായി പ്രധാന പച്ചക്കറി ഉൽപാദനം നടക്കുന്ന കേന്ദ്രങ്ങളിലൊന്ന് കൂരോപ്പട ളാക്കാട്ടൂർ വാക്കയിൽ ജോയിമോന്റെ ജൈവ കൃഷിയിടത്തിലാണ്.പാലായിലുള്ള സ്വകാര്യ  കമ്പനി ഈ പച്ചക്കറികൾ ഏറ്റെടുത്തു യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ചക്കക്കുരു.തഴുതാമ, ചീര എന്നിവ അരിഞ്ഞതും കയറ്റുമതിയുടെ മുൻപന്തിയിലുണ്ട്.