അത് ജീവൻ രക്ഷിക്കാനുള്ള ഓട്ടം: ആ പൊലീസുകാരൻ പറയുന്നു

ആംബുലൻസിനു വഴിയൊരുക്കാൻ ഗതാഗത കുരുക്കിനിടയിലൂടെ ഓടുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വൈറലായിരുന്നു. കേരളം ആ ദൃശ്യങ്ങൾ ചർച്ച ചെയ്തു. കോട്ടയം പുളിമൂട് ജംക്ഷനിലായിരുന്നു സംഭവം. ആംബുലൻസിലുണ്ടായിരുന്ന ഒരാളാണ് വഴിയൊരുക്കാൻ പരിശ്രമിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ രഞ്ജിത്ത് കുമാറായിരുന്നു ആ ദൃശ്യങ്ങളിലെ താരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു രഞ്ജിത്തിനെ തേടി നിരവധി അഭിനന്ദനങ്ങളെത്തി. ഒരു ജീവന്‍ രക്ഷിക്കാൻ, തന്റെ കടമ നിർവഹിക്കാൻ ഓടിയ ആ നന്മമനസ്സ് മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.

അന്ന് എന്താണു സംഭവിച്ചത് ? 

കോട്ടയം ഹൈവേ ട്രാഫിക് പൊലീസിലാണു ഞാൻ ജോലി ചെയ്യുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കി വാഹനങ്ങളുടെ യാത്ര സുഗമമാക്കുകയാണ് പ്രധാന ചുമതല. ഡിസംബർ 26 നാണു സംഭവം നടന്നത്. വൈകിട്ട് അഞ്ചരയോടെ ചങ്ങനാശേരി ഭാഗത്തേക്കു പോകുമ്പോഴായിരുന്നു സംഭവം. ‌ജീപ്പിൽ എസ്‌ഐ ഉൾപ്പടെ ഞങ്ങൾ നാലു പൊലീസുകാർ ഉണ്ടായിരുന്നു. പുളിമൂട് ജംക്ഷനിൽ എത്തിയപ്പോഴാണു ഗതാഗത കുരുക്ക് ആരംഭിച്ചത്.  സൈറൺ ഇട്ട് ഒരു ആംബുലൻസ് കുരുക്കിൽപ്പെട്ടു മുന്നോട്ടു പോകാനാവാത്ത അവസ്ഥയില്‍ നിൽക്കുന്നു.

ചിന്തിച്ചു നില്‍ക്കാൻ സമയമുണ്ടായിരുന്നില്ല. ആബുലൻസിലുള്ള വ്യക്തിയുടെ ജീവൻ രക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യം. ജീപ്പിൽ നിന്നു ചാടിയിറങ്ങി. ആംബുലൻസിനു മുന്നിലൂടെ ഓടി, വശം കൊടുക്കാതെ കിടന്നിരുന്ന വാഹനങ്ങളിൽ തട്ടി വഴിയൊരുക്കി. ഒരു മിനിറ്റിനുള്ളിൽ തടസ്സങ്ങൾ നീക്കി വഴിയൊരുക്കാനായി.

ആംബുലൻസിനുള്ളിൽ ആരായിരുന്നു 

ആരായിരുന്നു എന്നറിയില്ല. അതൊരു അപകടമായിരുന്നു എന്നറിയാം. ഇത്തരം നിരവധി കേസുകൾ കൈകാര്യം ചെയ്യുന്നതിനാൽ ഇതേപ്പറ്റി അത്ര ആഴത്തിൽ ചിന്തിക്കാറില്ല. ആംബുലസിന് സുഗമമായി പോകാൻ വഴിയൊരുക്കുക എന്നതായിരുന്നു എന്റെ ദൗത്യം. അത് നിർവഹിക്കാനായി എന്ന സന്തോഷമുണ്ട്.

വിഡിയോ വൈറലായപ്പോൾ 

എന്റെ ജോലി ചെയ്തു അത്ര തന്നെ. വിഡിയോ എടുക്കുമെന്നോ വൈറൽ ആകുമെന്നോ കരുതുന്നില്ലല്ലോ. എന്നാൽ വിഡിയോ എടുത്ത വ്യക്തിയോട് നന്ദിയുണ്ട്. ആ വിഡിയോ മൂലം ജനങ്ങൾ എന്നെ അംഗീകരിച്ചു. എനിക്കു മാത്രമല്ല, ട്രാഫിക്കിൽ ജോലി ചെയ്യുന്ന ഓരോ പൊലീസുകാരനുമുള്ള അംഗീകാരമാണിത്. 

ഒരു അപകടം നടന്നാൽ ഒരു കാരണവുമില്ലെങ്കിലും അതിന്റെ പഴി കേൾക്കുന്നവരാണു ട്രാഫിക് പൊലീസുകാർ. ഇക്കുറി ആ ചീത്തപ്പേര് മാറ്റാനായതിലും കുറച്ചുപേർക്ക് പ്രചോദനമാകാൻ കഴിഞ്ഞതിലും സന്തോഷം. ഫെയ്സ്‌ബുക്കിലൂടെ നിരവധി ആളുകൾ അഭിനന്ദനം അറിയിക്കുന്നുണ്ട്. എല്ലാവർക്കും നന്ദി.

റോഡുകളിലെ സമീപനം

ആംബുലൻസ് വരുമ്പോൾ നിരത്തുകളിൽ സാമാന്യ മര്യാദ പാലിക്കുന്ന കാര്യത്തിൽ വളരെ പുറകിലാണ് നമ്മൾ. ആംബുലൻസ് അല്ലേ, അത് എങ്ങനെയെങ്കിലും പോകും എന്നു കരുതി വഴികൊടുക്കാതെ വാഹനം ഓടിക്കുന്നവരുണ്ട്. തന്റെ വാഹനത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്നു കരുതി വശം കൊടുക്കാത്തവരുണ്ട്. എന്നാൽ എല്ലാത്തിലും വലുത് ആ ആംബുലൻസിലുള്ള വ്യക്തിയുടെ ജീവനാണ് എന്നു തിരിച്ചറിയണം.

കുടുംബം

വൈക്കം സ്വദേശിയാണ്. വീട്ടിൽ അച്ഛനും അമ്മയും ഭാര്യയുമുണ്ട്. സർവീസിൽ കയറിയിട്ട് എട്ടര വർഷമായി.