ബാർബർക്ക് മൊബൈലിൽ ഹെയര്‍സ്റ്റൈൽ കാണിച്ചു കൊടുത്തു; കിട്ടിയത് മുട്ടൻ പണി

കയ്യില്‍ മൊബൈൽ ഉള്ളതുകൊണ്ട് ഇന്നു ബാർബർ ഷോപ്പിൽ പോയാൽ സുഖമാണ്. ഏത് സ്റ്റൈലാണോ വേണ്ടത് അ‌തെടുത്ത് ബാർബര്‍ക്കു കാണിച്ചുകൊടുക്കാം. പ്രിയ താരങ്ങളുടെ സ്റ്റൈല്‍ ഏതു ആംഗിളിലും ലഭ്യം. ബാർബർ അതുപോലെ മുടി വെട്ടി കുട്ടപ്പനാക്കി തരും. അങ്ങനെ സുന്ദരാവാൻ മോഹം തോന്നി മുടി വെട്ടാൻ പോയ ചൈനക്കാരനു പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുകയാണ്. 

മുടി വെട്ടാനിരുന്നപ്പോൾ കണ്ടുകൊണ്ടിരുന്ന വിഡിയോയില്‍ നല്ലൊരു ഹെയർ സ്റ്റൈൽ കണ്ടു. വിഡിയോ പോസ് ചെയ്തു ബാർബറെ കാണിച്ച് അതുപോലെ വെട്ടാൻ ആവശ്യപ്പെട്ടു. ആ ത്രികോണ ചിഹ്നവും വേണോ എന്നു ബാർബർ തിരിച്ചു ചോദിച്ചു. വിഡിയോ പോസ് ചെയ്യുന്ന ചിഹ്നമാണ് ഉദ്ദേശിച്ചതെന്നു മനസ്സിലാക്കാതെ യുവാവ് വേണമെന്ന് മറുപടിയും നൽകി. 

വിഡിയോയിൽ കാണിച്ചു കൊടുത്ത ഹെയർ സ്റ്റൈൽ

മുടി വെട്ടി കഴിഞ്ഞപ്പോഴാണു തന്റെ തലയിൽ ത്രികോണ ചിഹ്നവും സ്ഥാനം പിടിച്ചിട്ടുണ്ടെന്നു യുവാവ് മനസ്സിലാക്കുന്നത്. തലയുടെ ഇരുവശത്തും ചിഹ്നമുണ്ട്. ആദ്യം വല്ലാത്ത വിഷമം തോന്നിയെങ്കിലും പിന്നീട് പുതിയ സ്റ്റൈൽ യുവാവിന് ഇഷ്ടപ്പെട്ടതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. 

തലയിൽ ത്രികോണ ചിഹ്നവുമായി യുവാവ്

ടിയാൻ ജീയൂ ബോട്ട് എന്ന ചൈനീസ് ബ്ലോഗാണ് ഈ വിവരം പുറത്തുവിട്ടത്. മുടിവെട്ടൽ അബദ്ധവും പുതിയ സ്റ്റൈലും വൈറലായി. സംഭവം കൊള്ളാമെന്നും ഇനി ഇതു പരീക്ഷിക്കാമെന്നുമാണു സോഷ്യൽ ലോകം പറയുന്നത്. മുടിവെട്ടുമ്പോൾ മൊബൈലിൽ നോക്കിയിരിക്കുന്നവർക്ക് ഇതൊരു പാഠമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.