അവൾ വിഡിയോ കോൾ ചെയ്തു, എന്നെ കണ്ടതും വിതുമ്പിക്കരഞ്ഞു: സന്തോഷ്

മിമിക്രി കലാകാരൻ, ചാനൽ അവതാരകൻ, മിനിസ്‌ക്രീനിലെ സൂപ്പർ താരം, നല്ല ഒന്നാന്തരം ക്രിക്കറ്റർ... വിശേഷണങ്ങൾ ഏറെയാണ് സന്തോഷ് ശശിധരന്. സന്തോഷ് എന്ന പേരിനെക്കാൾ പ്രേക്ഷകർക്ക് പരിചിതം ‘മനസ്സിജൻ’ എന്ന പേരാണ്. ‘മൂന്നു മണി’ എന്ന മെഗാഹിറ്റ് സീരയലിൽ സന്തോഷ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേരാണ് മനസ്സിജൻ. പ്രേക്ഷകരുടെ പ്രിയങ്കരനായ സന്തോഷിന്റെ വിശേഷങ്ങളിലൂടെ....

അഭിനയ രംഗത്തേക്കയ്ക്ക്

ജഗതി Vs ജഗതി എന്ന പ്രോഗ്രാമിന്റെ അവതാരകനായിട്ടാണ് തുടക്കം. സ്കൂൾ, കോളജ് തലങ്ങളിൽ മിമിക്രിയിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അങ്ങനെയാണ് ഈ പ്രോഗ്രാമിന്റെ അവതാരകൻ ആവുന്നത്. പിന്നീട്, പല ചാനലുകളിൽ അവതാരകനായി. അഭിമുഖ പരിപാടികൾ നടത്തി. സിനിമാ മേഖലയിൽ നിന്നുള്ള നൂറിലേറെ പേരെ ഇന്റർവ്യു ചെയ്തിട്ടുണ്ട്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘മർമ്മരം’ ആണ് ആദ്യ സീരിയൽ.അനിൽ കഴക്കൂട്ടം ആയിരുന്നു സംവിധായകൻ. 

കഷ്ടിച്ചു പത്ത് എപ്പിസോഡിൽ വരുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പോയതാണ്. പക്ഷേ, സീരിയലിൽ നായകനും പ്രതിനായകനുമായി. അരുൺശങ്കർ എന്ന നായകനും സഖറിയ എന്ന വില്ലനും. ആദ്യ പ്രൊജക്ടിൽ തന്നെ ഡബിൾ റോളിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നത് ഒരു വലിയ ഭാഗ്യം..."

വിലപ്പെട്ട ഓർമ്മകൾ

ഒരിക്കലും എത്തിപ്പെടും എന്നു കരുതിയിട്ടില്ലാത്ത ഒരു മേഖലയിൽ ഞാൻ എത്തപ്പെട്ടത് ഓർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എനിക്കു ഗോഡ്ഫാദർമാരൊന്നും ഇല്ല. ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത് മുതൽ ഇന്നുവരെയുള്ള എല്ലാ ഓർമ്മകളും എനിക്ക് വിലപ്പെട്ടതാണ്.

വേദന തോന്നിയ നിമിഷം

അത് ഒരു സംവിധായകൻ മോശമായി പെരുമാറിയതാണ്. ആളിന്റെ പേര് ഞാൻ പറയുന്നില്ല. മലയാളത്തിലെ പ്രമുഖ സംവിധായകനാണ്.

അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിമിൽ ഞാൻ അഭിനയിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ഒരു സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുകയാണ്.

എന്നോടു വിളിക്കാൻ പറഞ്ഞിരുന്നു. അന്ന് മൊബൈൽ ഫോണില്ല. എസ്.റ്റി.ഡി ബൂത്തിൽ നിന്നുമാണ് വിളി. രാത്രി അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ അച്ഛന്റെ സൈക്കിളുമെടുത്ത് കുടപ്പനക്കുന്നിലെ എസ്.റ്റി.ഡി ബൂത്തിലേക്ക് പോവും. ആദ്യ രണ്ടു ദിവസം സംവിധായകനെ വിളിച്ചു. രണ്ടു ദിവസവും പിറ്റേന്ന് വിളിക്കാൻ പറഞ്ഞു. മൂന്നാമത്തെ ദിവസം ഞാൻ വിളിച്ചപ്പോൾ അദ്ദേഹം ഒരു കാരണവുമില്ലാതെ എന്നോട് പൊട്ടിത്തെറിച്ചു.

‘ആരെടാ നീ.. മേലിൽ വിളിച്ചു ശല്യപ്പെടുത്തിയേക്കരുത്’ എന്നു പറഞ്ഞ് പൊട്ടിത്തെറിച്ചു. പിന്നെയും, വളരെ മോശമായി സംസാരിച്ചു. ഞാൻ ആകെ പകച്ചു പോയി. ശബ്ദം നഷ്ടപ്പെട്ട അവസ്ഥ. എന്തു തെറ്റാണ് ചെയ്തത് എന്ന് എനിക്കു മനസ്സിലായില്ല. കരഞ്ഞുകൊണ്ടാണ് തിരികെ വീട്ടിലേക്കു സൈക്കിൾ  ചവിട്ടിയത്. അമ്മ കാത്തുനിൽപ്പുണ്ടായിരുന്നു.‘എന്തായി... മക്കള’ എന്ന് അമ്മ ചോദിച്ചു. ‘ഒന്നുമായില്ല’ എന്നു പറഞ്ഞ്  മുഖം കൊടുക്കാതെ അകത്തേക്കു പോയി.

ഞാൻ ഒരു നടൻ ആവണം എന്ന് എന്നെക്കാളും ആഗ്രഹിച്ചിരുന്നത് അമ്മയും അപ്പൂപ്പനും ആയിരുന്നു. ഇപ്പോൾ, ഞാൻ ഒരു നടൻ ആയപ്പോൾ അതു കാണാൻ അപ്പൂപ്പൻ ഈ ഭൂമിയിൽ ഇല്ല എന്നത് വലിയൊരു സങ്കടമാണ്.

ക്രിക്കറ്റിലും തിളങ്ങി

ക്രിക്കറ്റ് ജീവനാണ്. ഞങ്ങൾ സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’യ്ക്ക് ഒരു ക്രിക്കറ്റ് ടീം ഉണ്ട്. ‘ആത്മ മലയാളി ഹീറോസ്’ രംഗനാഥൻ സാറാണ് കോച്ച്. നടൻ കിഷോർ സത്യയാണ് ക്യാപ്റ്റൻ. ഒരുപാട് മാച്ച് കളിക്കാറുണ്ട്. അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന സ്‌റ്റേഡിയങ്ങളിൽ കളിക്കാനാവുന്നു എന്നത് വലിയ ഭാഗ്യമാണ്."

ഏറ്റവും വലിയ സ്വപ്നം

സിനിമാ നടൻ ആവണം. അങ്ങനെ വലിയ നടൻ ഒന്നും ആവണ്ട. ആളുകൾ ഓർത്തു വയ്ക്കുന്ന ഒരു കഥാപാത്രം. ‘അവന് അഭിനയിക്കാൻ അറിയും’ എന്ന് ആളുകൾ പറയണം. അത് സാധിക്കും എന്ന് കരുതുന്നു. ഉറങ്ങുമ്പോൾ അല്ല, ഉണർന്നിരിക്കുമ്പോൾ സ്വപ്നം കാണുന്ന ആളാണു ഞാൻ.

മറക്കാനാവാത്ത അനുഭവം

" അത്... വിഡിയോ കോളിൽ വന്ന് ഒരു പെൺകുട്ടി സങ്കടപ്പെടുത്തിയ സംഭവമാണ്. ‘മൂന്നു മണി’ സീരിയൽ ചെയ്യുമ്പോഴാണ്. മനസ്സിജൻ എന്ന കഥാപാത്രം ഹിറ്റ് ആയതിനുശേഷം ഫെയ്സ്ബുക്കിൽ ഒരുപാട് ഫ്രണ്ട് റിക്വസ്റ്റുകൾ വരുമായിരുന്നു. നിരവധി പേർ ചാറ്റ് ചെയ്യും. സീരിയലിന്റെ  വിശേഷങ്ങൾ ചോദിക്കും. കഴിയുന്നതിനെല്ലാം ഞാൻ മറുപടിയും നൽകും. അങ്ങനെ പതിവായി ചാറ്റ് ചെയ്യുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു.

"ഹായ് ചേട്ടാ... എന്തുണ്ട് വിശേഷം. സീരിയൽ എങ്ങനെ പോവുന്നു എന്നൊക്കെ ചോദിക്കും... "

ഞാൻ മറുപടിയും നൽകും. ഒരു ദിവസം ആ കുട്ടി എന്നോട് പറഞ്ഞു; ‘ചേട്ടാ.. എനിക്കൊന്ന് വീഡിയോ കാൾ ചെയ്യണം. ചേട്ടനെ കാണണം’

ഞാൻ സമ്മതിച്ചു. ഞാൻ ഫേക്ക് ആണോ എന്നു സംശയിച്ചാവും ആ കുട്ടി അങ്ങനെ പറഞ്ഞത് എന്ന് എനിക്കു തോന്നി. അങ്ങനെ ആ കുട്ടി വിഡിയോ കോൾ ചെയ്തു.

എന്നെ കണ്ടതും ആ കുട്ടി വിതുമ്പിക്കരയാൻ തുടങ്ങി. ഞാൻ ആകെ പകച്ചു പോയി. ഈശ്വരാ... കുഴപ്പമായോ ? ‘എന്താ മോളേ... കാര്യം എന്തിനാ കരയുന്നത്?’ ഞാൻ ചോദിച്ചു. ആ കുട്ടിയുടെ  മറുപടി കേട്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു. ആ കുട്ടിക്ക് അമ്മൂമ്മ മാത്രമേയുള്ളു. ഒരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ എന്ന് ആ കുട്ടി ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്. സീരിയൽ കഥാപാത്രം ആയിട്ടല്ലാതെ എന്നെ കണ്ടപ്പോൾ സ്വന്തമായി ഒരു സഹോദരനെ കിട്ടിയ സന്തോഷം. അതായിരുന്നു കരച്ചിലിനു പിന്നിലെ കാരണം .. "

കുടുംബം

അച്ഛൻ ശശിധരൻ നായർ. അമ്മ വസന്തകുമാരി. ഭാര്യ ദേവി. അഞ്ച് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഞങ്ങൾ വിവാഹിതരായത്. ഏപ്രിൽ 23ന് പത്താം വിവാഹ വാർഷികമാണ്. ഒരു മകളാണ്. ദേവനന്ദ. രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.’ ഈ വർഷം ദേവനന്ദയ്ക്ക് കൂട്ട് ആയി ഒരു പുതിയ അതിഥി കൂടി വീട്ടിലെത്തും. ദേവി ഏഴു മാസം ഗർഭിണിയാണ്. പുതിയ അതിഥിയെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ഞങ്ങൾ.