‘പയ്യൻസിന്റെ’ ജീവതം മാറ്റിമറിച്ച രാജസേനൻ; ‘തട്ടീം മുട്ടീം’ 7 വർഷങ്ങൾ

നടൻ ജയകുമാർ എന്നു പറഞ്ഞാൽ ആർക്കും അത്ര പെട്ടെന്ന് മനസ്സിലാവണം എന്നില്ല. പക്ഷേ, ‘പയ്യൻസ്’ എന്നു പറഞ്ഞാൽ ഒരുവിധം ആളുകൾക്ക് മനസ്സിലാവുമ. ഇനി പയ്യൻസിനെ അറിയാത്തവർക്ക് മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ സീരിയലിലെ അർജുനനെ അറിയാം.മോഹനവല്ലിയുടെ ഭർത്താവ്. ആക്ഷേപ ഹാസ്യത്തിന്റെ അമ്പ് തൊടുക്കുന്ന അർജ്ജുനൻ!. പയ്യൻസിന്റെ വിശേഷങ്ങളിലൂടെ..

‘പയ്യൻസ്’ എന്ന പേര്

ഒരു അമച്വർ നാടകത്തിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് പയ്യൻസ്. വി.കെ.എന്നിന്റെ പ്രശസ്തമായ ഒരു കഥാപാത്രം കൂടിയാണല്ലോ പയ്യൻസ്. ഞാൻ വി.കെ.എന്നിന്റെ കടുത്ത ആരാധകനാണ്. ആ പേര് മാറ്റേണ്ട എന്ന് എനിക്കു തോന്നി. എല്ലാവരും വിളിച്ചു വിളിച്ച് ആ പേര് ഉറച്ചു.

കലാരംഗത്തേക്ക്

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘ഏടാകൂടം’  എന്നൊരു നാടകത്തിൽ അഭിനയിച്ചു. ഒരു കോമഡി വേഷമായിരുന്നു ചെയ്തത്. ഹൈസ്കൂളിൽ എത്തിയപ്പോൾ കലാരംഗത്ത് കൂടുതൽ സജീവമായി. നാടക പ്രവർത്തനങ്ങളുള്ള ഒരു അധ്യാപകൻ എനിക്ക് ഉണ്ടായിരുന്നു. രാജേന്ദ്രൻ സാർ! അദ്ദേഹമായിരുന്നു ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത്. ശാസ്താംകോട്ട ഡി.ബി കോളജിൽ പഠിക്കുമ്പോൾ അഭിനയത്തിലും മോണോ ആക്ടിലും സജീവമായി.

പിന്നീട്...

പ്രഫഷനൽ നാടക രംഗത്തേക്ക് ഇറങ്ങി. രാജേന്ദ്രൻ സാറിന്റെ ‘യുവശക്തി തീയറ്റേഴ്സിൽ’ ആയിരുന്നു ആദ്യം. ഇതിനിടെ ബി.എഡ് കഴിഞ്ഞു. ഒരു എയ്ഡഡ് സ്കൂളിൽ കണക്ക് അധ്യാപകനായി ജോലിക്കു കയറി. ആറു മാസം തികയും മുമ്പ് സർവെ ഡിപ്പാർട്ട്മെന്റിൽ സെലക്ഷൻ ലഭിച്ചു.

സിനിമയിലേക്ക്

സർക്കാരിന്റെ അനുവാദത്തോടെ ജോലിയോടൊപ്പം ഞാൻ നാടകാഭിനയം തുടർന്നു. തിരുവനന്തപുരത്തുള്ള ‘അതുല്യ’ എന്ന നാടക സമിതിയുടെ ഉദ്ഘാടന കളി കാണാൻ പ്രശസ്ത സംവിധായകൻ രാജസേനൻ വന്നിരുന്നു. ഞാനും നാടകത്തിൽ ഉണ്ടായിരുന്നു. എന്റെ അഭിനയം കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹം അടുത്ത സിനിമയിൽ എനിക്ക് വേഷം തന്നു. ‘ഞങ്ങൾ സന്തുഷ്ടരാണ്’ ആയിരുന്നു ആ ചിത്രം. പിന്നീട്, അദ്ദേഹത്തിന്റെ സിനിമകളിൽ സ്ഥിരം വേഷം കിട്ടി.

മിനി സ്ക്രീനിൽ

2009ൽ സംപ്രേഷണം ചെയ്ത ‘ഓട്ടോഗ്രാഫ്’ ആയിരുന്നു ആദ്യ സീരിയൽ. പിന്നീട്, ചന്ദ്രലേഖ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മാലാഖമാർ പരിണയം എന്നിങ്ങനെ. മലാഖമാർ എന്ന സീരിയലിലെ ‘കുഞ്ഞാപ്പി’ എന്ന കഥാപാത്രമാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവ്. കുഞ്ഞാപ്പി വില്ലൻ ആയിരുന്നെങ്കിലും ഹാസ്യത്തിന് സാധ്യതയുള്ള കഥാപാത്രം ആയിരുന്നു. കുഞ്ഞാപ്പി ക്ലിക്ക് ആയതാണു ‘തട്ടീം മുട്ടീം’ സീരിയലിൽ അവസരം കിട്ടാൻ കാരണമായത്. 

തട്ടീം മുട്ടീം 

അബദ്ധങ്ങളിൽ ചെന്നു ചാടുന്ന അർജുനൻ എന്ന കഥാപാത്രമാണ് എന്റേത്. മഞ്ജു പിള്ള അവതരിപ്പിക്കുന്ന മോഹനവല്ലിയാണു ഭാര്യ. കെ.പി.എ.സി ലളിതച്ചേച്ചിയാണ് അമ്മ. സാധാരണ മെഗാസീരിയലുകളിൽ നിന്നു തീർത്തും വ്യത്യസ്തമാണ് ‘തട്ടീം മുട്ടീം’. ഓരോ എപ്പിസോഡിലും ഓരോ കഥ. എല്ലാം ഒരു വീട്ടിലെ അംഗങ്ങൾക്കിടയിൽ നടക്കുന്നവ.

അമിത അഭിനയമോ വികാരപ്രകടനമോ ഒന്നും വേണ്ട. സ്വാഭാവികമായ പ്രകടനം. മനസ്സിലെ എല്ലാ പിരിമുറുക്കങ്ങളും മാറ്റിയാണു ഞാൻ സെറ്റിലെത്തുന്നത്. എങ്കിലേ ഫ്ലെക്സിബിൾ ആയി അഭിനയിക്കാനാവൂ. ‘തട്ടീം മുട്ടീം’ സീരിയലിൽ അഭിനയിച്ചു തുടങ്ങിയിട്ട് ഏഴു വർഷം ആകുന്നു.

മറക്കാനാവാത്ത നിമിഷം

സംവിധായകൻ രാജസേനനെ പരിചയപ്പെട്ട നിമിഷം. അദ്ദേഹം ആ അവസരം തന്നില്ലായിരുന്നെങ്കിൽ സിനിമയിലോ സീരിയലിലോ ഞാൻ എത്തില്ലായിരുന്നു. കലാപാരമ്പര്യമുള്ള കുടുംബമായിരുന്നില്ല എന്റേത്. ഉയർത്തികൊണ്ടു വരാനും ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രാജസേനൻ സാറിനോടു കടപ്പെട്ടിരിക്കുന്നു.

കുടുംബം

ഭാര്യ ഉമാദേവി. രണ്ടു മക്കൾ. രണ്ടു പേരും വിവാഹിതർ, വിദേശത്താണ്. ഞാൻ മൂന്നു വർഷം മുമ്പു സർവെ ഡിപാർട്ട്മെന്റിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. ഇപ്പോൾ പൂർണ്ണമായും അഭിനയത്തിനു സമയം മാറ്റി വയ്ക്കുന്നു

സിനിമാ വിശേഷങ്ങൾ

‘നിത്യഹരിത നായകൻ’ അടുത്തിടെ പുറത്തിറങ്ങി. ഞാൻ പ്രധാന വേഷത്തിൽ അഭിനയിച്ച ‘നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ്’ എന്ന സിനിമ അടുത്ത മാസം റിലീസ് ചെയ്യും. ഇപ്പോൾ, ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചില ന്യൂജെൻ നാട്ടുവിശേഷം’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനുമൊക്കെയാണ് സഹതാരങ്ങൾ.