ക്യാനന്റെ ആശയം നടപ്പിലാകട്ടെ, മൊബൈൽ ഫൊട്ടോഗ്രാഫിയിൽ വിപ്ലവം വരട്ടെ...

സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫി, 360 ഡിഗ്രി ക്യാമറകള്‍, ആക്‌‌ഷന്‍ ക്യാമറകള്‍ തുടങ്ങിയ മേഖലകളിലൊന്നും കൈവയ്ക്കാതെ മാറി നില്‍ക്കുകയായിരുന്നു ലോകത്തെ ഏറ്റവും വലിയ ക്യാമറ നിര്‍മാതാവായ ക്യാനന്‍. 'കീമിഷന്‍' എന്നൊരു ആക്‌ഷന്‍ ക്യാമറ ഇറക്കിയതല്ലാതെ നിക്കോണും ക്യാനനിനൊപ്പം ഉറക്കത്തിലായിരുന്നു.

എന്നാലിപ്പോള്‍ ക്യാനന്‍ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടു പുതിയ കണ്‍സെപ്റ്റ് ക്യാമറകള്‍ അവതരിപ്പിച്ചിരിക്കുന്നു. ഇവ നിലവില്‍ ആശയം മാത്രമാണ്. പക്ഷേ, ക്യാനന്റെ ശ്രമം വിജിയിച്ചാല്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് കുറച്ചകലെ ഇരിക്കുന്ന പക്ഷിയുടെ ചിത്രം പോലും പകര്‍ത്താന്‍ പറ്റും. 

ക്യാനന്‍ കാണിച്ച ഒരു പ്രൊഡക്ട് 100-400mm സൂം ലെന്‍സ് ആണ്. ഈ ലെന്‍സ്, ലെന്‍സ് ലൈറ്റ്‌നിങ് പോര്‍ട്ടിലൂടെ സ്മാര്‍ട് ഫോണുമായി കണക്ടു ചെയ്യാം. കേവലം 100ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. ഒരു ഒപ്ടിക്കല്‍ വ്യൂഫൈന്‍ഡറും ഈ ലെന്‍സുമായി ഘടിപ്പിക്കാം. എന്നാല്‍ ക്യാനന്‍ പ്രദര്‍ശിപ്പിച്ച ഇവയൊന്നും ഒട്ടും പ്രവര്‍ത്തന സജ്ജമായിരുന്നില്ല. നിലവില്‍ സ്മാർട് ഫോണ്‍ ഫൊട്ടോഗ്രഫിയുടെ ഏറ്റവും വലിയ പരിമിതി അതിന്റെ ഒപ്ടിക്കല്‍ ടെലി സൂം ആണ്. ആ പരിമിതി കടക്കാന്‍ ക്യാനന്റെ ഒരു കൈ സഹായം എത്തിയാല്‍ സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫിക്ക് പുതിയ മാനങ്ങള്‍ കൈവന്നേക്കാം. ലെന്‍സ് നിര്‍മാണത്തില്‍ അദ്വിദീയരാണ് ക്യാനന്‍.

രണ്ടാമത്തെ സങ്കല്‍പ്പം ഒരു പക്ഷേ, കൂടുതല്‍ താത്പര്യജനകമാണ്. ഇതിനെ ക്യാനന്‍ വിളിക്കുന്നത് ബുദ്ധിയുള്ള 360 ഡിഗ്രി കോംപാക്ട് ക്യാമറ എന്നാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്ന ഈ ക്യാമറയ്ക്ക് 3x സൂം ഉണ്ട്. ഫോട്ടോയും വിഡിയോയും പകര്‍ത്തും. എന്തു ചിത്രീകരിക്കണമെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണു തീരുമാനിക്കുന്നത്. 'ഗൂഗിള്‍ ക്ലിപ്‌സി'നോട് ഇക്കാര്യത്തില്‍ സാമ്യമുണ്ടെന്നു പറയാം. 360 ഡിഗ്രി ചെരിഞ്ഞും കറങ്ങിയുമെല്ലാം ഫോട്ടോ എടുക്കാനുള്ള കഴിവാണ് ക്യാനന്‍ ഈ ക്യാമറയ്ക്കു നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് ഒരു ട്രൈപ്പോഡ് അറ്റാച്‌മെന്റും ഉണ്ട്. ഇതിലൂടെ ക്യാനന്റെ EOS DSLR കളുടെ ഹോട്ഷൂവുമായും കണക്ടു ചെയ്യാം. (ഒരു പക്ഷേ, എല്ലാ DSLRകളുമായും ഘടിപ്പിക്കാന്‍ സാധിച്ചേക്കും.) ഈ ക്യാമറ സങ്കല്‍പ്പം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായിരുന്നു. 

എന്നാല്‍ ഈ രണ്ട് ഉപകരണങ്ങളും അവരുടെ നിലവിലുള്ള ക്യാമറയ്‌ക്കോ ലെന്‍സിനോ പകരം വയ്ക്കാനുള്ളവയല്ല. മറിച്ച് അവയ്ക്കു കൂടുതല്‍ ശേഷിനല്‍കുക മാത്രമാണു ചെയ്യൂവെന്ന് കമ്പനി ഊന്നിപ്പറഞ്ഞു. ക്യാനനും നിക്കോണും ഈ രംഗത്തേക്കു കടന്നു വരാതിരുന്നതിന്റെ ഒരു കാരണം അവരുടെ നിലവിലുള്ള ബിസിനസിനു കോട്ടം തട്ടുമോ എന്നു കരുതിയാണ്. എന്നാല്‍, ഈ പേടി അവരെ കണ്ടമാനം പിന്നോട്ടടിച്ചു കഴിഞ്ഞു. പരമ്പരാഗത ക്യാമറ വ്യവസായം വന്‍ പ്രതിസന്ധി നേരിടുകയാണ്. താമസിയാതെ വളരെ സ്‌പെഷ്യലൈസ്ഡ് കാര്യങ്ങള്‍ക്കു മാത്രമെ ഇത്തരം ക്യാമറകളുടെ ആവശ്യമുള്ളു എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതെന്നാണ് പറയുന്നത്. 

ഉറക്കം വിട്ടുണര്‍ന്ന നിക്കോണും ക്യാനനും ഈ വര്‍ഷം തന്നെ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ മാര്‍ക്കറ്റിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും കേള്‍ക്കുന്നു.