യുദ്ധഭൂമിയിൽ തനിയെ പറക്കും ഹെലിക്കോപ്റ്ററുമായി അമേരിക്കൻ സേന

അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററുകള്‍ പറത്തുക ഇനി ടാബ്ലറ്റ് കൈകാര്യം ചെയ്യുന്നതുപോലെ ലളിതമാകുന്നു. പൈലറ്റുമാരുടെ പണി പരമാവധി കുറക്കുന്ന സ്വയം നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തിലാണ് ഭാവിയില്‍ പല അമേരിക്കന്‍ ഹെലികോപ്റ്ററുകളും യുദ്ധഭൂമിയിലൂടെ പറക്കുക. ഈ സംവിധാനത്തിന്റെ വിജയകരമായ പരീക്ഷണം കഴിഞ്ഞ മാസം വിര്‍ജീനിയയില്‍ നടത്തിയതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. 

സൈന്യത്തിനായി ആധുനിക സാങ്കേതിക വിദ്യകള്‍ നിര്‍മിക്കുന്ന DARPAയാണ് ഹെലിക്കോപ്റ്ററുകള്‍ക്കായി എയർക്രൂ ലേബർ ഇൻ–കോക്പിറ്റ് ഓട്ടോമേഷൻ സിസ്റ്റം (ALIAS) വികസിപ്പിച്ചെടുത്തത്. ഒക്ടോബറില്‍ പരീക്ഷണ പറക്കല്‍ നടത്തിയ പൈലറ്റ് വെറും 45 മിനിറ്റിന്റെ പരിശീലനത്തിന് ശേഷമാണ് ഹെലികോപ്റ്റര്‍ പറത്തിയത്. സാങ്കേതികമായി വലിയ അറിവില്ലാത്തവര്‍ക്കും ഇത്തരത്തില്‍ ഹെലികോപ്റ്റര്‍ നിയന്ത്രിക്കാനാകുമെന്നാണ് DARPA അവകാശപ്പെടുന്നത്. 

ഇതുവരെ 300 മണിക്കൂറിലേറെ വിജയകരമായി ഇത്തരത്തില്‍ ഹെലിക്കോപ്റ്ററുകള്‍ പറത്താന്‍ അമേരിക്കന്‍ സൈന്യത്തിനായി. ടാബ്ലറ്റും ഇന്റര്‍സെപ്‌റ്റേഴ്‌സ് കണ്‍ട്രോളുമാണ് പൈലറ്റിനുണ്ടാവുക. ലക്ഷ്യം സജ്ജീകരിക്കുകയും വേണ്ടി വന്നാല്‍ മാറ്റുകയുമൊക്കെയാണ് ടാബ്ലറ്റില്‍ ചെയ്യുക. അതേസമയം ഹെലികോപ്റ്ററിന്റെ ദിശമാറ്റുന്നതു പോലുള്ള കാര്യങ്ങള്‍ ഇന്റര്‍സെപ്‌റ്റേഴ്‌സ് കണ്‍ട്രോള്‍ വഴി ചെയ്യും. 

യുദ്ധമേഖലകളിലേതിന് സമാനമായി നിരീക്ഷണ പറക്കല്‍ നടത്തുന്നതിനും വഴിയില്‍ വന്ന മറ്റൊരു ഹെലിക്കോപ്റ്ററിന്റെ ദിശയില്‍ നിന്നും മാറി പറക്കാനും സുരക്ഷിതമായി ഇറങ്ങാനുമെല്ലാം പരീക്ഷണപറക്കലിനിടെ സാധിച്ചു. ഇറങ്ങേണ്ട ഭാഗം തീരുമാനിക്കാനും ആവശ്യത്തിന് മാറ്റം വരുത്താനും ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ഇറങ്ങാനും പറന്നുയരാനും താഴ്ന്ന് പറക്കാനുമെല്ലാം ഇത്തരം ഓട്ടോമാറ്റിക് സംവിധാനത്തിന് കഴിവുണ്ട്. കാറ്റുള്ള സമയത്ത് പോലും നിയന്ത്രണം നഷ്ടമാകാതെ പറക്കാന്‍ ഇത്തരം ഹെലിക്കോപ്റ്ററുകള്‍ക്കായി. 

പുതിയ സംവിധാനത്തിന്റെ വരവോടെ വ്യോമസേനയിലെ പൈലറ്റുകള്‍ക്ക് തങ്ങളുടെ ദൗത്യത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാകുമെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. മാത്രമല്ല നിലവില്‍ സജ്ജീകരിച്ച ദൗത്യത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മനുഷ്യ പൈലറ്റിന് സാധിക്കുകയും ചെയ്യും. അടുത്ത വര്‍ഷം തന്നെ ഇത്തരം ALIAS സംവിധാനം ഘടിപ്പിച്ച ഹെലിക്കോപ്റ്ററുകളുടെ വിപുലമായ വ്യോമാഭ്യാസം സംഘടിപ്പിക്കാനാണ് DARPA കണക്കുകൂട്ടുന്നത്.