44 നാവികരുമായി കാണാതായ മുങ്ങിക്കപ്പൽ അറ്റ്‌ലാന്റിക് സമുദ്രത്തിൽ

ഒരു വർഷം മുൻപ് കാണാതായ അർജന്റീനയുടെ മുങ്ങിക്കപ്പൽ കണ്ടെത്തിയതായി റിപ്പോർട്ട്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം അറ്റ്‌ലാന്റിക് സമുദ്രത്തിൽ 800 മീറ്റർ താഴെ എആർഎ സാൻയുവാൻ മുങ്ങിക്കപ്പല്‍ കിടക്കുന്നുണ്ടെന്നാണ്. അർജന്റീന നാവിക സേനയുടെ ട്വീറ്റിൽ മുങ്ങിക്കപ്പലിന്റെ കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ട്. 60 മീറ്റർ നീളത്തിലുള്ള വസ്തു കാണാതായ മുങ്ങിക്കപ്പലാണെന്നാണ് നിഗമനം.

44 നാവികരുമായി കാണാതായ മുങ്ങിക്കപ്പലിൽ നിന്ന് അർജന്റീന നാവികസേനയ്ക്ക് അപായസന്ദേശം ലഭിച്ചിരുന്നു. എന്നാൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അർജന്റീന തീരത്തുനിന്നു 430 കിലോമീറ്റർ ദൂരെയാണ് മുങ്ങിക്കപ്പൽ കാണാതായത്.

ബ്രസീൽ, ബ്രിട്ടൻ, ചിലെ, യുഎസ് രാജ്യങ്ങളുടെ സഹായത്തോടെ അർജന്റീനയുടെ നാവിക, വ്യോമ സേനകൾ സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. ഉഷൂയിയയിൽ നിരീക്ഷണത്തിനു പോയി മാർഡെൽ പ്ലാറ്റയിലെ താവളത്തിലേക്കു മടങ്ങുന്നതിനിടെയാണ് എആർഎ സാൻയുവാൻ മുങ്ങിക്കപ്പൽ കാണാതായത്.

കപ്പലിന്റെ മോശം അവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്. കപ്പലില്‍ നിന്ന് ലഭിച്ച സിഗ്നലും അവസാനമായി കേട്ട സ്ഫോടനത്തിന് സമാനമായ ശബ്ദവും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയിരുന്നത്. 34 വര്‍ഷം പഴക്കമുള്ളതാണ് മുങ്ങിക്കപ്പൽ. അതേസമയം, മുങ്ങിക്കപ്പലിലെ ജീവനക്കാര്‍ക്ക് എന്തു സംഭവിച്ചുവെന്നതും വ്യക്തമല്ല.