ഇന്ത്യയുടെ സുരക്ഷയ്ക്ക് 3,572 കോടിയുടെ 2 റഷ്യൻ യുദ്ധക്കപ്പലുകൾ

ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ മിക്ക സാങ്കേതിക സംവിധാനങ്ങൾക്കും പോർവിമാനങ്ങൾക്കും കപ്പലുകൾക്കും റഷ്യയുമായി ഏറെ ബന്ധമുണ്ട്. ഇന്ത്യയ്ക്കു വേണ്ട അത്യാധുനിക യുദ്ധക്കപ്പലുകളെല്ലാം നിർമിക്കാൻ സഹായിക്കുന്നത് റഷ്യൻ ടെക്നോളജിയാണ്. ഏറ്റവും മികച്ച ശേഷിയുള്ള രണ്ടു യുദ്ധക്കപ്പലുകൾ കൂടി നിർമിക്കാൻ ഇന്ത്യയും റഷ്യയും ധാരണയിലെത്തിയിട്ടുണ്ട്.

എസ്–400 പ്രതിരോധ മിസൈൽ സിസ്റ്റം ഇടപാടുമായി ബന്ധപ്പെട്ട് യുഎസ് ഉപരോധഭീഷണി നിലനിൽക്കെയാണ് 3572 കോടി രൂപയ്ക്ക് രണ്ട് യുദ്ധക്കപ്പലുകൾ കൂടി നിര്‍മിക്കാൻ ഇന്ത്യ റഷ്യയുമായി കാരാറിലെത്തിയിരിക്കുന്നത്. റഡാറുകളുടെ കണ്ണിൽ പെടാതെ സഞ്ചരിക്കാൻ ശേഷിയുള്ള രണ്ടു ചെറു ഗ്രിരോറോവിച്ച് യുദ്ധക്കപ്പലുകളാണ് ഇന്ത്യയും റഷ്യയും സംയുക്തമായി നിർമിക്കുന്നത്. റഷ്യ നൽകുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗോവ കപ്പൽശാലയിലാണ് ഇവ നിർമിക്കുക.

6972 കോടി രൂപയ്ക്കു 2 യുദ്ധക്കപ്പലുകൾ റഷ്യയിൽ നിന്നു നേരിട്ടു വാങ്ങാൻ കഴിഞ്ഞ ഒക്ടോബറിൽ ധാരണയായതിന്റെ പിന്നാലെയാണ് രണ്ടെണ്ണം കൂടി നിർമിക്കാനുള്ള നീക്കം. അടുത്തിടെ ഇന്ത്യ സന്ദർശിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകളാണു കരാറിലേക്കു നയിച്ചത്. ഗോവ കപ്പൽശാലയും റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള റോസോൺബോറോൺ എക്സ്പോർട്ടുമാണ് കരാറിൽ ഒപ്പുവച്ചത്. കപ്പലുകളുടെ നിർമാണം 2020 ൽ ആരംഭിക്കും.

ആദ്യ കപ്പൽ 2026 ൽ സേനയുടെ ഭാഗമാകും. രണ്ടാമത്തേത് 2027 ലും. തൽവാർ വിഭാഗത്തിലുള്ള യുദ്ധക്കപ്പലുകളിൽ ബ്രഹ്മോസ് മിസൈൽ സജ്ജമാക്കാനാകും. ശത്രു വിമാനങ്ങൾ, കപ്പലുകൾ, മുങ്ങിക്കപ്പലുകൾ എന്നിവയെ ലക്ഷ്യമിടാം. ഗ്യാസ് ടർബൈൻ എൻജിനാണ് ഈ കപ്പലുകളിൽ ഉപയോഗിക്കുക.

റഡാറുകളെ കബളിപ്പിക്കാൻ ശേഷിയുള്ള ആറോളം റഷ്യൻ നിർമിത യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ കൈവശമുണ്ട്. ഇതോടൊപ്പം നാലു യുദ്ധക്കപ്പലുകൾ കൂടി ചേരുന്നതോടെ ഏഷ്യയിലെ ശക്തരായ നാവികസേനയായി ഇന്ത്യ മാറും.