അമേരിക്കയുടെ ഭീമൻ യുദ്ധക്കപ്പല്‍ മുക്കിയത് 28 മിനിറ്റിൽ, പിന്നിൽ ജർമ്മൻ മുങ്ങിക്കപ്പല്‍

ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍ 1918 ജൂലൈ 18നാണ് അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് സാന്റിയാഗോ ആക്രമണത്തിനിരയായി മുങ്ങുന്നത്. കടലിനടിയില്‍ നിന്നുള്ള ആക്രമണമായതിനാല്‍ ആരാണ് ഇതിനു പിന്നിലെന്നതിനെ സംബന്ധിച്ച് നിരവധി സംശയങ്ങളുണ്ടായിരുന്നു. അപ്പോഴും ജര്‍മനിയുടെ മുങ്ങിക്കപ്പലാണ് അത് ചെയ്തതെന്ന വാദം ശക്തമായിരുന്നു. ആ വാദത്തെ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ യുദ്ധക്കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കപ്പലിലുണ്ടായിരുന്ന 1117 പേരുടെ ജീവന്‍ രക്ഷിക്കാനായി. 500 അടി നീളമുള്ള കൂറ്റന്‍ യുദ്ധക്കപ്പല്‍ വെറും 28 മിനിറ്റിലാണ് കടലില്‍ മുങ്ങിപ്പോയത്. ന്യൂയോര്‍ക്കിലെ ഫിഫെ ദ്വീപിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ഇപ്പോഴും ഇവിടെ കടലിനടിയില്‍ 110 അടി ആഴത്തില്‍ ഈ കപ്പല്‍ മുങ്ങിക്കിടപ്പുണ്ട്. കടലിന്റെ ആടിത്തട്ടില്‍ പോയി ഈ യുദ്ധക്കപ്പലിന്റെ 3ഡി ചിത്രങ്ങള്‍ ശേഖരിച്ച് ഗവേഷകര്‍ നടത്തിയ പഠനമാണ് അന്നത്തെ ആക്രമണത്തിന് പിന്നില്‍ ജര്‍മനിയാണെന്നു ഉറപ്പിക്കുന്നത്.

ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയിലെ സമുദ്രപര്യവേഷകനായ ഡോ. അലെക്‌സിസ് കാറ്റ്‌സംബിസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. വാഷിങ്ടണില്‍ തന്റെ ഗവേഷണ ഫലങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. കടലിനടിയിലെ യുദ്ധക്കപ്പലിന്റെ 3ഡി ചിത്രങ്ങളാണ് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

കപ്പല്‍ തകര്‍ന്നിരിക്കുന്ന ഭാഗം പരിശോധിച്ചതില്‍ നിന്നും കപ്പലിനകത്തു നിന്നുള്ള സ്‌ഫോടനമല്ല മറിച്ച് പുറത്തു നിന്നുള്ള ആക്രമണമാണ് കേടുപാടുകള്‍ക്കിടയാക്കിയതെന്ന് ഉറപ്പിക്കാം. ജര്‍മനിയുടെ ടി1 അല്ലെങ്കില്‍ ടി2 മുങ്ങിക്കപ്പലില്‍ നിന്നുള്ള മിസൈലാണ് കപ്പല്‍ തകര്‍ത്തതെന്നാണ് കരുതപ്പെടുന്നത്. കപ്പലിന് ആദ്യം കേടുപാടുകള്‍ സംഭവിച്ച ഭാഗത്തേക്ക് വെറും രണ്ടു മിനിറ്റുകൊണ്ട് വെള്ളം കയറിയിട്ടുണ്ട്. സ്‌ഫോടനശേഷം പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കപ്പലിലെ ഗണ്‍ ഡക്കില്‍ വരെ വെള്ളമെത്തി.

മറ്റ് യുദ്ധക്കപ്പലുകള്‍ക്ക് അകമ്പടി പോകുന്നതിനും ആയുധങ്ങളും മറ്റ് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനുമാണ് യുഎസ്എസ് സാന്റിയാഗോവിനെ യുഎസ് സൈന്യം ഉപയോഗിച്ചിരുന്നത്. യൂറോപ്പിലേക്കുള്ള യാത്രക്കിടെയായിരുന്നു യുഎസ്എസ് സാന്റിയാഗോ ആക്രമണത്തിനിരയായതും മുങ്ങിയതും. ദിവസങ്ങള്‍ക്ക് ശേഷം ജൂലൈ 22ന് അമേരിക്കന്‍ തീരത്തെ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ജര്‍മ്മന്‍ യു156 മുങ്ങിക്കപ്പല്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതാണ് സംശയം ബലപ്പെടുത്തിയത്. അന്നത്തെ സംശയത്തെ ഉറപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍.