റഷ്യ പുറത്തെടുത്ത ആയുധങ്ങൾ കണ്ട് ലോകം ഭയന്നു, കണ്ണുതള്ളി അമേരിക്ക

തികഞ്ഞ അഭിമാനത്തോടെയാണ് ഉന്നത സൈനിക മേധാവികളുടെ യോഗത്തിൽ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ അക്കാര്യം പറഞ്ഞത്. മറ്റുരാജ്യങ്ങളേക്കാള്‍ പ്രതിരോധ രംഗത്ത് പതിറ്റാണ്ടുകള്‍ മുന്നിലെത്തിക്കുന്ന ആയുധങ്ങള്‍ റഷ്യ സ്വന്തമാക്കി കഴിഞ്ഞു എന്നായിരുന്നു പുടിന്റെ പ്രഖ്യാപനം. പുടിന്‍ സൂചിപ്പിച്ച ആയുധങ്ങള്‍ക്ക് പകരംവയ്ക്കാന്‍ തങ്ങളുടെ പക്കലൊന്നുമില്ലെന്ന് അമേരിക്ക കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ലോകത്തെ ഒന്നടങ്കം ഭയപ്പെടുത്തുന്ന ആയുധങ്ങളാണ് റഷ്യ അവതരിപ്പിച്ചത്.

കിന്‍സല്‍ ഹൈപ്പര്‍സോണിക് മിസൈലും അവഗാര്‍ഡ് ഹൈപ്പര്‍സോണിക് ഗ്ലൈഡറുമാണ് റഷ്യയുടെയും ഒപ്പം പുടിന്റെയും അഭിമാനമായി മാറിയ ആയുധങ്ങള്‍. ഹൈപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ഒരു രാജ്യത്തിന്റെ പക്കലുമില്ലെന്നാണ് പുടിന്‍ തന്നെ ആവേശത്തോടെ പറഞ്ഞത്. ഈ ആയുധങ്ങളുടെ വേഗവും ഉയരത്തില്‍ പറക്കാനും പ്രതികൂല കാലാവസ്ഥയെ മറികടക്കാനുമുള്ള ശേഷിയുമാണ് അവയെ അത്യന്തം അപകടകാരികളാക്കുന്നത്. നിലവില്‍ പുടിന്റെ പക്കലുള്ള ഈ ആയുധങ്ങളെ തടയാനുള്ള ശേഷി അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ക്കില്ല.

മണിക്കൂറില്‍ 12,500 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിക്കാന്‍ ശേഷിയുണ്ട് കിന്‍സാല്‍ മിസൈലുകള്‍ക്ക്. ഈ മിസൈലുകള്‍ നിലവില്‍ തന്നെ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാണ്. മിഗ് 31 പോര്‍ വിമാനങ്ങള്‍ ഈ മിസൈലുകള്‍ ഘടിപ്പിച്ച് 89 നിരീക്ഷണ പറക്കലുകള്‍ നടത്തിയെന്ന റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗു തന്നെയാണ് പറഞ്ഞത്.

അതേസമയം, അവഗാര്‍ഡ് ഗ്ലൈഡര്‍ അടുത്തവര്‍ഷത്തിലാണ് സൈന്യത്തിന്റെ ഭാഗമാവുക. സാധാരണ ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ ഈ ഗ്ലൈഡറിന് ശേഷിയുണ്ട്. ഒരിക്കല്‍ തൊടുത്തുകഴിഞ്ഞാല്‍ ആവശ്യത്തിനനുസരിച്ച് ദിശ മാറുന്നതിനും വളഞ്ഞു പുളഞ്ഞു പോകാനും ഇവക്കാകും.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൈന്യത്തില്‍ ബഹിരാകാശ കമാന്‍ഡ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ബഹിരാകാശത്തെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ട്രംപിന്റെ നീക്കത്തെ ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ പ്രതിരോധിക്കുന്നുണ്ട്. ആന്റി സാറ്റലൈറ്റ് ആയുധങ്ങള്‍ ഉപയോഗിച്ച് അമേരിക്കയുടെ ബഹിരാകാശത്തെ പ്രതിരോധ നീക്കങ്ങളെ തകര്‍ക്കാനാകുമെന്നാണ് ഈ രാജ്യങ്ങളുടെ പ്രതീക്ഷ.