ഭൂമിയേക്കാള്‍ ആറിരട്ടി വലിപ്പവുമുള്ള ഗ്രഹം, കണ്ടെത്തിയത് ഇന്ത്യ

നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്തിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും. ഭൂമിയേക്കാള്‍ 27 ഇരട്ടി ഭാരവും ആറിരട്ടി വലിപ്പവുമുള്ള ഗ്രഹത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ പ്രൊഫ. അഭിജിത്ത് ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അഭിമാനാര്‍ഹമായ നേട്ടത്തിന് പിന്നില്‍. 

ശനിയേക്കാള്‍ ചെറുതും എന്നാല്‍ നെപ്റ്റിയൂണിനേക്കാള്‍ വലുതുമാണ് കണ്ടെത്തിയ ഗ്രഹം. സൂര്യന് സമാനമായ ഒരു നക്ഷത്രത്തിന് ചുറ്റുമാണ് ഇത് കറങ്ങുന്നത്. കണ്ടെത്തിയ ഗ്രഹം EPIC 211945201b അല്ലെങ്കില്‍ K2-236b എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ വ്യക്തമാക്കി. 

അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ അസ്‌ട്രോണമിക്കല്‍ ജേണലില്‍ ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തദ്ദേശീയമായി നിര്‍മ്മിച്ച PARAS (PRL Advance Radial-velocity Abu-sky Search) സ്‌പെക്ട്രോഗ്രാഫും 1.2 ടെലസ്‌കോപും ഉപയോഗിച്ചാണ് ഗ്രഹത്തെ കണ്ടെത്തി ഭാരവും വലിപ്പവും നിര്‍ണ്ണയിച്ചത്. മൗണ്ട് അബുവിലുള്ള ഗുരുശിഖര്‍ വാന നിരീക്ഷണ കേന്ദ്രത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 

ഭൂമിയേക്കാള്‍ 10 മുതല്‍ 70 വരെ ഇരട്ടി ഭാരവും നാല് മുതല്‍ എട്ടിരട്ടി വരെ വലിപ്പവുമുള്ള 23 ഗ്രഹങ്ങളുടെ കൂട്ടങ്ങളെ മാത്രമേ നമ്മള്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. സൗരയൂഥത്തിന് പുറത്തെ ഗ്രഹങ്ങളുടെ സ്ഥാനത്തിനൊപ്പം വലിപ്പവും ഭാരവും കൃത്യമായി നിര്‍ണ്ണയിക്കുകയെന്നതാണ് പ്രപഞ്ചശാസ്ത്രജ്ഞര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിട്ടാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 

ഗ്രഹങ്ങളുടെ ഭാരം കൂടി കണക്കാക്കാന്‍ കഴിയുമെന്നതാണ് ഇന്ത്യയുടെ PARAS സ്‌പെക്ട്രോഗ്രാഫിനെ വ്യത്യസ്ഥമാക്കുന്നത്. ഏഷ്യയില്‍ ഇന്ത്യയുടെ പാരാസിന് പകരക്കാരനില്ല. ലോകത്തു തന്നെ വളരെ കുറച്ച് സ്‌പെക്ട്രോഗ്രാഫുകളേ ഉള്ളൂവെന്ന് ഐഎസ്ആര്‍ഒ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.