ഖുഫുവിന്റേയും ഭാര്യയുടേയും ശവകുടീരത്തിൽ വീണ്ടും അദ്ഭുതം

എത്ര പറഞ്ഞാലും തീരാത്ത അദ്ഭുതങ്ങളുടെ കലവറകളാണ് ഈജിപ്തിലെ പിരമിഡുകള്‍. അവയുടെ സവിശേഷതകളെക്കുറിച്ചുള്ള ഓരോ കണ്ടെത്തലുകളും മറ്റുപല സാധ്യതകളിലേക്കു കൂടിയാണ് വാതില്‍ തുറക്കുന്നത്. ലോകാദ്ഭുതങ്ങളിലൊന്നായ ഗിസയിലെ പിരമിഡിന് വൈദ്യുതകാന്തികോര്‍ജത്തെ കേന്ദ്രീകരിക്കാന്‍ ശേഷിയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

ഈ കണ്ടെത്തല്‍ കൂടുതല്‍ കാര്യക്ഷമമായ സെന്‍സറുകളും സോളാര്‍ സെല്ലുകളും നിര്‍മിക്കാനാവശ്യമായ നാനോ പാര്‍ട്ടിക്കിളുകളുടെ മാതൃകയ്ക്ക് പ്രചോദനമാകുന്നുവെന്നതും ശ്രദ്ധേയമാണ്. ഏകദേശം 4400 വര്‍ഷങ്ങള്‍ക്കു മുൻപ് നിര്‍മിച്ച പിരമിഡ് അത്യാധുനിക കണ്ടെത്തലുകള്‍ക്ക് പോലും പ്രചോദനമാകുകയാണിവിടെ. ഗിസയിലെ പിരമിഡിന് വൈദ്യുതകാന്തികോര്‍ജത്തെ കേന്ദ്രീകരിക്കാനുള്ള ശേഷിയുണ്ടോ എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ശ്രമിച്ചത് ആഗോളതലത്തിലുള്ള ഗവേഷക സംഘമാണ്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഐടിഎംഒ ആണ് ഈ സംഘത്തെ നയിച്ചത്.

വൈദ്യുതകാന്തികോര്‍ജവും പിരമിഡും തമ്മിലുള്ള ബന്ധം തിരിച്ചറിയാനായി ഗവേഷകസംഘം ആദ്യം ഗിസയിലെ പിരമിഡിന്റെ ഒരു ചെറുമാതൃക നിര്‍മിക്കുകയായിരുന്നു. വൈദ്യുതകാന്തികോര്‍ജം പിരമിഡ് വഴി പോകുമ്പോള്‍ കേന്ദ്രീകരിക്കുകയാണോ വികേന്ദ്രീകരിക്കപ്പെടുകയാണോ ചെയ്യുന്നത് എന്നറിയാനുള്ള പരീക്ഷണമാണ് പിന്നീട് നടന്നത്. ആകൃതിയുടെ പ്രത്യേകതകള്‍ മൂലം വൈദ്യുതകാന്തികോര്‍ജം പിരമിഡില്‍ കേന്ദ്രീകരിക്കുന്നുവെന്നായിരുന്നു പരീക്ഷണഫലം.

ഈജിപ്ഷ്യന്‍ ഫറവോ രാജാവ് ഖുഫുവിന്റേയും ഭാര്യയുടേയും ശവകുടീരങ്ങളാണ് ഗിസയിലെ പിരമിഡിലുള്ളത്. പൂര്‍ത്തിയാകാത്ത മറ്റൊരു അറയും പിരമിഡിനുള്ളിലായുണ്ടെന്ന് കരുതപ്പെടുന്നു. വൈദ്യുതകാന്തികോര്‍ജത്തിന്റെ കേന്ദ്രീകരത്തെക്കുറിച്ച് 4400 വര്‍ഷങ്ങള്‍ക്കു മുൻപ് പിരമിഡ് നിര്‍മിക്കുമ്പോള്‍ ഈജിപ്തുകാര്‍ക്ക് ധാരണയുണ്ടാകുമെന്ന് കരുതാനാകില്ല. എന്നാല്‍ ഈ ഗവേഷണഫലം ആധുനിക ശാസ്ത്രത്തിലെ പല നിര്‍മിതികള്‍ക്കും വഴികാട്ടിയാവുമെന്നാണ് കരുതുന്നത്. സൗരോര്‍ജ സെല്ലുകളുടെ അടക്കം നിര്‍മാണത്തിനുപയോഗിക്കുന്ന നാനോ പാര്‍ട്ടിക്കിളുകള്‍ പിരമിഡ് ആകൃതിയില്‍ നിര്‍മിച്ചാല്‍ അവയുടെ കാര്യക്ഷമത വര്‍ധിക്കുമെന്നാണ് ഗവേഷകസംഘത്തിന്റെ നിഗമനം.