9,000 കോടിയുടെ മിഷൻ ‘ഗഗന്യാൻ’: ഇന്ത്യക്കാരും ബഹിരാകാശത്തേക്ക്

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ വൻ മുന്നേറ്റം നടത്തുമെന്നും ഇതിനുള്ള പദ്ധതികൾക്ക് ഉടൻ തുടക്കമിടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മിഷൻ ഗഗന്യാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമാകാൻ ലക്ഷ്യമിട്ടുള്ള മിഷൻ ‘ഗഗന്യാൻ’ ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം വൻ വെല്ലുവിളി തന്നെയാകും. 2022 ആകുമ്പോഴേക്കും ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുമെന്നാണ് മോദി പ്രഖ്യാപിച്ചത്. നിലവിൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ബഹിരാകാശത്തേക്ക് മനുഷ്യനെ അയച്ചിട്ടുള്ളത്.

2022 ൽ ഇന്ത്യ സ്വതന്ത്രയായിട്ട് 75 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ കയ്യിൽ ത്രിവർണ്ണ പതാകയുമായി ഒരു ഇന്ത്യയ്ക്കാരനോ, ഇന്ത്യയ്ക്കാരിയോ ബഹിരാകാശത്തേക്ക് പോകുമെന്നും മോദി പറഞ്ഞു. ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത സ്വന്തം റോക്കറ്റിൽ തന്നെയായിരിക്കും ബഹിരാകാശ യാത്ര.

40 മാസത്തെ പദ്ധതിക്കായി 9,000 കോടി രൂപയാണ് കേന്ദ്രം വകയിരുത്തുന്നത്. ബഹിരാകാശത്തേക്ക് ആളെ അയക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിക്ക് വൻ പ്രതീക്ഷകളാണുള്ളത്. രണ്ടു ആളില്ലാ വാഹനങ്ങളും മനുഷ്യൻ നിയന്ത്രിച്ച് പറത്തുന്ന മറ്റൊരു വാഹനങ്ങളമാണ് പദ്ധതിക്ക് ഉപയോഗിക്കുക. ഭൂമിയോടു ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിൽ അഞ്ചോ ഏഴോ ദിവസം തങ്ങാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പദ്ധതികൾക്കായി ഐഎസ്ആർഒ ഇതിനകം തന്നെ 173 കോടി ചെലവിട്ടിട്ടുണ്ട്. 2008 ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയും സാങ്കേതിക പ്രശ്നങ്ങളും പദ്ധതിയെ പിന്നോട്ടടിക്കുകയായിരുന്നു.