ബഹിരാകാശ നിലയത്തിലെ വായു ചോര്‍ച്ചയ്ക്ക് പിന്നിൽ മനുഷ്യരെന്ന് റഷ്യ

രാജ്യാന്തര ബഹിരാകാശ നിലയത്തിലുണ്ടായ വായു ചോര്‍ച്ച മനുഷ്യനിര്‍മിതമാണെന്ന വെളിപ്പെടുത്തലുമായി റഷ്യ. ഡ്രില്‍ ചെയ്യുമ്പോള്‍ സംഭവിച്ച പിഴവ് മൂടിവെക്കാന്‍ ശ്രമിച്ചതാണ് ഇത്രവലിയ സുരക്ഷാ പാളിച്ചയിലേക്ക് നയിച്ചതെന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി ദിമിത്രി റോഗോസിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബഹിരാകാശത്ത് വെച്ചല്ല ഭൂമിയില്‍ നിന്നാണ് ഈ പിഴവ് സംഭവിച്ചിരിക്കാന്‍ സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യാന്തര ബഹിരാകാശ നിലയത്തിലുണ്ടായ വായു ചോര്‍ച്ചയെ അഭിമാന പ്രശ്‌നമായാണ് റഷ്യ കാണുന്നത്. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ കുറ്റക്കാരെ പിടികൂടിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 150 ബില്യണ്‍ ഡോളര്‍ (ഏകദേശം പത്തു ലക്ഷം കോടിയിലേറെ രൂപ) ചിലവിട്ട് നിര്‍മിച്ച ഈ ബഹിരാകാശ നിലയത്തിന് ഗുരുതരമായ കേടുപാടുകള്‍ക്കിടയാക്കുന്നതായിരുന്നു കണ്ടെത്തിയ 2 മില്ലീമീറ്റര്‍ വലിപ്പമുള്ള ദ്വാരം. 

ഓഗസ്ത് 29നാണ് ബഹിരാകാശ നിലയത്തിലെ മര്‍ദ്ദത്തില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദ്വാരം കണ്ടെത്തിയത്. ബഹിരാകാശത്ത് പറന്നു നടക്കുന്ന ചെറുവസ്തുക്കളാണ് ഇതിന് കാരണമായതെന്നാണ് ആദ്യഘട്ടത്തില്‍ കരുതിയത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പിഴവ് മനുഷ്യന്റേതാണെന്ന നിഗമനത്തിലെത്തിയത്. 

ഡ്രില്‍ ചെയ്യുമ്പോള്‍ സംഭവിച്ച പശവെച്ച് ഒട്ടിച്ച് മൂടിവെക്കാന്‍ ശ്രമിച്ചതാണ് കുഴപ്പമായത്. ബഹിരാകാശത്തെത്തിയപ്പോള്‍ പശ ഇളകിപോന്നതോടെ അപകടം സംഭവിക്കുകയായിരുന്നു എന്നതാണ് ഒരു സാധ്യത. അതേസമയം, ബഹിരാകാശത്ത് വെച്ചും ഇത്തരമൊരു ഡ്രല്ലിങ് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കുഴപ്പം മനുഷ്യ നിര്‍മിതമാണെന്ന് തെളിഞ്ഞതോടെ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. 

റഷ്യയും അമേരിക്കയും തമ്മില്‍ സഹകരിക്കുന്ന അപൂര്‍വ്വം വിഷയങ്ങളിലൊന്നാണ് രാജ്യാന്തര ബഹിരാകാശ നിലയം. ഈ ചെറു ദ്വാരം എങ്ങനെ അടയ്ക്കാമെന്ന കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിരുദ്ധാഭിപ്രായം പോലുമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. പ്രത്യേക പശയുപയോഗിച്ച് ദ്വാരം സ്ഥിരമായി അടയ്ക്കാനായിരുന്നു റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ നിര്‍ദ്ദേശം. അതേസമയം ഈ പശയും ഭാവിയില്‍ വിട്ടുപോകുമോ എന്നതായിരുന്നു അമേരിക്കന്‍ സംശയം. 

ഒടുവില്‍ റഷ്യന്‍ നിര്‍ദേശപ്രകാരം പ്രത്യേകതരം പശയുപയോഗിച്ച് ദ്വാരം അടച്ച് ഇന്‍സുലേഷനും അതിന് പുറമേ മറ്റൊരു ഒട്ടിക്കല്‍ കൂടി നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. നിലവില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ രണ്ട് റഷ്യക്കാരും മൂന്ന് നാസയുടെ സഞ്ചാരികളും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പ്രതിനിധിയായി ഒരു ജര്‍മ്മന്‍ സഞ്ചാരിയുമാണുള്ളത്.