ഈജിപ്തിലെ ആ കറുത്ത ശവക്കല്ലറ ഒടുവിൽ തുറന്നു; ചുരുളഴിഞ്ഞത് ദുരൂഹ രഹസ്യങ്ങൾ

ഇക്കഴിഞ്ഞ ജൂലൈയിലാണ് അലക്സാണ്ട്രിയയിലെ അൽ–കാർമിലി സ്ട്രീറ്റിനു സമീപം ഒരു കൂട്ടം ഗവേഷകർ ഉദ്ഖനനത്തിനെത്തിയത്. ചരിത്രപ്രാധാന്യമുള്ള വസ്തുക്കൾ മറഞ്ഞിരിക്കാൻ സാധ്യതയുള്ളതിനാൽ ഈജിപ്തിലെ ചില നഗരങ്ങളിൽ എന്തു നിർമാണ പ്രവൃത്തിയാണെങ്കിലും നടത്തും മുൻപ് അധികൃതരെ വിവരമറിയിക്കണം. ആർക്കിയോളജി വിഭാഗം എത്തി സ്ഥലം പരിശോധിച്ചതിനു ശേഷം മാത്രമേ നിർമാണത്തിന് അനുമതി നൽകുകയുള്ളൂ. എന്നാൽ കുഴിച്ച് ഒരു പതിനാറടി താഴെയെത്തിയപ്പോൾ ഗവേഷകർക്കു മുന്നിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കറുത്ത ഗ്രാനൈറ്റിൽ തീർത്ത ഒരു ശവക്കല്ലറ. ഏകദേശം 8.6 അടി നീളവും അഞ്ച് അടി വീതിയുമുള്ള ഈ കല്ലറ ഇന്നേവരെ അലക്സാണ്ട്രിയയിൽ കണ്ടെത്തിയതിൽ വച്ചേറ്റവും വലുതായിരുന്നു. 

ഏകദേശം രണ്ടായിരം വർഷമെങ്കിലും  പഴക്കമുള്ള ആ കല്ലറ ഇന്നേവരെ മോഷ്ടാക്കളും തുറന്നു നോക്കിയിരുന്നില്ല. സ്വർണത്തിലും മറ്റും പൊതിഞ്ഞ, കൊത്തുപണികളുള്ള കല്ലറകളാണ് ഈജിപ്തിൽ നിന്നു നേരത്തേ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിൽ കറുത്ത ഗ്രാനൈറ്റിൽ തീർത്ത ഒന്ന് ഇതാദ്യമായിട്ടായിരുന്നു. കോൺസ്പിറസി തിയറിസ്റ്റുകൾ വൈകാതെ തന്നെ പറഞ്ഞുണ്ടാക്കി– കല്ലറ തുറക്കരുത്, ലോകത്തെ നശിപ്പിക്കുന്ന ശാപമായിരിക്കും അതിനകത്തു കാത്തിരിക്കുന്നത്. എന്നാൽ ഗവേഷകർ അതിനൊന്നും ചെവി കൊടുത്തില്ല. മാത്രവുമല്ല, കല്ലറ തുറന്ന് ആദ്യം അതിനകം പരിശോധിച്ചത് ഈജ്പ്തിലെ പുരാവസ്തു വിഭാഗം സൂപ്രീം കൗൺസിൽ തലവൻ മുസ്തഫ വാസിരിയായിരുന്നു. ഇതിനെപ്പറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടിയിങ്ങനെ: ‘നോക്കൂ, ഞങ്ങളിത് തുറന്നിരിക്കുന്നു. ദൈവം സഹായിച്ച് ഇതുവരെ ലോകം അന്ധകാരത്തിലേക്കു കൂപ്പുകുത്തിയില്ല. ഞാനാണ് ആദ്യം കല്ലറ പരിശോദിച്ചത്. എനിക്കിപ്പോഴും ഒരു കുഴപ്പവുമില്ല. ഞാൻ നിങ്ങളുടെ മുന്നിൽത്തന്നെയുണ്ട്...’

ശാപക്കഥകൾ ഒഴിഞ്ഞതോടെ കല്ലറയുടെ യാഥാർഥ്യത്തിലേക്കായി ലോകത്തിന്റെ ശ്രദ്ധ. മൂന്നു മനുഷ്യരുടെ മമ്മികളായിരുന്നു ആ കറുത്ത കല്ലറയിൽ കാത്തിരുന്നത്. അതിൽ ഒരെണ്ണം സ്ത്രീയുടെയും മറ്റു രണ്ടെണ്ണം പുരുഷന്മാരുടെയും. ഏകദേശം 20 വയസ്സായിരുന്നു സ്ത്രീയ്ക്ക്. പുരുഷന്മാർക്ക് നാൽപതു വയസ്സിനടുത്തും. കൂടുതൽ പരിശോധനയിൽ ഒരു കാര്യം കൂടി ഉറപ്പായി. അവ ഏതെങ്കിലും രാജകുടുംബത്തിൽ നിന്നുള്ളവരുടെയല്ല. അലക്സാണ്ടർ ചക്രവർത്തിയാണ് അലക്സാണ്ട്രിയ നഗരം നിർമിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം മുന്നൂറു വർഷത്തോളം ഈജിപ്ത് ഭരിച്ചത് ഉപദേശകനായ ടോളമിയും  പിന്മുറക്കാരുമായിരുന്നു. ബിസി 305 മുതൽ 30 വരെയുള്ള ഇക്കാലത്താണ് കല്ലറ നിർമിച്ചതെന്നാണു കരുതുന്നത്. ഇത്തരം കല്ലറകൾ അന്ന് രാജകുടുംബാംഗങ്ങൾക്കു വേണ്ടി മാത്രമാണു നിർമിച്ചിരുന്നത്. എന്നാൽ അലക്സാണ്ടറിന്റെയോ ടോളമിയുടെയോ രാജവംശവുമായി കല്ലറയിലുള്ളവർക്കു യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണു പ്രാഥമിക നിഗമനം. അതിനു കാരണമായി ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. 

കല്ലറയിൽ രാജകുടുംബത്തിന്റെ പേരു കൊത്തിയ ഫലകങ്ങളൊന്നും ഉണ്ടായിരുന്നില്ല. കല്ലറയിൽ സ്വർണത്തിന്റെ അംശം കണ്ടെത്തിയിരുന്നെങ്കിലും സ്വർണം, വെള്ളി എന്നിവ കൊണ്ടുള്ള മുഖാവരണം ഉണ്ടായിരുന്നില്ല. മരണാനന്തര ചടങ്ങുകളോട് അനുബന്ധിച്ചുള്ള ചെറുപ്രതിമകളോ ലോഹത്തകിടുകളോ കല്ലറയിൽ കൊത്തിവച്ച കുറിപ്പുകളോ യാതൊന്നും കണ്ടെത്താനായില്ല. അതോടെയാണ് രാജകുടുംബത്തിൽ നിന്നല്ല എന്നു വ്യക്തമായത്. മൂവരും സൈനികരാണെന്നാണു മറ്റൊരു നിഗമനം. സ്ത്രീയുടെ തലയോട്ടിയിൽ വരെ മാരക ആയുധമുപയോഗിച്ച് മുറിപ്പെടുത്തിയതിന്റെ അടയാളമുണ്ട്. പുരുഷന്മാരിലൊരാളുടെ തലയോട്ടിയിൽ കൂർത്ത ആയുധം തുളച്ചു കയറിയ അടയാളവുമുണ്ട്. ടോളമിയുടെ കാലത്താണ് ഇവർ ജീവിച്ചിരുന്നിരുന്നതെന്നും ഏകദേശ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 

കല്ലറയ്ക്കു ചുറ്റും പശിമയുള്ള കുമ്മായക്കൂട്ടുണ്ടായിരുന്നെങ്കിലും  കല്ലറയുടെ കിഴക്കുവശത്തായി ഒരു ചെറിയ വിള്ളലുണ്ടായി. അതിലൂടെ ഒലിച്ചിറങ്ങിയ ചുവന്ന ദ്രാവകം മമ്മികളെ ജീർണാവസ്ഥയിലാക്കുകയും ചെയ്തു. കണ്ടെത്തിയ മമ്മികൾക്കെല്ലാം എത്ര പഴക്കമുണ്ടെന്നു തിരിച്ചറിയാനും കംപ്യൂട്ടർ മോഡലിങ്ങിലൂടെ മുഖത്തിന്റെ ആകൃതിയും ഏകദേശ രൂപവും കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ ഗവേഷകർ ആരംഭിച്ചു കഴിഞ്ഞു. അലക്സാണ്ട്രിയ മ്യൂസിയത്തിലേക്ക് മാറ്റുകയാണ് ഈ മൂന്നു മമ്മികളെയും. കല്ലറ കയ്റോയിലെ മിലിട്ടറി മ്യൂസിയത്തിൽ സൂക്ഷിക്കും. അല്‍–കാർമിലി മേഖലയിൽ മറ്റു കല്ലറകളുണ്ടോയെന്ന് സെൻസറുകളുപയോഗിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ്.