ബഹിരാകാശത്ത് ‘ഇന്ത്യ തിളങ്ങുന്നു’, 166 യുഎസ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഐഎസ്ആർഒ

ബഹിരാകാശ സാങ്കേതികത പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലിൽ മുട്ടുന്ന ഇന്ത്യക്കാരന്റെ കാർട്ടൂൺ വരച്ച കക്ഷികളെല്ലാം ഒരുപക്ഷേ ഇപ്പോൾ കണ്ണുതള്ളി അന്തംവിട്ടിരിപ്പുണ്ടായിരിക്കും. ഇന്ത്യയുടെ സ്വന്തം പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി)-സി43 വീണ്ടും വിജയത്തിലേക്കു പറന്നുയർന്നിരിക്കുന്നു. ഐഎസ്ആർഒ ഓരോ തവണയും വൻ നേട്ടങ്ങളുമായി രാജ്യാന്തര മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്.

ഇന്ത്യൻ ബഹിരാകാശ മേഖലയെ പുതിയ കുതിപ്പിന് സഹായിക്കുന്നതാണ് പിഎസ്എൽവി സി43 ന്റെ വിക്ഷേപണം. വ്യാഴാഴ്ച രാവിലെ 9.58നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽനിന്നാണ് എട്ടു രാജ്യങ്ങളുടെ 30 വിദേശ ഉപഗ്രഹങ്ങളുമായി റോക്കറ്റ് വിക്ഷേപിച്ചത്. കൂടെ ഇന്ത്യയുടെ ഹൈസിസ് ഉപഗ്രഹവും വിക്ഷേപിച്ചു.

ഭൂമിയുടെ ഉപരിതലം കൂടുതൽ മികവോടെ പഠിക്കുകയാണ് ഇന്ത്യയുടെ ഹൈപ്പർസ്പെക്ട്രൽ ഇമേജിങ് സാറ്റ്‌ലൈറ്റിന്റെ ലക്ഷ്യം. കൃഷി, വനം, തീരദേശമേഖലകളുടെ നിർണയം, ഉൾനാടൻ ജലാശയങ്ങൾ എന്നിവയ്ക്കും പ്രതിരോധ ആവശ്യങ്ങൾക്കുമാണ് ഹൈസിസ് ഉപയോഗപ്പെടുത്തുക. അഞ്ചു വർഷമാണ് ഹൈസസിന്റെ കാലാവധി.

ഇന്ത്യ വിക്ഷേപിച്ചത് അമേരിക്കയുടെ 166 ഉപഗ്രഹങ്ങൾ

ബഹിരാകാശ മേഖലയിൽ വൻ മുന്നേറ്റം കൈവരിച്ചിട്ടുള്ള അമേരിക്ക ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ പതിവായി ഇന്ത്യയുടെ സഹായം തേടുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ചെലവ് കുറഞ്ഞ ഐഎസിആർഒയുടെ വിക്ഷേപണത്തെയാണ് അമേരിക്കൻ കമ്പനികളെല്ലാം പരിഗണിക്കുന്നത്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം 28 രാജ്യങ്ങളിൽ നിന്നുള്ള 269 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. ഇതിൽ 166 ഉപഗ്രഹങ്ങളും അമേരിക്കയിൽ നിന്നുള്ളതായിരുന്നു. നാസയ്ക്ക് പുറമേ സ്വകാര്യ വിക്ഷേപണ കേന്ദ്രം സ്പെയ്സ് എക്സ് വരെ ഉണ്ടായിട്ടും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ കമ്പനികളും ഏജൻസികളും ഐഎസ്ആർഒയെ പിന്തുടരുന്നത്.

ഇന്ത്യയുടെ സാങ്കേതിക മേഖല അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശ രംഗത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ രാജ്യം കൈവരിച്ചത് വൻ നേട്ടങ്ങളാണ്. രാജ്യാന്തര ബഹിരാകാശ ഏജൻസികൾക്കൊപ്പം ഇന്ത്യയുടെ ഐഎസ്ആർഒയും അതിവേഗം കുതിക്കുകയാണ്. ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചപ്പോൾ ഇന്ത്യ ഞെട്ടിച്ചുവെന്നാണ് അമേരിക്കൻ പത്രങ്ങള്‍ അന്ന് റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ വിഭാഗം നോമിനി ഡാൻ കോട്സാണ് അന്ന് ഇങ്ങനെ പ്രതികരിച്ചത്.

അതെ, ഇന്ത്യ ഈ രംഗത്ത് കൂടുതൽ അദ്ഭുതങ്ങൾ പുറത്തെടുക്കാൻ പോകുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ റെക്കോർഡ് നേട്ടങ്ങൾ. പിഎസ്എൽവി റോക്കറ്റിന് 104 ഉപഗ്രഹങ്ങളല്ല വേണമെങ്കിൽ 400 ഉപഗ്രഹങ്ങൾ വരെ വഹിച്ച് ലക്ഷ്യത്തിലെത്തിക്കാൻ ശേഷിയുണ്ടെന്നാണ് മുൻ ഐഎസ്ആർഒ മേധാവി ജി. മാധവൻനായർ ഒരിക്കൽ പറഞ്ഞത്.

പിഎസ്എൽവിയുടെ ടെക്നോളജിക്ക് ഇതിനുള്ള ശേഷിയുണ്ട്. അവസരം വന്നാൽ 400 നാനോ ഉപഗ്രഹങ്ങൾ വരെ ബഹിരാകാശത്ത് എത്തിക്കാനാകും. ഇതു പുതിയ ടെക്നോളജിയല്ല, ഒരു റോക്കറ്റിൽ 10 ഉപഗ്രഹം വിക്ഷേപിച്ചാണ് നാം (ഐഎസ്ആർഒ) തുടക്കമിട്ടത്. പിന്നെ അത് 18 ആയി, പിന്നീട് 35, ഇപ്പോൾ അത് 100 കടന്നിരിക്കുന്നു. മൂന്നാ നാലോ കിലോഗ്രാം തൂക്കമുള്ള 300 മുതൽ 400 ഉപഗ്രഹങ്ങൾ വരെ വിക്ഷേപിക്കാൻ നിലവിലെ പിഎസ്എൽവി ടെക്നോളജിക്ക് സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. 2015 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 205 ശതമാനം അധികവരുമാനമാണ് ഐഎസ്ആർഒ നേടിയത്. 2014–15 വർഷത്തിൽ 415.4 കോടി രൂപയാണ് ഐഎസ്ആർഒ നേടിയത്. 2013–14 ൽ ഇത് 136 കോടി രൂപയായിരുന്നു.

1999 മെയ് 26ന് കൊറിയയുടെ KITSAT-3 ജർമനിയുടെ DLR-TUBSAT എന്നിവയാണ് ഐഎസ്ആർഒ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപഗ്രഹങ്ങൾ. നമ്മുടെ ഓഷ്യൻസാറ്റ് ഉപഗ്രഹത്തിനൊപ്പം പിഎസ്എൽവി സി2 ആയിരുന്നു ഇവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. തുടർന്നിങ്ങോട്ട് 19 വർഷത്തിനിടെ 23 വിക്ഷേപണങ്ങളിലായി 28 രാജ്യങ്ങളുടെ ബഹിരാകാശ സ്വപനങ്ങൾക്കു ചിറകു നൽകാൻ നമ്മുടെ സ്വന്തം ഐഎസ്ആർഒക്കായി. ഇംഗ്ലണ്ട്, അമേരിക്ക, അർജീരിയ, ഓസ്ട്രിയ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഇന്തൊനേഷ്യ, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, ലക്സംബർഗ്, നെതർലൻഡ്, കൊറിയ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, തുർക്കി, അർജന്റീന എന്നീ രാജ്യങ്ങളാണ് തങ്ങളുടെ ഉപഗ്രഹ വിക്ഷേപണത്തിനായി പലപ്പോഴായി ഇന്ത്യയുടെ സഹായം തേടിയത്. എല്ലാവിക്ഷേപണങ്ങളും ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായി പിഎസ്എൽവി ഉപയോഗിച്ചായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഐഎസ്‌ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് (Antrix Corporation Limited) ആണ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാണിജ്യ ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഐഎസ്ആർഒയുടെ വാണിജ്യാടിസ്‌ഥാനത്തിൽ ഉപഗ്രഹ നിർമാണം, വിക്ഷേപണം, അനുബന്ധ സാമഗ്രികളുടെ നിർമാണം, വിപണനം, ഉപഗ്രഹങ്ങളുപയോഗിച്ചു ശേഖരിക്കുന്ന വിവരങ്ങളുടെ കൈമാറ്റം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയൊക്കെ ആൻട്രിക്സിന്റെ നേതൃത്വത്തിലാണ്. അതിവേഗ ഇന്റർനെറ്റ് സർവീസ്, ഡയറക്‌ട് ടു ഹോം (ഡിടിഎച്ച്) ടിവി സംപ്രേഷണം, റേഡിയോ പ്രക്ഷേപണം, ടെലി മെഡിസിൻ, ടെലി എജ്യുക്കേഷൻ, ദുരന്തനിവാരണ സംവിധാനങ്ങൾ എന്നീ മേഖലകളിലെ സേവന ദാതാക്കൾക്ക് അത്യാവശ്യം വേണ്ട ട്രാൻസ്‌പോണ്ടറുകൾ വാടകയ്ക്കു നൽകിയും ആൻട്രിക്സ് രാജ്യത്തിനു നാലുകാശുണ്ടാക്കിക്കൊടുക്കുന്നു.