ഇത് ചരിത്ര നിമിഷം, ചൊവ്വയിൽ കണ്ടെത്തിയത് ജലം, ഐസ്; ഐസ് ഗർത്തമെന്ന് ഗവേഷകർ

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്‍പ്രസ് ഓർബിറ്റർ പകർത്തിയ ചിത്രമാണ് ഇപ്പോൾ ശാസ്ത്ര ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. നാസയുടെ പേടകങ്ങൾ പകർത്തിയ നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു ചിത്രം ആദ്യമായാണ് ഭൂമിയിലേക്ക് എത്തുന്നത്.

ഐസുകളാൽ മൂടിപ്പുതച്ച് കിടക്കുന്ന വൻ ഗർത്തത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. ഭൂമിക്ക് പുറത്ത് ജലമുണ്ടോ എന്നന്വേഷിക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ ചിത്രം. ചൊവ്വയുടെ ഉത്തര ധ്രുവത്തിൽ 82 കിലോമീറ്റർ വ്യാപ്തിയുള്ള കോറോലെവ് ഗര്‍ത്തത്തിലാണ് മഞ്ഞു കണ്ടെത്തിയിരിക്കുന്നത്. മഞ്ഞു നിറഞ്ഞുകിടക്കുന്ന വലിയ തടാകം പോലെയും തോന്നിക്കുന്നതാണ് ചിത്രം.

ഏകദേശം 200 കിലോമീറ്റർ ആഴത്തിൽ വരെ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ഗർത്തത്തിൽ ആകെ 2200 ക്യുബിക് കിലോമീറ്റർ മഞ്ഞുണ്ടെന്നും ഗവേഷകർ പറയുന്നു. 2003 ലാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ഓർബിറ്റർ ചൊവ്വയെ പഠിക്കാൻ യാത്രതിരിച്ചത്. 15 വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അദ്ഭുതപ്പെടുത്തുന്ന ഈ ചിത്രം അയച്ചിരിക്കുന്നത്.

പേടകത്തിലെ അത്യാധുനിക സ്റ്റീരിയോ ക്യാമറയാണ് ചിത്രം പകര്‍ത്തിയത്. അഞ്ചു ചിത്രങ്ങൾ ചേര്‍ത്താണ് ചിത്രം മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്നത്. റഷ്യൻ ഗേവഷകൻ സെർജി കോറോലേവിന്റെ പേരിലാണ് ഗർത്തം അറിയപ്പെടുന്നത്.

മാർസ് എക്സ്പ്രസ് നേരത്തെ തന്നെ നിരവധി ചൊവ്വാ ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. ചൊവ്വാ ഗ്രഹത്തില്‍ ദ്രാവകരൂപത്തിലുള്ള തടാകം കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവിട്ടതും മാര്‍സ് എക്സ്പ്രസ് ചിത്രങ്ങളാണ്. ചൊവ്വയില്‍ ശീതീകരിച്ച നിലയില്‍ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും ദ്രവ്യാവസ്ഥയില്‍ ജലമുണ്ടെന്ന വിവരം ചൊവ്വയില്‍ ജീവന്‍റെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂലൈ മാസത്തിലെ റിപ്പോർട്ട് പ്രകാരം ചൊവ്വയുടെ ദക്ഷിണമേഖലയിലായാണ് ഇരുപത് കിലോമീറ്ററിലായി പരന്നു കിടക്കുന്ന നിലയില്‍ തടാകം കണ്ടെത്തിയത്. ഉപരിതലത്തില്‍ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം താഴെയായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നതെന്നാണ് അന്ന് ഒരു സംഘം ഇറ്റാലിയന്‍ ശാസ്ത്രജ്ഞർ പറഞ്ഞത്. മാര്‍സ് എക്സ്പ്രസ്സിലെ റഡാര്‍ വഴി നടത്തിയ നിരീക്ഷണത്തിലൂടെയാണ് ചൊവ്വയിലെ തടാകം കണ്ടെത്തിയത്.

2003 മുതല്‍ ചൊവ്വയെ വലംവച്ചു നിരീക്ഷിക്കുന്ന മാര്‍സ് എക്സ്പ്രസ് പേടകത്തിൽ നിരവധി ക്യാമറകളും റഡാറുകളുമുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തിനായി വികസിപ്പിച്ചെടുത്ത മാര്‍സിസ് (മാര്‍സ് അഡ്വാന്‍സ്ഡ് റഡാര്‍ ഫോര്‍ സബ് സര്‍ഫസ് ആന്‍ഡ് ലോണോസ്പിയര്‍ സൗണ്ടിംഗ്) എന്ന റഡാര്‍ സംവിധാനമാണ് പല കണ്ടെത്തലുകളുടെയും പിന്നിൽ പ്രവർത്തിക്കുന്നത്.